‘മലയാളം വാനോളം ലാൽസലാം’ : ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹന്‍‌ലാലിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ, മലയാളികളുടെ അഭിമാനമായ സൂപ്പര്‍ സ്റ്റാര്‍ മോഹൻലാലിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് (ഒക്ടോബർ 4) നടന്ന ‘മലയാളം വാനോളം ലാൽ സലാം’ പരിപാടി, പ്രിയപ്പെട്ട നടന് ആദരവ് അർപ്പിക്കാൻ ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്താൽ അലങ്കരിക്കപ്പെട്ടു.

വൈകുന്നേരം 4.30ന് മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കി സാന്ദ്രാ ഷിബു അവതരിപ്പിച്ച മനോഹരമായ സോളോ വയലിൻ പ്രകടനത്തോടെ ആരംഭിച്ച ചടങ്ങ് ആദ്യനിമിഷം മുതൽ ജനമനസ്സുകളെ കീഴടക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കേരള സർക്കാരിന്റെ ആദരസൂചകമായി അദ്ദേഹം മോഹൻലാലിനെ ഉപഹാരം നൽകി ആദരിച്ചു. സരസ്വതി സമ്മാൻ ജേതാവായ പ്രശസ്ത കവി  പ്രഭാവർമ്മ രചിച്ച മംഗളപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിച്ചപ്പോൾ, ഡോ. ലക്ഷ്മി ദാസ് അതിലെ വരികൾ ഹൃദയസ്പർശിയായി ആലപിച്ചു. ഇന്ത്യൻ ചിത്രകലാ രംഗത്തെ വിഖ്യാത പ്രതിഭയായിരുന്ന എം. രാമചന്ദ്രൻ വരച്ച ‘താമരക്കുളത്തിന്റെ ലോകം’ എന്ന ചിത്രം മുഖ്യമന്ത്രി മോഹൻലാലിന് സമ്മാനിച്ചു.

വൻ ജനപങ്കാളിത്തത്തിന് സാക്ഷിയായ പരിപാടിയിൽ പ്രവേശനം പൂർണമായും സൗജന്യമായിരുന്നു. പോലീസിന്റെ കർശനമായ മേൽനോട്ടത്തിൽ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ എല്ലാവർക്കും സുഗമവും സുരക്ഷിതവുമായ അനുഭവം ഉറപ്പാക്കി. ആയിരക്കണക്കിന് ആരാധകർ തിരുവനന്തപുരം നഗരഹൃദയത്തിലുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ ഒഴുകിയെത്തി.

ഉദ്ഘാടന ചടങ്ങിന് ശേഷം മോഹൻലാലിന്റെ അഭിനയ മികവിന് സമർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്‌മണ്യൻ ആശാനും സംഘവും അവതരിപ്പിച്ച ‘തിരനോട്ടം’ വേദിയിൽ അരങ്ങേറി. ഓരോ മുദ്രയും ഭാവവും മോഹൻലാലിന്റെ അവിസ്മരണീയ കഥാപാത്രങ്ങളെ ഓർമിപ്പിച്ച്, കാണികളെ ഒരു മായികലോകത്തേക്ക് ആനയിച്ചു.

വിഖ്യാത നടൻ മധുവും മലയാളത്തിന്റെ വാനമ്പാടിയായ ഗായിക കെ. എസ്. ചിത്രയും വീഡിയോ സന്ദേശത്തിലൂടെ  അഭിനന്ദനങ്ങളറിയിച്ചപ്പോൾ പ്രിയ ഗായകൻ എം. ജി. ശ്രീകുമാർ  മോഹൻലാലിന് ആദരമായി അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ വേദിയിൽ ആലപിച്ചു. അഭിനയത്രി ലക്ഷ്മി ഗോപാലസ്വാമിയും ഗാനമാലപിച്ചു.

മലയാളത്തിന്റെ പ്രിയഗായികമാർ ഒന്നിച്ചെത്തിയ ‘രാഗമോഹന’വും ശ്രദ്ധേയമായി. സുജാത, റിമി ടോമി, ജ്യോത്സ്‌ന, സിത്താര, മഞ്ജരി, സയനോര, മൃദുല, രഞ്ജിനി ജോസ്, രാജലക്ഷ്മി, നന്ദിനി തുടങ്ങിയവർ ആലപിച്ച ഗാനങ്ങളിൽ സ്റ്റേഡിയം ആനന്ദലഹരിയിൽ മുങ്ങി. എന്നാൽ, ഈ സംഗീതവിരുന്നിന്റെ ഹൃദയസ്പന്ദനമായി മാറിയത്. മോഹൻലാൽ തന്നെ വേദിയിൽ ഗാനവിരുന്നുമായി എത്തിയതാണ്.

രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, മന്ത്രി സജി ചെറിയാൻ സ്വാഗതപ്രസംഗം നടത്തി. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ,  ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, എ. എ. റഹിം എം.പി., ആന്റണി രാജു എം.എൽ.എ.,  മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, ജില്ലാ കളക്ടർ അനുകുമാരി, സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ പ്രേംകുമാർ,  സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ മധുപാൽ, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ. മധു, മാനേജിങ് ഡയറക്ടർ പ്രിയദർശൻ പി. എസ്., കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, കെ. മധു,  അഭിനേതാക്കളായ ജഗതി ശ്രീകുമാർ,   അംബിക,  ഇന്ദ്രൻസ്, രഞ്ജിനി, മണിയൻപിള്ള രാജു,  അലൻസിയർ, മാളവിക മോഹൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ സിനിമയിൽ നാല് ദശകങ്ങളിലേറെയായി നീണ്ടു നിൽക്കുന്ന മോഹൻലാലിന്റെ അഭിനയ  സപര്യക്ക് കേരളം ആദരമർപ്പിച്ച സന്ദർഭമായി ‘മലയാളം വാനോളം ലാൽസലാം’ മാറി.

പിആര്‍ഡി, കേരള സര്‍ക്കാര്‍

 

Leave a Comment

More News