തിരുവനന്തപുരം: മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്ത് ബോട്ട് അപകടത്തിൽ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ (35) മൃതദേഹം കണ്ടെത്തി. ഷിപ്പിംഗ് ഡയറക്ടർ ജനറൽ ഉദ്യോഗസ്ഥർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു
അപകടത്തിൽ ഉൾപ്പെട്ട സംഘത്തിൽ ശ്രീരാഗും പിറവം സ്വദേശി ഇന്ദ്രജിത്ത് സന്തോഷും (22) ഉണ്ടായിരുന്നു. നടുവിലക്കരയിലെ രാധാകൃഷ്ണപിള്ളയുടെയും ഷീലയുടെയും മകനായ ശ്രീരാഗ് സ്കോർപിയോ മറൈൻ കമ്പനിയുടെ ‘സെക് ക്വസ്റ്റ്’ കപ്പലിലാണ് ജോലി ചെയ്യുന്നത്. മൂന്നര വർഷമായി മൊസാംബിക്കിലാണ്. ആറ് മാസം കേരളത്തിൽ ചെലവഴിച്ച ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് മൊസാംബിക്കിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ചയാണ് അദ്ദേഹം അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്.
ഒക്ടോബർ 16 ന് പുലർച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. കപ്പലിൽ ജോലിക്ക് ചേരാൻ ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. 21 ജീവനക്കാരിൽ 15 പേരെ രക്ഷപ്പെടുത്തി. അതേസമയം, സ്കോർപിയോ മറൈൻ മാരിടൈം മാനേജ്മെന്റ് എന്റർപ്രൈസസ് ഷിപ്പിംഗ് കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറായ ഇന്ദ്രജിത്ത് സന്തോഷിനായി തിരച്ചിൽ തുടരുന്നു. എടയ്ക്കാട്ടുവയലിലെ സന്തോഷിന്റെയും ഷീനയുടെയും മകനായ ഇന്ദ്രജിത്ത് ഒക്ടോബർ 14 നാണ് മൊസാംബിക്കിലേക്ക് പോയത്. ഇന്ദ്രജിത്തിന്റെ പിതാവും ഇതേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്, അദ്ദേഹത്തിന് അഭിജിത്ത് എന്ന ഇളയ സഹോദരനുമുണ്ട്.
