ഫോമക്ക് കരുത്തു പകരുവാന്‍ ജോ. ട്രഷററായി യുവ നേതാവ് ടിറ്റോ ജോണ്‍

ഫോമ ഫ്‌ളോറിഡാ സണ്‍ഷൈന്‍ റീജിയനില്‍ നിന്നും യുവനേതാവ് ടിറ്റോ ജോണ്‍ ഫോമാ ദേശീയ ജോ. ട്രഷററായി (2026-28) മത്സരിക്കുന്നു. മികച്ച നേതൃപാടവവും, സംഘാടക മികവും കൈമുതലായുള്ള ടിറ്റോ ജോണിന്റെ സ്ഥാനാർത്ഥിത്വം ഫോമാ നേതൃത്വം ക്രമേണ യുവതലമുറയിലേക്കു കൈമാറപ്പെടുന്നതിന്റെ വ്യക്തമായ തെളിവ് കൂടിയായി .

ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടും പ്രതിബദ്ധതയോടും കൂടി നിറവേറ്റുന്ന മാതൃകാ വ്യക്തിത്വമാണ് ടിറ്റോ ജോൺ.

2009-ൽ ഫോമാ യുവജനോത്സവ കമ്മിറ്റി അംഗമെന്ന നിലയിൽ പ്രവർത്തനമാരംഭിച്ച ടിറ്റോ ഇപ്പോൾ നാഷണൽ കമ്മിറ്റി അംഗമാണ്. 2014-2016 കാലത്ത് നാഷണൽ കമ്മിറ്റി യൂത്ത് മെമ്പർ നിലയിൽ വ്യത്യസ്തമായ ഒട്ടേറെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചു. 2018-20 ൽ സൺഷൈൻ കമ്മിറ്റി അംഗം; 2020-22 സൺഷൈൻ റീജിയൻ ട്രഷറർ; 2022-24 സൺഷൈൻ റീജിയൻ ചെയർമാൻ എന്നിങ്ങനെ പടിപടിയായി നേതൃരംഗത്തേക്കു ഉയർന്നു വന്ന ടിറ്റോ വലിയ പ്രതീക്ഷയുണർത്തുന്ന യുവനേതാക്കളിൽ ഒരാളാണ്.

ഇക്കാലയളവിൽ ഫോമ ക്രിക്കറ്റ് ടൂർണമെന്റ്, ഫോമ യൂത്ത് ഇവന്റ് എന്നിവക്കും നേതൃത്വം നൽകി. ഫ്‌ളോറിഡാ മലയാളി സാമൂഹ്യ പരിപാടികളിലെ നിറസാന്നിധ്യവുമാണ്.

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ സെക്രട്ടറിയായി തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെച്ചിട്ടുള്ള ടിറ്റോ, എം.എ.സി.എഫ്. വിസാ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ആയും മികച്ച സേവനം നല്‍കിയിട്ടുണ്ട്.

ഫോമാ സണ്‍ഷൈന്‍ റീജിയനിലെ വിവിധ നേതാക്കളുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് ടിറ്റോ ജോണ്‍ മത്സരരംഗത്ത് എത്തിയത് . ഫോമായുടെ പുതിയ ഭരണ സമിതിക്ക് ടിറ്റോ ഒരു മുതല്‍ കൂട്ടാകും എന്ന് വിവിധ അസോസിയേഷന്‍ നേതാക്കന്മാര്‍, വിജയാശംസകള്‍ നേര്‍ന്നു കൊണ്ട് പ്രസ്താവിച്ചു.

എം.എ. സി.എഫ് പ്രസിഡൻ്റ് ടോജിമോൻ പൈത്തുരുത്തേൽ, നിയുക്ത പ്രസിഡന്റ് ബെൻ കനകാഭായി, സെക്രട്ടറി ഷീല ഷാജു, ട്രഷറർ സാജൻ കോരത്, ട്രസ്റ്റി ബോർഡ് ചെയർ ഫ്രാൻസിസ് വയലുങ്കൽ എന്നിവർ ടിറ്റോക്കു പിന്തുണയുമായി രംഗത്തുണ്ട്.

ഫോമാ മുൻ ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്‌ണൻ, മുൻ ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി സുനിൽ വർഗീസ്, ഫോമായുടെ മുതിർന്ന നേതാവ് ജെയിംസ് ഇല്ലിക്കൽ എന്നിവരും ടിറ്റോയെ പിന്തുണക്കുന്നു.

യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഒരു പടി കൂടി അടുത്തു എന്നതാണ് ടിറ്റോയുടെ സ്ഥാനാർത്ഥിത്വം വ്യക്തമാക്കുന്നതെന്ന് ഫോമാ പ്രസിഡന്ടായി മത്സരിക്കുന്ന മാത്യു വർഗീസ് (ജോസ്, ഫ്ലോറിഡ) പ്രസ്താവിച്ചു. യുവജനത നേതൃ രംഗത്തേക്ക് വന്നില്ലെങ്കിൽ സംഘടനയുടെ നിലനില്പും പ്രസക്തിയും ഇല്ലാതാകും. അതിനാൽ യുവജനതയെ മുന്നിലെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ താനും തന്റെ ടീമും ശക്തമായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നു അദ്ദേഹം പറഞ്ഞു. ഈ ലക്‌ഷ്യം ഇത്തവണ തങ്ങൾ സ്ഥാനാർത്ഥികളെ നിശ്ചയിച്ചപ്പോൾ ഏറെ പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫ്ളോറിഡയിലും അമേരിക്കയൊട്ടാകെയും വലിയ സൗഹൃദത്തിനുടമയാണ് ടിറ്റോ ജോൺ. ഇതെല്ലം നേടിയത് ഫോമാ എന്ന മഹാപ്രസ്ഥാനത്തിലെ പ്രവർത്തനത്തിലൂടെ ആണെന്ന് ടിറ്റോ പറയുന്നു.

ടിറ്റോ ജോൺ കുടുംബ സമേതം ടാമ്പയിലാണു താമസം.

Leave a Comment

More News