വാഷിംഗ്ടണ്‍: നിർദ്ദിഷ്ട ഗാസ സമാധാന പദ്ധതിയിൽ തീരുമാനമെടുക്കാൻ ഹമാസിന് ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. ഹമാസ് ഈ പദ്ധതി അംഗീകരിക്കാൻ വിസമ്മതിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് 2-3 ദിവസങ്ങള്‍ മാത്രമേ ഉള്ളൂവെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. “ഹമാസ് അത് ചെയ്യും അല്ലെങ്കിൽ ചെയ്യില്ല, ഇല്ലെങ്കിൽ അത് അവർക്ക് വളരെ ദോഷകരമായിരിക്കും” എന്ന് ട്രംപ് പറഞ്ഞു.
ഇസ്രായേലിലെയും അറബ് രാജ്യങ്ങളിലെയും നേതാക്കൾ ഈ നിർദ്ദേശം അംഗീകരിച്ച് ഒപ്പുവെച്ചിട്ടുണ്ടെന്നും ഇനി നമ്മൾ ഹമാസിനായി മാത്രമേ കാത്തിരിക്കുന്നുള്ളൂവെന്നും വൈറ്റ് ഹൗസിന് പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിച്ച ട്രംപ് പറഞ്ഞു.
ഈ നിർദ്ദേശത്തിൽ ചർച്ചകൾക്ക് ഇടമുണ്ടോ എന്ന് ചോദിച്ചപ്പോൾ, “ഇല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗാസ സമാധാന കരാറിന്റെ പ്രഖ്യാപനം വന്നത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും 20 പോയിന്റ് ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചത്.
വെടിനിർത്തൽ, യുദ്ധാനന്തര ചട്ടക്കൂട് എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ്താവിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതും ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്നതും കരാറിൽ ഉൾപ്പെടുന്നു. കരാർ പ്രാബല്യത്തിൽ വന്ന് 72 മണിക്കൂറിനുള്ളിൽ ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കും. അതേസമയം, ഇസ്രായേൽ തടവുകാരെയും തടവിലാക്കിയ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ധ്യക്ഷനായ ഒരു സമാധാന ബോർഡും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ഉൾപ്പെടെയുള്ള മറ്റ് ആഗോള വ്യക്തികളും മേൽനോട്ടം വഹിക്കുന്ന ഗാസയുടെ പുനഃസ്ഥാപനത്തിനായുള്ള ഒരു റോഡ് മാപ്പും കരാർ രൂപരേഖയിലുണ്ട്.
