
ഒരു പുരോഹിതന്റെ ജീവിതത്തിലെ അനുഗ്രഹപ്രദമായ ഒരു മംഗള മുഹൂര്‍ത്തമാണ്, തന്റെ വൈദികവൃത്തിയില്‍ അരനൂറ്റാണ്ട് തികയുന്ന സന്ദര്‍ഭം.
ഓരോ വൈദികന്റെയും ജീവിതം ഒരു ദൈവനിയോഗമാണ്. ദൈവം തെളിയിച്ച പാതയിലൂടെ സഞ്ചരിച്ച്, സഭയേയും സമൂഹത്തേയും അര്‍പ്പണബോധത്തോടുകൂടി ആത്മാര്‍ത്ഥമായി സേവിച്ചതിന്റെ സാക്ഷിപത്രമാണ് ഈ സുവര്‍ണ്ണ ജൂബിലി.
തന്റെ ആത്മീയജീവിതത്തില്‍ അത്തരമൊരു നാഴികക്കല്ല് പിന്നിടുകയാണ് വെരി റവ. പൗലോസ് ആദായി കോര്‍-എപ്പിസ്കോപ്പാ.
ദൈവീക പാരമ്പര്യം പേറുന്ന മഹത്തായ ഒരു പുരാതന കുടുംബത്തിലാണ് അച്ചന്റെ ജനനം. മലങ്കര ഓര്‍ത്തഡോക്സ് അങ്കമാലി ഭദ്രാസനത്തിലുള്‍പ്പെട്ട, കടാതി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവകാംഗമായ, ഊന്നുകല്‍ തോലാനി കുന്നേല്‍ കുടുംബത്തിലെ ആദരണീയനായ റ്റി.ജെ. ആദായി അച്ചന്റേയും മറിയാമ്മ ആദായിയുടെയും മകനായി 1947 ഒക്ടോബര്‍ ഒന്നാം തീയതിയായിരുന്നു ബഹുമാനപ്പെട്ട അച്ചന്റെ ജനനം.
മാതാപിതാക്കളുടെയും ഗുരുജനത്തിന്റെയും ശിക്ഷണത്തില്‍, അവരുടെ ഉപദേശങ്ങള്‍ സ്വീകരിച്ച്, എല്ലാവര്ക്കും പ്രിയങ്കരനായി വളര്‍ന്ന ബാലന്റെ പ്രാഥമിക വിദ്യാഭ്യാസം ലിറ്റില്‍ ഫ്ളവര്‍ എല്‍.പി. സ്കൂള്‍ ഊന്നുകല്ലിലും തുടര്‍ന്ന് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹൈസ്കൂളിലുമായിരുന്നു.

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം, കോട്ടയം ഓര്‍ത്തഡോക്സ് വൈദീക സെമിനാരിയില്‍നിന്നും വൈദിക പരിശീലന വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
തുടര്‍ന്ന്, 1966 ജൂണ്‍ 29-ന് വയലിപറമ്പില്‍ അഭിവന്ദ്യ ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയില്‍നിന്നും ശെമ്മാശപട്ടം സ്വീകരിച്ചു.
അങ്ങിനെ തലമുറ തലമുറകളായി കൈമാറി വന്ന ആത്മീയ ദീപം, ബഹുമാനപ്പെട്ട ആദായി അച്ചന്റെ ഭദ്രമായ കൈകളില്‍ എത്തിച്ചേര്‍ന്നു. പാവനമായ ആ പാരമ്പര്യം ഇന്നും കെടാവിളക്കായി അച്ഛന് തന്റെ ഹൃദയത്തോടു ചേര്‍ത്തു പിടിക്കുന്നു.
1975 സെപ്റ്റംബര്‍ 29-ന് മാര്‍ തിയോഫിലീസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിവാഹിതനായ ആദായി അച്ഛന്റെ സഹധര്‍മ്മിണി, തിരുവല്ല മുത്തൂര്‍ കണക്കാട്ട് കുടുംബത്തില്‍ കെ.സി. ഫിലിപ്പിന്റെയും അന്നമ്മ ഫിലിപ്പിന്റെയും മകളായ മേരി ഫിലിപ്പാണ്. അച്ചന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി താങ്ങും തണലുമായി ഒപ്പമുണ്ട്.
തന്റെ ആത്മീയ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കശ്ശീശാ പട്ടം, 1975 ഒക്ടോബര്‍ 9-ന് 28-ാമത്തെ വയസ്സില്‍, അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായില്‍നിന്നും സ്വീകരിച്ചു.
ഏറ്റെടുത്ത ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ സത്യസന്ധമായി സമയബന്ധിതമായി നിര്‍വഹിക്കണമെന്ന് നിര്‍ബന്ധമുള്ള ബഹുമാനപ്പെട്ട ആദായി അച്ചന് പൗരോഹിത്യ പദവി ലഭിച്ച ശേഷം ഓര്‍ത്തഡോക്സ് സഭയുടെ വിവിധ ഇടവകകളിലും പ്രസ്ഥാനങ്ങളിലും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1967 മുതല്‍ 1988 വരെ അഭിവന്ദ്യ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ സെക്രട്ടറി, അങ്കമാലി ഭദ്രാസന മുഖപത്രമായ ‘സഭാചന്ദ്രിക’ ഓഫീസ് മാനേജര്‍, 1975-77 കാലഘട്ടത്തില്‍ കുമളി ചക്കുപള്ളം സെന്റ് തോമസ് ഇടവക വികാരി, തുടര്‍ന്ന് 1977-ല്‍ ബോംബെ ചെമ്പൂര് സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി, 1978-86 വരെ ദാദര്‍ സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരി, തുടര്‍ന്ന് 1986-1988 വരെ അതേ പള്ളിയുടെ വികാരിയായും സേവനമനുഷ്ഠിച്ചു. 1988-ലാണു ബഹുമാനപ്പെട്ട ആദായി അച്ചന് കുടുംബസമേതം അമേരിക്കയിലെത്തുന്നത്.
അമേരിക്കന്‍ ഭദ്രാസനാധിപനായിരുന്ന ആദരണീയനും ഗുരുശ്രേഷ്ഠനുമായ അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയോടൊപ്പം ഭദ്രാസന സെക്രട്ടറിയായി ഏഴുവര്‍ഷവും വനിതാ സമാജം വൈസ് പ്രസിഡണ്ടായി ഒരു ദശാബ്ദക്കാലവും ബഹുമാനപ്പെട്ട ആദായി അച്ചന് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു.
ഇടുക്കി, ബോംബെ, അമേരിക്ക എന്നീ സ്ഥലങ്ങളില്‍ 25 വര്‍ഷവും അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയായി ഏഴുവര്‍ഷവും നല്കിയ മാതൃകാപരമായ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി 2000 സെപ്റ്റംബര്‍ 30-ന് ശനിയാഴ്ച, അമേരിക്കന്‍ ഭദ്രാസനത്തില്‍പ്പെട്ട സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍വെച്ച്, ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനി സഭയുടെ ഉന്നതവും ശ്രേഷ്ഠവുമായ കോര്‍ എപ്പിസ്കോപ്പാ പദവി നല്കി ബഹുമാനപ്പെട്ട ആദായി അച്ചനെ ആദരിച്ചു.
ഇടവക ജനങ്ങളുടെ ക്രിയാത്മകമായ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അച്ചന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാറുണ്ട്. അവരുടെ ചെറുതും വലുതുമായ എല്ലാ ആത്മീയ കാര്യങ്ങളിലും അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യമുണ്ട്.
ഓര്‍ത്തഡോക്സ് സഭയോടും ഭദ്രാസനത്തോടുമുള്ള കൂറും വിശ്വാസവും എക്കാലവും പുലര്‍ത്തി ബഹുമാനപ്പെട്ട ആദായി അച്ചന്, മറ്റു സഹോദരീ സഭകളോടും സാമുദായിക സംഘടനകളോടും സൗഹാര്‍ദ്ദപരമായ ഒരു സമീപനമാണ് സ്വീകരിക്കുന്നത്.
മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ, സത്യസന്ധമായ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ അദ്ദേഹം മടി കാണിക്കാറില്ല.
ഗൗരവമേറിയ വിഷയങ്ങള്‍, തന്റെ സ്വതസിദ്ധമായ നര്‍മ്മശൈലിയില്‍ അവതരിപ്പിച്ചു സഭാംഗങ്ങളുടെ ചിന്താമണ്ഡലത്തിലെത്തിക്കുവാനുള്ള ആദായി അച്ചന്റെ കഴിവ് പ്രശംസനീയമാണ്.
തന്റെ കുടുംബജീവിതത്തില്‍ ദൈവം അനുഗ്രഹിച്ചു നല്കിയ മകന് കെന്‍സ് ആദായി (ഭാര്യ: റാണി, മക്കള്‍: മിറിയം, മീഖായേല്‍, മെറീസാ), മകള്‍ കെസി ആദായി (ഭര്‍ത്താവ്: റവ. ഫാദര്‍ ജോര്‍ജ് ചെറിയാന്, മക്കള്‍: എസ്തേര്‍, ഏലിശുബാ, എപ്രേം) എന്നിവരുടെ സാന്നിദ്ധ്യത്തിലും സാമീപ്യത്തിലും ബഹുമാനപ്പെട്ട ആദായി അച്ഛനും മേരി ആദായി കൊച്ചമ്മയും സന്തുഷ്ടമായ ജീവിതം നയിക്കുന്നു.
തന്നില്‍ അര്‍പ്പിതമായിരിക്കുന്ന വൈദീക പദവിയിലൂടെ, തന്റെ മാതൃകാപരമായ ദൈവികശുശ്രൂഷ ഇനിയും അനേകം നാള് തുടരുവാന്‍ സര്‍വ്വശക്തനായ ദൈവം തമ്പുരാന്, ബഹുമാനപ്പെട്ട പൗലോസ് ആദായി കോര്‍-എപ്പിസ്കോപ്പയെ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
