തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി എന്നീ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൂർണ്ണമായും പിൻവാങ്ങാനും വടക്കുകിഴക്കൻ കാലവർഷം ഉടൻ എത്താനും സാധ്യതയുണ്ട്.
യെല്ലോ അലേർട്ട്
16/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം
17/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ
18/2025:/2025 ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
19/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്
ഈ ജില്ലകളില് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിനുള്ളിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ IMD നിർവചിച്ചിരിക്കുന്നത് കനത്ത മഴയെ (ISOL H) എന്നാണ്. ഇടിയുടെ അകമ്പടിയോടെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്.
കോയമ്പത്തൂർ, നീലഗിരി, തേനി, മധുര, തിരുനെൽവേലി ജില്ലകൾ ഉൾപ്പെടെയുള്ള ഉൾനാടൻ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴ ഉണ്ടായി. കന്യാകുമാരി, തൂത്തുക്കുടി, രാമനാഥപുരം, തിരുനെൽവേലി, കോയമ്പത്തൂർ, നീലഗിരി, ദിണ്ടിഗൽ, തേനി, വിരുദുനഗർ എന്നിവയുൾപ്പെടെ ഏകദേശം പതിമൂന്ന് ജില്ലകളിൽ ഐഎംഡി ഓറഞ്ച് അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ശക്തമായ മഴയും വെള്ളപ്പൊക്ക സാധ്യതയും സൂചിപ്പിക്കുന്ന ചില ഉൾനാടൻ പ്രദേശങ്ങളിൽ യെല്ലോ അലേർട്ടുകളും പ്രഖ്യാപിച്ചു. ചെന്നൈയിൽ, അണ്ണാനഗർ, വില്ലിവാക്കം, പാഡി, എഗ്മോർ, പെരമ്പൂർ, ആവഡി എന്നിവയുൾപ്പെടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ പെയ്തു. നിരവധി പ്രദേശങ്ങൾ വെള്ള കെട്ടിലായതോടെ ജനങ്ങൾ വലഞ്ഞു.
തുടരെ മഴ പെയ്യുന്ന സാഹചര്യത്തിൽ ജലസംഭരണികളിലെ ജലനിരപ്പ് അധികൃതർ നിരീക്ഷിക്കുകയും പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. പ്രത്യേകിച്ച് തീരദേശ ജില്ലകളിൽ ജാഗ്രത പാലിക്കാനും മുന്നറിയിപ്പുണ്ട്.
തെക്ക് ഭാഗത്ത് കനത്ത മഴയും വടക്ക് ഭാഗത്ത് തെളിഞ്ഞ ആകാശവും കാലാനുസൃതമായ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നു. തമിഴ്നാടും സമീപ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും വടക്കുകിഴക്കൻ മൺസൂണിനായി തയാറെടുക്കുമ്പോൾ, രാജ്യത്തിൻ്റെ ബാക്കി സംസഥാനങ്ങൾ സ്ഥിരമായ മൺസൂൺ ശേഷമുള്ള അവസ്ഥയിലേക്ക് നീങ്ങാനും സാധ്യത. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ മാറാനും മറ്റ് ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ്:
- ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം.
- നദീതീരങ്ങളിലും അണക്കെട്ടുകളുടെ താഴ്വരകളിലും താമസിക്കുന്നവർ അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം.
- ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ തീർച്ചയായും അവരുടെ സ്ഥലത്ത് ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പാക്കുകയും പകൽ സമയത്ത് അവിടേക്ക് മാറുകയും വേണം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും റവന്യൂ അധികൃതരെയും ബന്ധപ്പെടാവുന്നതാണ്.
- ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ദുർബലമായ മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. അപകടകരമായ സാഹചര്യം മുൻകൂട്ടി കാണുന്നവർ അധികൃതരുമായി ബന്ധപ്പെടുകയും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയും വേണം.
- കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയോ പോസ്റ്റുകൾ ഒടിഞ്ഞുവീഴുകയോ ചെയ്യുന്നതിലൂടെ ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. ശക്തമായ കാറ്റുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ലിങ്കിൽ ലഭ്യമാണ്. https://sdma.kerala.gov.in/windwarning/ എന്ന വിലാസത്തിൽ ലഭ്യമാണ്.
- കനത്ത മഴയുള്ള സമയത്ത്, നദികൾ മുറിച്ചുകടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ, മത്സ്യബന്ധനത്തിന് പോകാനോ, മറ്റ് ആവശ്യങ്ങൾക്ക് പോകാനോ അനുവാദമില്ല.
- ജലാശയങ്ങൾക്ക് മുകളിലുള്ള പാലങ്ങൾക്ക് മുകളിൽ കയറി കാഴ്ച കാണാനോ, സെൽഫി എടുക്കാനോ, കൂട്ടമായി നിൽക്കാനോ അനുവാദമില്ല.
- കനത്ത മഴയുള്ളപ്പോൾ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. മഴ മുന്നറിയിപ്പ് മാറുന്നത് വരെ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, കുന്നിൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ പൂർണ്ണമായും ഒഴിവാക്കണം.
