കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ വെള്ളിയാഴ്ച വൈകുന്നേരം യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ലാത്തിച്ചാർജ് നടത്തിയതിനെത്തുടര്‍ന്ന് എംപി ഷാഫി പറമ്പിലിന് പരിക്കേറ്റു. അദ്ദേഹത്തെ നഗരത്തിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുഡിഎഫ് പ്രവർത്തകർ രാത്രിയിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ശനിയാഴ്ച സംസ്ഥാനത്തെ ബ്ലോക്ക് തലത്തിൽ പ്രത്യേക പ്രതിഷേധങ്ങൾ നടക്കും.
പേരാമ്പ്രയിലെ സികെജി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഈ സംഭവം. യൂണിയനിലെ ആറ് സീറ്റുകളിൽ അഞ്ച് സീറ്റുകൾ നേടി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ, ചെയർമാൻ സ്ഥാനം യുഡിഎസ്എഫിന് നഷ്ടപ്പെട്ടു.
ഡിസിസി പ്രസിഡൻ്റ് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ ഉൾപ്പെടെ നിരവധി യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും ലാത്തിചാർജിലും ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റതായാണ് റിപ്പോർട്ട്.
പേരാമ്പ്രയിലെ പ്രധാന കലാലയമായ ചെമ്പനോട ഹെൻറി ബേക്കൽ മെമ്മോറിയൽ കോളജിലെ (എച്ച്ബിഎം കോളജ്) യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കാമ്പസിലും പുറത്തും എസ്‌എഫ്ഐ, കെഎസ്‌യു പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയേറ്റവും നടന്നിരുന്നു. ഇതിനെത്തുടർന്ന് ഇരുപാർട്ടികളും ശക്തിപ്രകടനത്തിനായി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് വഴിതെളിച്ചത്.
സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചു. ഹർത്താലിനിടെ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫിസിൽ കയറി ഓഫിസ് അടക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റും യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. വൈകുന്നേരം ഇരുവിഭാഗങ്ങളും പേരാമ്പ്രയിൽ മാർച്ച് നടത്തിയതിനിടെ വീണ്ടും സംഘർഷമുണ്ടായി. സിപിഎം പ്രതിഷേധം കഴിഞ്ഞയുടനെ ബസ് സ്റ്റാൻഡിൻ്റെ ഇരുവശത്തുവച്ച് യുഡിഎഫ് പ്രകടനം പൊലീസ് തടഞ്ഞതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
രണ്ടു ഭാഗത്തുള്ളവരും മുദ്രാവാക്യം വിളിക്കുകയും കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരിക്കുകയും ചെയ്തു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ് നടത്തുകയും ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്തതോടെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഈ ലാത്തിചാർജിനിടെ ഉണ്ടായ ഉന്തിലും തള്ളിലുമാണ് ഷാഫി പറമ്പിൽ എംപിക്ക് മൂക്കിനും കൈക്കും തലയ്ക്കും പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. ഗ്രനേഡ് പൊട്ടി ഡി വൈ എസ് പി ഹരി പ്രസാദിൻ്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്.
സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപി, ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ എന്നിവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ശബരിമലയിലെ സ്വർണക്കൊള്ള മറയ്ക്കാനാണ് പൊലീസും സർക്കാരും ഇത്തരം ആക്രമണങ്ങൾ അഴിച്ചുവിടുന്നതെന്ന് ആശുപത്രിയിലെത്തിയ ഷാഫി പറമ്പിൽ ആരോപിച്ചു. ഈ ചോര കൊണ്ട് കൊള്ള മറയ്ക്കാമെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ അത് തെറ്റിപ്പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ച തങ്ങൾക്കെതിരെ യാതൊരു പ്രകോപനവുമില്ലാതെയാണ് കണ്ണീർവാതകം പ്രയോഗിച്ചതെന്നും, പൊലീസ് ഏകപക്ഷീയമായി കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിചാർജ് നടത്തുകയായിരുന്നുവെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
പേരാമ്പ്രയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ പൊലീസ് വലിയ തോതിൽ നിലയുറപ്പിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് റൂറൽ എസ്‌പി യുടെ നേതൃത്വത്തിൽ പൊലീസ് ഉന്നത ഓഫിസർമാർ പേരാമ്പ്രയിൽ കാമ്പ് ചെയ്യുകയും ഇരുവിഭാഗം നേതാക്കളുമായും സമാധാന ചർച്ചകൾക്ക് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ച പൊലീസ്, സംഭവവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.
