ഭരണാധികാരികൾക്കും ഭരിക്കപ്പെടുന്നവർക്കും മാനസികാരോഗ്യ പരിശോധന അനിവാര്യം: പ്രശാന്ത് നായര്‍ ഐ‌എ‌എസ്

തിരുവനന്തപുരം: ലോക മാനസികാരോഗ്യ ദിനത്തിൽ ഒരു സുപ്രധാന സംഭാഷണത്തിന് തുടക്കമിട്ടുകൊണ്ട് ഐഎഎസ് ഓഫീസർ പ്രശാന്ത് നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഡോക്ടർമാർ, അധ്യാപകർ, തൊഴിലാളികൾ മുതൽ രാഷ്ട്രീയക്കാർ, ജഡ്ജിമാർ, മന്ത്രിമാർ വരെ ആരെയും വെറുതെ വിടുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അധികാരത്തിലിരിക്കുന്നവരുടെയും അവരുടെ ഭരണത്തിൻ കീഴിൽ ജീവിക്കുന്ന പൗരന്മാരുടെയും മാനസിക ക്ഷേമത്തിന് തുല്യ ശ്രദ്ധ നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സിവിൽ സർവീസസ് പരീക്ഷയ്ക്ക് മനഃശാസ്ത്രം ഒരു ഓപ്ഷണൽ വിഷയമായി പഠിച്ച ഉദ്യോഗസ്ഥൻ, ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും നേരിടുന്ന വലിയ, പലപ്പോഴും മറഞ്ഞിരിക്കുന്ന സമ്മർദ്ദം എടുത്തുകാണിച്ചു. അനന്തമായ ജോലി സമയം, പൊതു സൂക്ഷ്മപരിശോധന, ധാർമ്മിക പ്രതിസന്ധികൾ, തെറ്റില്ലാത്തതിന്റെ ഒരു പ്രതിച്ഛായ നിലനിർത്താനുള്ള സമ്മർദ്ദം എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രശാന്ത് നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ലോക മാനസികാരോഗ്യ ദിനം: ഭരിക്കുന്നവർക്കും, ദുരിതമനുഭവിക്കുന്നവർക്കും

ഡോക്ടർ, ടീച്ചർ, എഞ്ചിനിയർ, ഒട്ടോ ഡ്രൈവർ, ചുമട്ട് തൊഴിലാളി, അദ്ധ്യാപകൻ, നടൻ, വീട്ടമ്മ, വക്കീൽ, ജഡ്ജി, മാധ്യമ പ്രവർത്തകൻ, രാഷ്ട്രീയ നേതാവ്, ഉദ്യോഗസ്ഥൻ, മന്ത്രി, തന്ത്രി – ആർക്കും മാനസിക പ്രശ്നങ്ങൾ വരാം. മറ്റേത് രോഗത്തെ പോലെ ഇതും ചികിത്സിക്കപ്പെടണം. ഈ ലോക മാനസികാരോഗ്യ ദിനത്തിൽ, നമുക്ക് ഭരണത്തിലിരിക്കുന്നവരിലേക്കും അവരുടെ കീഴിൽ ജീവിക്കുന്നവരിലേക്കും ഒരേപോലെ ശ്രദ്ധ തിരിക്കാം.

അഡ്മിനിസ്ട്രേറ്റർമാരും രാഷ്ട്രീയ നേതാക്കളും കടുത്ത സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നത്—അനന്തമായ ജോലി സമയം, പൊതുജനത്തിന്റെ വിമർശനം, ധാർമ്മികമായ പ്രതിസന്ധികൾ, രാഷ്ട്രീയ അനിശ്ചിതത്വം എന്നിവയെല്ലാം അവർക്ക് നേരിടേണ്ടിവരുന്നു. കൂടാതെ ഒരു തെറ്റും പറ്റാത്തവരായി അഭിനയിക്കണം. അധികാരത്തിൽ ഏറേക്കാലം കഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ വേറെ.

ഉദ്യോഗസ്ഥർക്ക് വർഷാവർഷമുള്ള ശാരീരിക പരിശോധനകൾ നിർബന്ധമാണെങ്കിലും മാനസികാരോഗ്യ പരിശോധനകൾ ഒന്നും തന്നെ ഇല്ല. കൃത്യമായ കൗൺസിലിങ്ങോ, സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള നടപടികളോ, മാനസിക പിന്തുണയ്ക്കുള്ള സംവിധാനങ്ങളോ ഇവിടെയില്ല. കടുത്ത രോഗമുള്ളവർക്ക് വേണ്ട പരിചരണം ഒന്നും തന്നെ ഇല്ല. ഒളിച്ച് വെക്കാനാണ് ഏവർക്കും താത്പര്യം.

ഇത് ആരെയും കുറ്റപ്പെടുത്താനല്ല—ഒരു തിരുത്തലിന് വേണ്ടിയാണ്. ഏറ്റവും കഴിവുള്ള നേതാക്കൾക്ക് പോലും കടുത്ത മാനസിക സമ്മർദ്ദം (Burnout), ഉത്കണ്ഠ, പ്രായാധിക്യം കൊണ്ടുള്ള മാനസിക പ്രശ്നങ്ങൾ, അല്ലെങ്കിൽ വൈകാരികമായ തളർച്ച എന്നിവയുണ്ടാകാം. ഇത് തിരിച്ചറിയാതെ പോകുമ്പോൾ, തീരുമാനങ്ങളുടെ താളം തെറ്റുകയും, മറ്റുള്ളവരോടുള്ള അനുകമ്പ നഷ്ടമാവുകയും, അതിന്റെ ഭാരം സിസ്റ്റം ഏറ്റെടുക്കേണ്ടിവരുകയും ചെയ്യും.

പണ്ട് സിവിൽ സർവീസ് പരീക്ഷക്ക് ഐച്ഛിക വിഷയമായി ഞാൻ പഠിച്ചത് സൈക്കോളജി ആയിരുന്നു. അന്ന് പഠിച്ച അബ്നോർമൽ സൈക്കോളജിയിലെ ടെക്സ്റ്റ് ബുക്ക് കേസുകളെ പലരെയും പിന്നീട് സർക്കാരിൽ കാണാനായിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ സ്റ്റാഫിന് ഇവരെയൊക്കെ കൃത്യമായി അറിയാമെങ്കിലും ആങ്ങാടിപ്പാട്ട് അരമന രഹസ്യമായി വെക്കാറാണ് പതിവ്. അധികാര ശ്രേണിയിൽ മുകളിലിരിക്കുന്നവർക്ക് ലഭിക്കേണ്ട ചികിത്സയും കരുതലും അധികാരം തന്നെയാണ് ഇല്ലാതാക്കുന്നത് എന്നതാണ് വിരോധാഭാസം. ആര് ആരോട് പറയും?

ഈ അദൃശ്യമായ പ്രശ്നത്തിന്റെ ദുരന്തഫലം അനുഭവിക്കുന്നവരുണ്ട്—അധികാരത്തിലിരിക്കുന്നവരുടെ അനാരോഗ്യകരമായ മനസ്സിന്റെ അലകൾ ഏൽക്കേണ്ടിവരുന്ന സാധാരണക്കാർ, കിഴുദ്യോഗസ്ഥർ, കുടുംബങ്ങൾ എന്നിവർ. ഒരു കടുപ്പിച്ച വാക്ക്, ആലോചനയില്ലാത്ത ഒരു നയം, നീതിയില്ലാത്ത ഒരു സ്ഥലം മാറ്റം, ഉപദ്രവം, അല്ലെങ്കിൽ തീരുമാനം വൈകുന്നത്—ഇതിനെല്ലാം വലിയ മനുഷ്യവില നൽകേണ്ടി വരും. ഇതിന്റെ ഗൗരവം എത്ര പേർ മനസ്സിലാക്കും എന്നറിയില്ല.

നമുക്ക് കരുണയും ദീർഘവീക്ഷണവുമുള്ള ഒരു ഭരണസംവിധാനം വേണമെങ്കിൽ, ഭരിക്കുന്നവരുടെ ആന്തരിക ലോകത്തെ നന്നായി പരിപാലിക്കണം. അതിരുവിട്ട ക്രൂരത, പശ്ചാത്തപം ഇല്ലാതെ തെറ്റ് ചെയാനുളള പ്രവണത, അതിരുവിട്ട ലൈംഗിക ആസക്തി, ധനത്തിനോടും അധികാരത്തിനോടുമുള്ള അമിത ആസക്തി, സ്വന്തം കാര്യം മാത്രം നോക്കുന്ന അതിരുവിട്ട സ്വാർഥത, എതിർപ്പ് തോന്നുന്നവരെ ഇല്ലായ്മ ചെയ്യൽ, കള്ളം പറയാനുളള പ്രവണത, കരുണ ഇല്ലായ്മ – എല്ലാം രോഗ ലക്ഷണങ്ങൾ തന്നെയാണ്.

സമയബന്ധിതമായ വിലയിരുത്തലുകൾ, കൗൺസിലിംഗ് സൗകര്യങ്ങൾ, കാര്യക്ഷമതയ്ക്ക് എത്രത്തോളം മൂല്യം കൽപ്പിക്കുന്നുവോ അത്രത്തോളം വൈകാരിക സന്തുലിതാവസ്ഥയ്ക്കും പ്രാധാന്യം നൽകുന്ന ഒരു സംസ്കാരം—ഇവയെല്ലാം പൊതുസേവനത്തിന്റെ അവിഭാജ്യ ഘടകമായി (DNA) മാറണം.

നേതൃത്വം ആരംഭിക്കുന്നത് ആത്മബോധത്തോടെയാണ്, അധികാരത്തിലിരിക്കുന്നവർക്കും പിന്തുണ ആവശ്യമുണ്ട്. ഏവർക്കും മാനസികാരോഗ്യം നേരുന്നു.
– പ്രശാന്ത്

Leave a Comment

More News