‘യുറാനസ് സ്റ്റാർ’ കുപ്പിവെള്ളം യുഎഇ നിരോധിച്ചു; മുന്നറിയിപ്പ് നൽകി മന്ത്രാലയം

ദുബായ്: യുഎഇ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoCCAE) ‘യുറാനസ് സ്റ്റാർ’ ബ്രാൻഡിലുള്ള കുപ്പിവെള്ളം നിരോധിച്ചു. രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനോ വിൽക്കുന്നതിനോ ഈ വെള്ളം അനുവദനീയമല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

ഇറക്കുമതി ചെയ്യുന്നതിനോ വ്യാപാരം ചെയ്യുന്നതിനോ ബ്രാൻഡിന് ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്നും രാജ്യത്തെ പ്രധാന റീട്ടെയിൽ സ്റ്റോറുകളിൽ ഉൽപ്പന്നം ലഭ്യമല്ലെന്നും കണ്ടെത്തിയിട്ടുണ്ടെന്നും MoCCAE അറിയിച്ചു. അയൽരാജ്യമായ കുവൈറ്റിൽ ബ്രാൻഡിന്റെ വെള്ളത്തിൽ ദോഷകരമായ വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്ന്, മന്ത്രാലയത്തിന്റെ തുടർച്ചയായ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായാണ് ഈ നീക്കം.

മന്ത്രാലയം ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും എല്ലാ പ്രാദേശിക ഭക്ഷ്യസുരക്ഷാ അധികാരികളുമായി ഏകോപിപ്പിച്ച് പരിശോധനയും നിയന്ത്രണവും വേഗത്തിലാക്കുകയും ചെയ്തു. യുറാനസ് സ്റ്റാർ ബ്രാൻഡിന്റെ ഒരു ഇറക്കുമതിയും രാജ്യത്തേക്ക് അനുവദിക്കുന്നില്ലെന്ന് മന്ത്രാലയം ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ ബ്രാൻഡിന്റെ എല്ലാ ഉൽപ്പന്നങ്ങളും നശിപ്പിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് മന്ത്രാലയം പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്ത് വിൽക്കുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും സുരക്ഷിതവും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണെന്ന് ഉറപ്പാക്കാൻ അതിന്റെ സംയോജിത നിയന്ത്രണ സംവിധാനം സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Comment

More News