2025-ലെ നൊബേൽ സമാധാന സമ്മാന ജേതാവ് ആരായിരിക്കും?: ജോർജ് നെടുവേലിൽ (ഫ്ലോറിഡ)

ഇന്നേക്ക് നാലാം നാളിൽ – ഒക്ടോബർ 10, 2025 -നോർവീജിയൻ നൊബേൽ കമ്മിറ്റി 2025 -ലെ നോബൽ സമാധാന സമ്മാന ജേതാവിനെ പ്രഖ്യാപിച്ചിരിക്കും. ജേതാവിന്/സംഘടനക്ക്, രാജ്യത്തിന് അഭിമാനത്തിൻറെയും ആഹ്‌ളാദത്തിന്റെയും ദിനം. മാസങ്ങളായി ആകാംക്ഷയോടെ കാത്തിരുന്നവർക്ക്‌ ആശ്വസിക്കാനും നിശ്വസിക്കാനുമുള്ള ദിനം.

2025 -ലെ പുരസ്‌ക്കാരം കാംക്ഷിച്ചു് 338 നാമനിർദ്ദേശ പത്രികകൾ ഇതിനോടകം സമർപ്പിക്കപ്പെട്ടതായി കരുതപ്പെടുന്നു. 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെട്ടതാണ് ആ പട്ടിക. പൂർണ്ണമായ അന്തിമ പട്ടിക ഒരു രഹസ്യ രേഖയാണ്. നാമപത്രിക സമർപ്പിക്കുന്നവർക്ക് അവരുടെ ഇഗിതം വെളിപ്പെടുത്തുന്നതിന് തടസ്സമില്ല. ഈ വർഷത്തെ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാനതീയതി 2025 ജനുവരി 31 ആയിരുന്നു. തന്മൂലം, ജൂൺ മാസത്തിൽ, ട്രമ്പിനുവേണ്ടി പാക്കിസ്താന്‍ സമർപ്പിച്ച നാമനിർദ്ദേശവും ജൂലൈ 8-നു സമർപ്പിച്ച ഇസ്രായേലിൻറെ പത്രികയും, കതിരേൽ വെച്ച വളംപൊലെ ആയൊ എന്നു സംശയിക്കണം?

2025 -ലെ നൊബേൽ സമാധാന സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടവരിൽ അമേരിക്കയുടെ അമരം തെളിക്കുന്ന പ്രസിഡണ്ട് ഡൊണാൾഡ് ട്രം‌പ്, അടുത്ത കാലത്ത് കാലം ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പാ, ലോകത്തിലെ കുബേര ചക്രവർത്തിയായ ഇലോൺ മസ്‌ക്, സജീവ സാമൂഹ്യ പ്രവർത്തകയും റഷ്യയിലെ മനുഷ്യാവകാശ കൂട്ടായ്മയുടെ അദ്ധ്യക്ഷയുമായ യൂലിയ നവൽനായ, നേറ്റോയുടെ മുൻതലവനായിരുന്ന ജെൻ സ്റ്റോൾറ്റൻബെർഗ് എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ഡൽഹിയുടെ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിനെ 2025-ലെ നോബേൽ സമാധാന സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തപ്പെട്ടതായി അദ്ദേഹം അവകാശപ്പെടുന്നു. പാക്കിസ്ഥാൻറെ മുൻ പ്രധാന മന്ത്രിയായിരുന്ന, (ഇപ്പോൾ ജയിൽവാസം അനുഭവിക്കുന്ന) ഇമ്രാൻ ഖാൻ 2025-ലെ നോബൽ സമാധാന സമ്മാനത്തിന് നാമനിർദ്ദേശിതനായിട്ടുണ്ട്. ഇസ്രായേൽ-ഗാസാ സംഘർഷത്തിൽ പൊലിഞ്ഞ 1300 -ലധികം പാലസ്റ്റയിൻ പൈതങ്ങളിൽ ഒരാളാണ് കേവലം 6 വയസ്സുകാരിയായ ഹിൻഡ് രാജാബ്‌. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ നിയമ പ്രഫസറായ ഖാലിദ് ബെയ്‌ഡോൻ, രാജാബിനെ ഈ വർഷത്തെ നോബൽ സമാധാന സമ്മാനത്തിന് നാമ നിർദ്ദേശം ചെയ്തിരിക്കുന്നുവെത്രെ! വിവിധ കാരണങ്ങളാൽ വിചിത്രമായ ആ പത്രിക അങ്ങനെ നീണ്ടു പോകുന്നതിൽ അതിശയത്തിന് അവകാശമില്ല!

പ്രസിഡണ്ട് ട്രമ്പിൻറെ നാമനിർദ്ദേശം ഹേതുവായി സമ്മാന ചർച്ചകളുടെ സിരാകേന്ദ്രമായി അമേരിക്ക മാറിയിരിക്കുന്നു!

നൊബേൽ സമാധാന പുരസ്‌ക്കാരത്തിന് പരിഗണിക്കപ്പെടുന്നതിനുള്ള യോഗ്യത നോബൽ കമ്മറ്റി വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹാർദ്ദപരമായ ബന്ധത്തെ മെച്ചപ്പെടുത്താൻ അസാധാരണ താൽപ്പര്യത്തോടെ പരിശ്രമിക്കുക, സമാധാനം നിലനിറുത്താനും പുഷ്ടിപ്പെടുത്താനും ആത്മാർത്ഥമായി യത്നിക്കുക, ആയോധനത്തിനായി തയ്യാറാക്കി നിറുത്തിയിരിക്കുന്ന സൈന്യവ്യൂഹത്തിൽ സാരമായ ചുരുക്കം വരുത്തുക എന്നീ ലോക സമാധാന സംവർദ്ധകമായ കാര്യങ്ങളിൽ സാമാന്യത്തിലധികമായി സംഭാവന ചെയ്‌തെന്നു നോബൽ കമ്മറ്റിക്ക് ഉത്തമ ബോധ്യം ഉണ്ടാക്കുന്നവരാണ് സമാധാന സമ്മാനത്തിന്‌ സാധാരണ പരിഗണിക്കപ്പെടുന്നത്.

ഡൊണാൾഡ് ട്രമ്പിൻറെ പ്രഥമ പ്രസിഡൻസിയിൽതന്നെ നൊബേൽ സമാധാന പുരസ്‌ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ വർദ്ധിത വീര്യത്തോടും താല്പര്യത്തോടുമാണ് ട്രമ്പും പാർശ്വവർത്തികളും വിഷയം കൈകാര്യം ചെയ്യുന്നത്. ഇസ്രായേൽ, പാക്കിസ്ഥാൻ എന്നീ ചെറുരാജ്യങ്ങളും പിൻതുണയുമായി ട്രമ്പിനൊപ്പമുണ്ട്. ഭാരതവും പാക്കിസ്ഥാനുമായി അടുത്തയിടയിൽ നടന്ന ഏറ്റുമുട്ടലുകൾ ലോകസമാധാനത്തിന് ഭീഷണിയാകാതെ അടങ്ങിയത് തൻറെ ഇടപെടൽകൊണ്ടാണെന്ന് ട്രമ്പ് അവകാശപ്പെടുകയുണ്ടായി. ട്രമ്പിൻറെ അവകാശവാദത്തെ ഭാരതം തള്ളിക്കളഞ്ഞതായി അറിയുന്നു. ലോകരാഷ്രങ്ങൾക്കിടയിൽ പൊന്തിവരുന്ന സംഘർഷങ്ങളെ മുളയിലേ നുള്ളിക്കളയാനുള്ള തൻറെ പരിശ്രമങ്ങളെപറ്റിയും അദ്ദേഹം വാചാലനാകുന്നതായി കാണപ്പെടുന്നു. പേരുകേട്ട അമേരിക്കൻ പത്രപ്രവർത്തകനും, ‘Peace, They Say: A History Of Nobel Prize’ എന്ന രചനയുടെ കർത്താവുമായ Jay Nordilinger -ൻറെ അഭിപ്രായത്തിൽ: “Never before has any person campaigned so openly for the prize”.

സമാധാനത്തിനുള്ള 2025 -ലെ നൊബേൽ പുരസ്‌ക്കാരം തനിക്കവകാശപ്പെട്ടാതാണെന്നു സ്ഥാപിക്കാൻ ട്രംപ് ഉയർത്തിക്കാട്ടുന്ന പ്രധാന കാരണങ്ങൾ ശ്രദ്ധിക്കുക. ലോക സമാധാനത്തിന് ഭീഷണിയുയർത്തിയ എഴിൽപരം സംഘർഷങ്ങളെ -യുനൈറ്റഡ്‌ നേഷൻസിന്റെയോ ഏതെങ്കിലും രാഷ്ട്രത്തിന്റേയോ പങ്കാളിത്തമില്ലാതെ – കേവലം തൻറെ മാത്രം ഇടപെടലുകൊണ്ട് നിർജ്ജീവമാക്കിയതായി അദ്ദേഹം അടുത്തയിടയിൽ നടന്ന യു എൻ അസംബ്‌ളിയിൽ അവകാശപ്പെടുകയുണ്ടായി.എന്നാൽ,പല അംഗ രാഷ്ട്രങ്ങളും അദ്ദേഹത്തിന്റെ അവകാശവാദത്തെ ഗൗനിച്ചതേയില്ല. സംഘർഷകലുഷിതമായ ലോകത്തിന് ഒരു സമാധാന ദൂതനായി അദ്ദേഹം സ്വയം ചിത്രീകരിക്കുന്നതിനുപിന്നിൽ പ്രശംസയോടും പുകഴ്ത്തലിനോടും അംഗീകാരത്തോടുമുള്ള അദ്ദേഹത്തിൻറെ അതിയായ അഭിവാഞ്ചയാണെന്ന് പറയുന്ന വിമർശകർ ഏറെയാണ്. മറ്റൊരുകാര്യം, പ്രസിഡണ്ട് ഒബാമാക്ക്‌, ഒന്നാം ഊഴത്തിൻറെ ഒന്നാം വർഷംതന്നെ നൊബേൽ സമാധാന സമ്മാനം ലഭിച്ചത് ട്രംപിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. അക്കാരണത്താൽ, നൊബേൽ സമാധാന സമ്മാനം സ്വായത്തമാക്കുന്ന അഞ്ചാമത്തെ അമേരിക്കൻ പ്രസിഡണ്ട് താനായിരിക്കണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിക്കുന്നു.

രണ്ടാമൂഴത്തിൻറെ തുടക്കത്തിൽത്തന്നെ തുടങ്ങിയ നയവൈകല്യങ്ങളും, സ്ഥിരതയില്ലാത്ത തീരുമാനങ്ങളും അമേരിക്കയിലും അന്താരാഷ്ട്രതലത്തിലും നിലവിലിരുന്ന സമാധാന പ്രക്രിയകളുടെ താളംതെറ്റിച്ചതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. മൂന്നാംകിടലോക രാജ്യങ്ങളിൽ പട്ടിണിയോടും രോഗങ്ങളോടും ജീവൻമരണപോരാട്ടം നടത്തി “ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും”എന്ന അവസ്ഥയിൽ കാലംകഴിക്കുന്ന ജനലക്ഷങ്ങളെ, ട്രമ്പിൻറെ പുതിയ വിദേശനയം, വറചട്ടിയിൽനിന്നും തീക്കുണ്ഡത്തിലേക്കു തള്ളിയിട്ടിരിക്കുന്നതായി വിമർശിക്കപ്പെടുന്നു. യൂക്രയിൻ യുദ്ധവും, ഗാസയിലെ സംഘർഷവും തീർപ്പാക്കുന്നതിൽ വേണ്ടത്ര താല്പര്യം ട്രംപ് കാണിക്കുന്നില്ലെന്ന് അമേരിക്കയിലും അന്താരാഷ്ട്രതലത്തിലും ആക്ഷേപം ശക്തമാണ്. കാനഡ, പാനമാ കനാൽ, ഗ്രീൻ അയലൻഡ് വിഷയങ്ങളിലുള്ള ട്രമ്പിൻറെ താക്കീതുകൾ ലോകസമാധാനത്തിന് വെല്ലുവിളികളാണെന്ന് ചില വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

ട്രമ്പിൻറെ പ്രഥമ ഊഴത്തിലെ “ഒന്നാമത്‌ അമേരിക്ക” (എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ/സാമ്പത്തിക നീക്കങ്ങൾ ആഗോള സാമ്പത്തിക വ്യവസ്ഥക്കും ലോകസമാധാനത്തിനും ഏല്പിച്ച ആഘാതം ആഴമേറിയതാണെന്ന് സാമ്പത്തികവിദഗ്ദ്ധരും രാഷ്ട്രതന്ത്രജ്ഞന്മാരും താക്കീതു നൽകുന്നു.

2024 ജൂണിൽ പ്രസിഡണ്ട് ബൈഡനുമായിനടത്തിയ ഡിബേറ്റിൽ ട്രമ്പ് പ്രസ്താവിച്ചു: “ജനുവരി ഇരുപതിന്‌ അമേരിക്കയുടെ സാരഥ്യം ഏറ്റെടുക്കുന്നതിനു മുൻപുതന്നെ യുക്രെയിൻ യുദ്ധമവസാനിച്ചിരിക്കും”. യുക്രെയിൻ ജനതയ്ക്ക് ആശ്വാസവും പ്രത്യാശയും അരുളുന്നതായിരുന്നു ആ പ്രസ്താവം. യൂക്രെയിൻ യുദ്ധം, മൂന്നാം ലോകമഹായുദ്ധത്തിൻറെ വഴിമരുന്നാകുമോയെന്നു ഭയപ്പെട്ടിരുന്ന യുറോപ്യൻരാജ്യങ്ങൾക്കും ലോകത്തിനു പൊതുവേയുമുള്ള സമാധാന സന്ദശമായിരുന്നു ട്രമ്പ് നൽകിയത്. ട്രമ്പിൻറെ രണ്ടാമൂഴത്തിലേക്കുള്ള വഴി തെളിക്കുന്നതിൽ ആ സന്ദേശം കാര്യമായ പങ്കു വഹിച്ചുവെന്നതിൽ സന്ദേഹമില്ല.

ട്രമ്പ് അധികാരത്തിലെത്തിയിട്ട് ഒൻപതു മാസം കടന്നിരിക്കുന്നു. യുക്രെയിൻ യുദ്ധവിരാമ വിഷയത്തിൽ വഞ്ചി ഇന്നും തിരുനക്കരെത്തന്നെ. ഇതിനിടയിൽ, യുക്രെയിനാണ് യൂദ്ധത്തിന്റെ ആദ്യവെടി പൊട്ടിച്ചെന്ന ആരോപണവും ട്രമ്പ് ഉയർത്തുകയുണ്ടായി. യൂക്രയിൻ കാര്യത്തിൽ ട്രമ്പിനെ നനഞ്ഞ പടക്കമായി ചില വിമർശകർ വീക്ഷിക്കുന്നു. അമേരിക്കൻ യുദ്ധസാമഗ്രഹികൾ വിറ്റഴിക്കാനും, യുദ്ധോപകരണ നിർമ്മാതാക്കളുടെ ചങ്ങാത്തം ഉറപ്പിക്കാനും, അതെ സമയത്തു് ലോക സമാധാനത്തിൻറെ ദൂതനെന്ന പ്രതീതി സൃഷ്ടിക്കാനും ട്രമ്പ് പാടുപെടുന്നതായി മറ്റുചില വിമർശകർ ആരോപിക്കുന്നു! ഇസ്രായേൽ – ഗാസാ സംഘട്ടനങ്ങൾ ഈ നിമിഷം വരെ കെട്ടടങ്ങിയിട്ടില്ല. ഇരുകൂട്ടരുടെയും തടവറകളിൽ ആൾജാമ്യമായി അടക്കപ്പെട്ടവരിൽ ചിലർ ഇന്നും യാതന അനുഭവിക്കുന്നു. ട്രമ്പിൻറെ അറിവോടും അനുവാദത്തോടുമല്ലാതെ ഇസ്രായേൽ ഇറാനെ ആക്രമിക്കാൻ ഇടയില്ലെന്നാണ് നിരീക്ഷകരുടെ നിഗമനം.

ട്രംപ് കൽപിച്ച ഇറാൻ ബോംബാക്രമണം നിരീക്ഷകരുടെ നിഗമനങ്ങൾക്ക് അടിവര ചാർത്തിയിരിക്കുന്നു. ഇസ്രായേൽ ആഗ്രഹിച്ചു; ട്രമ്പ് അനുഗ്രഹിച്ചു. 2024 – ലെ നാഷണൽ ഗാർഡ് സമ്മേളനത്തിൽ ട്രമ്പ് പ്രസ്താവിച്ചു:”ഞാൻ വൈറ്റ് ഹൗസിൽ തിരിച്ചെത്തുമ്പോൾ യുദ്ധക്കൊതിയന്മാരെയും ലാഭേച്ചുക്കളെയും പുറത്താക്കും. ശക്തിയിലൂടെ ലോക സമാധാനം തിരിച്ചു പിടിക്കും”. ഭരണാരംഭ പ്രസംഗവേദിയിൽ തൻ്റെ ലോകസമാധാന അജണ്ട ഊന്നിപ്പറഞ്ഞതിങ്ങനെ: “We will measure our success not only by the battles we will win, but also by the wars we end, and perhaps most importantly, by the wars we never get into”. വായ്‌മൊഴിയുടെ മിഴിവിൻറെ അടിസ്ഥാനത്തിൽ നൊബേൽ സമാധാന സമ്മാനം ലഭിക്കുമെ ങ്കിൽ, അഞ്ചാമതൊരു അമേരിക്കൻ പ്രസിഡണ്ട് നൊബേൽ ലൊറേറ്റ് ആയി വാഴിക്കപ്പെടുന്നതിൻറെ ഗമ ട്രംപിനെ കാത്തിരിക്കുന്നു.

എന്തുസംഭവിച്ചുവെന്നറിയില്ല! ഇറാൻ ബോംബിങ്ങിനുശേഷം പ്രസിഡണ്ട് ട്രമ്പ് സംസാരിക്കുന്നത് യുദ്ധത്തിൻറെ ഭാഷയിലാണ്. ഉപാധിയില്ലാതെ കീഴടങ്ങാൻ ഇറാനോട് ആജ്ഞാപിക്കുന്നു. പരസ്പരം യഥാർത്ഥത്തിൽ യുദ്ധത്തിലല്ലെങ്കിലും മേശക്കു ചുറ്റുമിരുന്നു ചർച്ച ചെയ്യാൻ നിർബന്ധിക്കുന്നു. ഇസ്രായേലിന് പൂർവാധികം സഹായം ലഭ്യമാക്കുന്നു. ഇറാനെ ആക്രമിക്കുന്നതിനായി സൈനിക സഹായം നൽകുന്ന കാര്യവും ട്രമ്പിൻറെ ചിന്തയിലുള്ളതായി പറയപ്പെടുന്നു. അമേരിക്കയുടെ പ്രതിരോധ മന്ത്രാലയത്തെ ട്രമ്പിൻറെ താല്പര്യപ്രകാരം യുദ്ധ മന്ത്രാലയമാക്കി മാറ്റിയതും ഇത്തരുണത്തിൽ പ്രസക്തമാണ്. ഈ നിലയിൽ, ഒരു സമാധാന പ്രേമിയുടെയോ, ഒന്നിപ്പിക്കുന്നവൻറെയോ ഗുണങ്ങൾ ട്രമ്പിൽ കാണപ്പെടുന്നില്ല! അനേക വർഷങ്ങളായി മധ്യപൂർവേഷ്യയിൽ മാധ്യമരംഗത്തു സജീവമായിരുന്ന മേഘൻ സ്റ്റാക്സ് ജൂലൈ 21- ലെ ന്യൂയോർക്ക് ടൈംസിൻറെ അഭിപ്രായ പംക്തിയിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധാര്ഹമാണ്. “പതിറ്റാണ്ടുകളായി അമേരിക്ക പിൻതുടരുന്ന മധ്യപൂർവേഷ്യൻ നയം പരാജയപ്പെട്ടതും, സദാചാരവിരുദ്ധവും പരാജയം വിലക്കുവാങ്ങുന്നതുമാണ്”. “ഗാസായിൽ ആയിരങ്ങൾ മരിച്ചുവീഴുമ്പോൾ അമേരിക്ക കണ്ണടക്കുന്നു. കാശും ആയുധസാമഗ്രഹികളും കണ്ണുമടച്ചുനൽകി ഇസ്രായേലിനെ അക്രമത്തിനു പ്രേരിപ്പിക്കുന്നു. ചുരുക്കത്തിൽ, സമാധാനത്തെപ്പറ്റി വാചാലരാകുക, യുദ്ധത്തെ തീറ്റിപ്പോറ്റുക – ഇതാണ് അമേരിക്കയുടെ മധ്യപൂർവേഷ്യൻ നയത്തിൻറെ കാതൽ”.

തനിക്കു തരമാകുന്ന വേദികളിലെല്ലാം തന്നെ -അമേരിക്കയിലായാലും അന്യരാജ്യങ്ങളിലായാലും – നൊബേൽ സമാധാന സമ്മാനത്തിന് താൻ അർഹനാണെന്നു സ്ഥാപിക്കാൻ ട്രംപ് വെമ്പൽ കൊള്ളുന്നതു കാണാം. നൊബേൽ സമ്മാന ചരിത്രകാരനായ ആസൽ സ്വീൻറെ(Asle Sveen) അഭിപ്രായം ഈ പ്രവ്രുത്തി സമ്മാന ലബ്ധിയെ ദോഷകരമായി ബാധിച്ചേക്കാമെന്നാണ്. ആൽഫ്രഡ്‌ നൊബേലിൻറെ താല്പര്യമനുസരിച്ചു് സമാധാന സമ്മാനം: “must go to the person who has done the most or the best to advance fellowship among the nations”. ഡൊണാൾഡ് ട്രംപ് ചെയ്യാത്തത് അതാണെന്നാണ് നോർവേയിലെ Oslo Peace Research Institute മേധാവിയായ നീന ഗ്രെഗർ (Nina Graeger) വ്യക്തമാക്കുന്നത്. അമേരിക്കയെ ലോക ആരോഗ്യ സംഘടനയിൽ നിന്നും പിൻവലിച്ചതും, പാരീസ് കാലാവസ്ഥാ യോജിപ്പിനോട് വിടപറഞ്ഞതും, വ്യാപാര യുദ്ധത്തിനു തുടക്കമിട്ടതും ഉദാഹരണമായി നീന ചൂണ്ടിക്കാണിക്കുന്നു. പ്രാമാണികനായ ഒരു പട്ടാള ചരിതകാരനാണ് ഹൊസെ അന്തോണിയോ കസ്റ്റോഡ്രോ. തൻറെ പരിശ്രമങ്ങളെയും നേട്ടങ്ങളെയും ഊതിവീർപ്പിച്ചു കാണിക്കുന്നതും, അനന്യ സാധാരണമെന്നും, ചരിത്രം കണ്ടിട്ടില്ലാത്തതെന്നും മറ്റുമുള്ള ട്രംപിന്റെ അവകാശവാദങ്ങളും പലപ്പോഴും തിരിച്ചടിക്കുന്നതായി കസ്റ്റോഡ്രോ നിരീക്ഷിക്കുന്നു. യൂക്രയിൻ കാര്യത്തിലതാണത്രെ സംഭവിച്ചത്! ഇറാനും ഇസ്രായേലും വെടിനിറുത്തലിനു ധാരണയായെന്നു പറഞ്ഞു മണിക്കൂറുകൾക്കുള്ളിൽ ഇരുകൂട്ടരും അത് ലംഘിക്കുന്നതാണ് ലോകം കണ്ടത്. ദിവസങ്ങൾക്കു മുൻപ് ഗാസയിലെ സമാധാനത്തിനുവേണ്ടി ട്രംപ് പ്രഖ്യാപിച്ച ഇരുപതിന രൂപരേഖ നൊബേൽ സമാധാന സമ്മാന സമ്പാദനത്തിന് സഹായകമാകില്ലെന്നാണ് പണ്ഡിതമതം. “വളരെ താമസിച്ചുപോയി, വളരെ അവ്യക്തമാണ്, പാളിപ്പോകാനുള്ള സാധ്യത ഏറെയാണ്”എന്നൊക്കയാണ് പറയപ്പെടുന്നത്. വിശദശാംശങ്ങളില്ലാത്ത ഒരു നടപടി എങ്ങനെ വിജയിക്കും?

ക്രാന്തദർശിയായായ കവി? കല്പിച്ചിരിക്കുന്നത്: “അരചനെ കെടുത്തൊന്നും പറഞ്ഞീടൊല്ല, അറിവുള്ള ജനം ചൊന്നാൽ എതിർവാക്കു പറകൊല്ല” എന്നാണല്ലോ! ട്രംപിന് 2025-ലെ നൊബേൽ സമാധാന സമ്മാനം ലഭിക്കുമെന്നോ ഇല്ലെന്നോ പ്രവചിക്കാൻ ഞാൻ ആളല്ല. ഇക്കാര്യത്തിൽ കാര്യമായ വിവരവും പരിചയവുമുള്ള പലരെയും നാം കേട്ട് കഴിഞ്ഞു. അവരോട് എതിർവാക്കു പറയാൻ ഞാനില്ല. ആരംഭത്തിൽ സൂചിപ്പിച്ചപോലെ നാലു നാളുകൾക്കുള്ളിൽ നമ്മുടെ ആകാംക്ഷക്ക് അറുതിയാകും. ക്ഷമയോടെ കാത്തിരിക്കാം!

മനസു മന്ത്രിക്കുന്നത്: തമിഴകത്തിൻറെ എം.ജി.ആർ എന്നപോലെ “നിനപ്പതു നടപ്പവൻ” ആണല്ലോ ഡൊണാൾഡ് ട്രംപ്. നൊബേൽ സമ്മാനക്കമ്മറ്റി കടാക്ഷിച്ചില്ലെങ്കിൽ, മാഗാ മഹാജനത്തിൻറെ കൂട്ടുപിടിച്ചു് ഒരു ബദൽ (ട്രംപ് സമാധാന സമ്മാനം) സമ്മാനത്തിന് ട്രംപ് തുനിഞ്ഞേക്കാം-പ്രഥമ പുരസ്ക്കാരം തനിക്കെന്ന പ്രഖ്യാപനത്തോടേ!

Leave a Comment

More News