കൊയിനോണിയ റസ്റ്റോറന്റിന് ബെസ്റ്റ് ഗ്ലോബൽ ഇന്ത്യൻ റസ്റ്റോറന്റ് പുരസ്ക്കാരം

തിരുവനന്തപുരം: കഴിഞ്ഞ 14 വർഷമായി യുകെയിലെ ന്യൂവാര്‍ക്ക് നോട്ടിംഗ്‌ഹാം ഷയറില്‍ പ്രവർത്തിച്ചുവരുന്ന കൊയിനോണിയ റസ്റ്റോറന്റിന് ബെസ്റ്റ് ഗ്ലോബൽ ഇന്ത്യൻ റസ്റ്റോറന്റ് പുരസ്ക്കാരം. തിരുവനന്തപുരം പട്ടം റോയൽ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അവാർഡ് നല്‍കി.

ജോർജ്ജ് ചുമ്മാർ മാലിയിൽ പുളിക്കത്ര (ഷോട്ട് ജോർജ്ജി), തോമസ് ചാക്കോ നെല്ലിക്കുന്ന്‌, സഞ്ചു സൂസൻ, ലൂസിയാന സ്റ്റേഫാനോ എന്നിവർ ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. മാള സ്വദേശി മണി, പാല സ്വദേശി ഷൈജു സെബാസ്റ്റ്യൻ, ആലപ്പുഴ സ്വദേശി പ്രണവ്, റോമാനിയ സ്വദേശി ലൂസിയാന സ്റ്റേഫാനോ എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന രുചിക്കൂട്ട് പ്രവാസ ലോകത്ത് ഏറെ പ്രശസ്തമാണ്.

ഹോസ്പിറ്റാലിറ്റി മേഖലയിലെ കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ബഹുമതിയായി അംഗീകരിക്കപ്പെട്ട മെട്രോ ഫുഡ് അവാർഡുകൾ, ഭക്ഷ്യ-പാനീയ വ്യവസായത്തിൽ മികവ് പുലർത്തിയ മികച്ച ബ്രാൻഡുകളെയും റസ്റ്റോറന്റുകളെയും ആണ് പരിഗണിച്ചത്. മെട്രോ മാർട്ടും ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ദക്ഷിണ കേരള ഹോട്ടലിയേഴ്‌സ് ഫോറവുമായി സഹകരിച്ച് സംയുക്തമായി ആണ് സംഘടിപ്പിച്ചത്.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മെട്രോ ഫുഡ് അവാർഡുകൾ സമ്മാനിച്ചു. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്. എൻ. രഘുചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. മെട്രോ മാർട്ട് മാനേജിംഗ് എഡിറ്റർ സിജി നായർ സ്വാഗത പ്രസംഗം നടത്തി. സെലിബ്രിറ്റി ഷെഫ് ഡോ. ലക്ഷ്മി നായർ, കെടിഡിസി മുൻ ചെയർമാൻ ചെറിയാൻ ഫിലിപ്പ്, എസ്എൽകെ ഫുഡ് പ്രോസസിംഗ് ചെയർമാൻ എം. ഖാലിദ്, കേരള ടൂറിസം ഡെവലപ്‌മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി, എംഎഫ്എ അവാർഡ് ജൂറി കമ്മിറ്റി ചെയർമാൻ പ്രസാദ് മഞ്ഞളി, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വൈസ് പ്രസിഡന്റ് സുരേഷ് മാത്യു നിലമേൽ, സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം വൈസ് പ്രസിഡന്റ് ശിശുപാലൻ സാഗര, സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം രക്ഷാധികാരി പങ്കജ് സേനൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

Leave a Comment

More News