ഫോർട്ട് ലോഡർഡേൽ (ഫ്ളോറിഡ): മലയാളത്തിലെ സുപ്രസിദ്ധ ഗായകരായ ഇമ്മാനുവേൽ ഹെൻറി, റോയ് പുത്തൂർ, മെറിൻ ഗ്രിഗറി, മരിയ കോലാടി എന്നിവർ നയിക്കുന്ന ഗാനശുശ്രുഷ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേലിൽ ഒക്ടോബര്‍ 3 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് മാർത്തോമ ചര്‍ച്ച് ഓഫ് സൗത്ത് ഫ്ലോറിഡ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി മുഖ്യാതിഥിയായിരിക്കും.
കഴിഞ്ഞ വർഷങ്ങളിൽ ഒരു കോടിയിലധികം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് പ്രസിദ്ധിയാര്‍ജിച്ച കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ അധിവസിപ്പിക്കുന്ന തിരുവല്ലയിലെ പ്രമുഖ സ്കൂളിന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കൈരളി സഹായം നല്കി വരുന്നു. ഈ പ്രോഗ്രാമിൽ നിന്ന് ലഭിക്കുന്ന തുകയുടെ നല്ല പങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെച്ചിരിക്കുകയാണെന്ന് പ്രോഗ്രാമിന്റെ കോഓർഡിനേറ്റർ ഡോ. മാമ്മൻ സി ജേക്കബ് പറഞ്ഞു.
ഐഡിയ സ്റ്റാർ സിംഗര്‍ ഫെയിം ഇമ്മാനുവേൽ ഹെൻറി, ചലച്ചിത്ര രംഗത്തെ പ്രശസ്ത പിന്നണി ഗായികയും അവാർഡ് ജേതാവുമായ മെറിൻ ഗ്രിഗറി, ക്രിസ്തീയ ഗാന രംഗത്തെ അനുഗ്രഹീത ഗായകൻ റോയി പുത്തൂർ, പിന്നണി ഗായിക മരിയ കോലാടി എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനശുശ്രുഷയിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു എന്നു കൈരളി പ്രസിഡന്റ് ഡോ. മഞ്ജു സാമുവേൽ അറിയിച്ചു.
യേശുദാസ് ജോർജ്, ജേക്കബ് സാമുവേൽ, ഹരികുമാർ പന്തളം, എബി ജോസഫ് എന്നിവർ നേതൃത്വം നൽകുന്ന വാദ്യോപകരണങ്ങൾ പ്രോഗ്രാമിന് മാറ്റുകൂട്ടും.

