ഭൂട്ടാൻ കാർ കള്ളക്കടത്ത്: മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വീടുകളിൽ ഇ.ഡിയുടെ മിന്നൽ പരിശോധന

കൊച്ചി: ഭൂട്ടാൻ കാർ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മിന്നൽ പരിശോധന നടത്തുന്നു. 17 സ്ഥലങ്ങളിലാണ് പരിശോധന. കസ്റ്റംസ് നടത്തിയ പരിശോധനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇഡി റെയ്ഡ് നടത്തുന്നത്. ഭൂട്ടാൻ/നേപ്പാൾ റൂട്ടുകളിലൂടെ ഇന്ത്യയിലേക്ക് ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകൾ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്ത് രജിസ്റ്റർ ചെയ്തതിൽ ഉൾപ്പെട്ട ഒരു സംഘത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്ന് ഇഡി അറിയിച്ചു.

മമ്മൂട്ടിയുടെ പഴയ വീടായ ‘മമ്മൂട്ടി ഹൗസ്’, മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ദുൽഖർ ഇവിടെയാണ് താമസിക്കുന്നത്. നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കൽ, വിദേശ വ്യവസായി വിജേഷ് വർഗീസ്, വാഹന ഡീലർമാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിൽ റെയ്ഡ് പുരോഗമിക്കുന്നു.

ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി ദുൽഖർ സൽമാന്റെ വാഹനങ്ങൾ വിട്ടുകൊടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി കസ്റ്റംസിനോട് നിർദ്ദേശിച്ചിരുന്നു. വാഹനം വിട്ടുനൽകണമെന്ന നടന്റെ അപേക്ഷയിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തെളിവില്ലാതെ വ്യക്തികൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും ഹൈക്കോടതി കസ്റ്റംസിനോട് പറഞ്ഞിരുന്നു.

Leave a Comment

More News