എടത്വ : തലവടി കുന്തിരിക്കൽ വാലയിൽ ക്ഷീര കർഷകൻ വി.ഇ. ഈപ്പന്റെ പശുക്കിടാവിനെ നായ കടിച്ചു കൊന്നു. അയൽവാസി അനധികൃതമായി വളർത്തുന്ന നായ്ക്കൾ ആണ് കടിച്ചത്. വി. ഇ ഈപ്പൻ നല്‍കിയ പരാതിയെ തുടര്‍ന്ന് എടത്വ പോലീസ് സ്ഥലത്തെത്തി.
ചില ആഴ്ചകൾക്ക് മുമ്പ് നായ് കുറുകെ ചാടി സ്കൂട്ടർ യാത്രക്കാരനായ വാലയിൽ സാം മാത്യു അപകടത്തിൽപെട്ട് പരുക്കേറ്റ് ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. എടത്വ കളങ്ങര പെയിന്റ് ഹൗസിലെ ജീവനക്കാരനും സമാനരീതിയിൽ അപകടത്തിൽപെട്ടിരുന്നു.
എടത്വ പാലത്തിനടിവശം, കെഎസ്ആർടിസി ഡിപ്പോ എന്നിവിടങ്ങൾ നായ്ക്കളുടെ താവളമാണ്. ബസിൽ കയറാൻ എത്തുന്ന യാത്രക്കാരെ നായ് കടിച്ച സംഭവം ഉൾപ്പെടെ ഉണ്ടായിട്ടുണ്ട്. റോഡിന്റെ വശങ്ങളിലും തുറസായ സ്ഥലത്തും മാലിന്യം നിക്ഷേപിക്കുന്നതിനാൽ നായ്ക്കൾക്ക് ഭക്ഷണത്തിന് ക്ഷാമമില്ല.
എടത്വയിലും, തലവടിയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം ആയ സാഹചര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എടത്വാ വികസന സമതി സമരങ്ങൾ സംഘടിപ്പിച്ചിരുന്നു.
