തലവടി: കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കിഫ്ബി പദ്ധതി പ്രകാരം ശുദ്ധജലം വിതരണം ചെയ്യുന്നതിന് പൈപ്പ് ഇടുന്ന ജോലി പുരോഗമിക്കുന്നതിനിടയിലുണ്ടായ മഴ മൂലം ടാറിട്ട റോഡുകൾ ചെളിക്കുളമായി.
മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് പൊതു ടാപ്പ് ഇല്ലാത്ത തലവടി പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്.
വീതി കുറഞ്ഞ റോഡിൽ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തതു മൂലം ടാർ ഉൾപ്പെടെ ഇളകി റോഡ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയായി. റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ ഓടിക്കുന്നതു മൂലം കുഴികൾ രൂപപെട്ട് പലയിടങ്ങളിലും ചെളിവെള്ളം കെട്ടിക്കിടന്ന് ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവ് സംഭവമാണ്. സ്കൂള്‍ വിദ്യാർത്ഥികൾക്ക് സൈക്കിളില്‍ യാത്ര ചെയ്യുന്നതിന് പോലും ഇതുവഴി പ്രയാസമാണ്.
പൈപ്പ് ഇടുന്ന പ്രവർത്തികൾ പൂർത്തിയാക്കിയതിന് ശേഷം റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള ആവശ്യപ്പെട്ട് കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന് നിവേദനം നല്കി.


