ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: അയ്യപ്പ ഭക്തരൊഴുക്കിയ കണ്ണുനീര്‍ വൃഥാവിലയായില്ലെന്ന് ഇപ്പോള്‍ ബോധ്യമായെന്ന് കെ പി ശശികല

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദം അയ്യപ്പ ഭക്തരുടെ കണ്ണീരിനുള്ള പ്രതികാരമാണെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ പറഞ്ഞു. അഖില കേരള തന്ത്രി മണ്ഡലം തിരുവനന്തപുരം ജില്ലാ മണ്ഡലത്തിന്റെ പതിനൊന്നാമത് ജില്ലാ വാർഷിക സമ്മേളനവും ആചാര്യ കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. 2018-19 കാലയളവിൽ അയ്യപ്പ ഭക്തര്‍ ഒഴുക്കിയ കണ്ണുനീര്‍ വെറുതെയായില്ലെന്ന് തുടർച്ചയായ വിവാദങ്ങൾ തന്നെ വിശ്വസിപ്പിച്ചെന്നും ശശികല ടീച്ചർ വ്യക്തമാക്കി.

ശബരിമലയിലെ കള്ളക്കളി പുറത്തുവരുമെന്ന ഭയം കാരണം ദേവസ്വം ബോർഡ് ഹിന്ദു സംഘടനകളെ ശബരിമലയിലേക്ക് അടുപ്പിച്ചിട്ടില്ല. പരസ്യമായി പറയാൻ കഴിയാത്ത പല കാര്യങ്ങളും ശബരിമലയിൽ നടക്കുന്നുണ്ടെന്ന് മുൻ മേല്‍‌ശാന്തി എന്നോട് വെളിപ്പെടുത്തിയിരുന്നു. ദേവസ്വം ഉദ്യോഗസ്ഥർ പല പേരുകളിൽ വൗച്ചറുകൾ ഒപ്പിട്ട് പണം മുഴുവൻ കൈക്കലാക്കുന്നുണ്ടെന്നും, അനീതി കണ്ടാൽ എതിർക്കുന്നവരെ ദേവസ്വം ബോര്‍ഡ് അകറ്റി നിർത്തുന്നുണ്ടെന്നും ശശികല ടീച്ചർ പരാമർശിച്ചു.

ക്ഷേത്രകാര്യങ്ങൾ കെട്ടുകഥയാണെന്ന് പറയുന്നവരെയല്ല, സ്വത്തായി കാണുന്നവരെയാണ് ഏൽപ്പിക്കേണ്ടതെന്ന് ശശികല ടീച്ചർ പറഞ്ഞു. ദേവസ്വം ബോർഡ് ഒരു കൂട്ടം കള്ളന്മാരുടെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തവേ പറഞ്ഞു. അഖില കേരള തന്ത്രി മണ്ഡലം ജില്ലാ പ്രസിഡന്റ് വാഴയിൽ മഠം എസ് വിഷ്ണു നമ്പൂതിരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ശശികല ടീച്ചറെ ശ്രീ ശബരീശ പുരസ്‌കാരം നൽകി ആദരിച്ചു.

Leave a Comment

More News