പ്രഭാതത്തിലെ ചെങ്കതിരുകളുടെ കാന്തിപോലെയാണ് മനുഷ്യരുടെ ആത്മീയ സാംസ്കാ രിക പൈതൃകം കുടികൊള്ളുന്ന ശബരിമലയെ ലോക മലയാളികൾ കാണുന്നത്. കൊടുംങ്കാറ്റ് ഭൂമിയുടെ അടി ത്തറയിളക്കുന്നതു പോലെയാണ് കനകനിർമ്മിതമായ പലതും ശബരിമലയിൽ നിന്ന് ചരിത്രത്തിലാദ്യമായി കൊള്ളക്കാർ കടത്തിയത്. മയിൽപ്പീലികളുടെ വർണ്ണശബളിമ പോലെ കാന്തി പകരുന്ന പർവ്വത മലമടക്കുകളാൽ, പമ്പാ നദിയുടെ തീരത്തു് ധാരാളം കുന്നു കളാൽ ചുറ്റപ്പെട്ട് കിടക്കുന്ന സ്വർഗ്ഗത്തിലേക്കെന്ന പോലെ ലക്ഷക്കണക്കിന് സ്വാമിഭക്തർ വരുന്ന ഇന്ത്യയിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമാണ് ശബരിമല ശ്രീ ധർമ്മ ശാസ്താക്ഷേത്രം. അവിടേക്കാണ് ആഗോള അയ്യപ്പ വിശ്വാസിയും അവിശ്വാസിയും വിസ്മയത്തോടെ നോക്കുന്നത്. ചരിത്രത്തിലെ ഈ പാപഭാരം എത്ര പൂജകൾ നടത്തിയാലും മാറില്ല. ആത്മീയ സുഗന്ധം നുകരുന്നവരുടെ മധ്യത്തിൽ ദുർഗന്ധം വമിക്കുന്ന കാട്ടുവണ്ടുകൾ മധുരം നുകരാൻ എങ്ങനെ യെത്തി? മത ദൈവങ്ങളുടെ പേരിൽ മനുഷ്യരെ കൊള്ള ചെയ്യുന്ന അമ്പലങ്ങൾ (ദേവാലയങ്ങൾ) ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് ആത്മചൈതന്യത്തെക്കാൾ മൃത്യു പൂജയും വഴിപാടുകളുമാണ്. എപ്പോഴും വസന്തം തളിർത്തു പൂത്തു നിൽക്കുന്ന ശബരിദേവന്റെ സ്വർണ്ണ കൊള്ളയിൽ വിരുന്നുകാരായി വന്നവർ ആരൊക്കെയാണ്?
മനുഷ്യരുടെ ദുഃഖ സങ്കടങ്ങളിൽ പങ്കുകൊള്ളാൻ ജനസേവകർ പരാജയപ്പെടുപ്പോഴാണ് അഭയ കേന്ദ്രങ്ങളായി ദേവാലയങ്ങളിൽ പാവങ്ങളെത്തുന്നത്. ആരും സഹായിക്കാനില്ലാത്ത പാവങ്ങൾക്ക് ദൈവമല്ലാതെ ആരാണ് തുണയുള്ളത്. ആ അഭയാവസ്ഥ അവരെ ഭയവും ശങ്കയുമില്ലാത്തവരാക്കി മാറ്റുന്നു. അവിടെയാണ് പലവിധമുള്ള ചൂഷണങ്ങൾ നടക്കുന്നത്. അറിവില്ലാത്ത അന്ധവിശ്വാസികൾ അത് തിരിച്ചറിയാറില്ല. വികസിത രാജ്യങ്ങളിൽ മെച്ചപ്പെട്ട ഭരണവും ജീവിത നിലവാരവുമുള്ളതുകൊണ്ടാണ് ആരാധനയ്ക്ക് ആൾക്കാരുടെ എണ്ണം കുറഞ്ഞു ദരിദ്ര രാജ്യങ്ങളിൽ എണ്ണം കൂടുന്നത്. ഇവരിൽ ആത്മീയതുടെ (ഈശ്വരന്റെ) പാദങ്ങളിൽ പ്രണമിച്ചുപോകുന്നവരുമുണ്ട്. കേരളം കഴിഞ്ഞ നാളുകളിൽ അനീതി- അഴി മതി-കൊള്ള-കൊലപാതകത്തിന്റെ രക്ഷാകേന്ദ്രമായി മാറുന്നതിന്റെ അവസാന അനുഭവമാണ് ശബ രിമലയിലെ കൊള്ളയും കൊള്ളക്കാരും. അതിന്റെ ഓളങ്ങളിൽ സർക്കാരും ആടിയു ലയുന്നു. അമ്പലം വിഴുങ്ങികൾക്ക് വാതിൽപ്പലക ചേമ്പ് വെറും പപ്പടവും സ്വർണ്ണം ചെമ്പുമാണ്. ഇന്നത്തെ ശബരിമല അയ്യപ്പന്റെ അവസ്ഥ അമ്പ് കുമ്പളത്തു, വില്ല് ചേപ്പാട്ട്, എയ്യുന്നവൻ പനങ്ങാട്ട് എന്ന നിലയിലാണ് ദേവസ്വം ബോർഡ് എത്തിച്ചിരിക്കുന്നത്. അച്ഛനമ്മമാരുടെ ശാപം അവർ മരിച്ചാലും പോകില്ലെന്നെതു പോലെ ശബരി ദേവന്റെ ശാപം ഒരു നിഴൽപോലെ ഓരോരുത്തരുടെ ഉറക്കം കെടുത്തുന്നു. ഈ കുരുക്ക് കോടതി അഴിച്ചെടുത്തു് കുറ്റവാളികളെ കണ്ടെത്തുമോ?
ഈശ്വരനെ ആരാധിക്കേണ്ടവർക്ക് സ്വർണ്ണ നിർമ്മിതമല്ലാത്ത വിളക്കും എണ്ണയും തിരിയുമാക്കിയാൽ അല്ലെങ്കിൽ മെഴുകുതിരി വെളിച്ചമാക്കിയാൽ കൊള്ളകൾ നടക്കില്ല. അതല്ലേ ആത്മീയ സൗന്ദര്യം. എന്തിനാണ് ഈശ്വര സങ്കൽപ്പങ്ങൾക്ക് വിലയേറിയ വസ്തുക്കൾ? ഒരാളുടെ സമ്പത്സമൃദ്ധി വെളിപ്പെടേണ്ട സ്ഥലമാണോ ആരാധനാ കേന്ദ്രങ്ങൾ. അവിടെ ധാരാളം പൊങ്ങച്ചക്കാരെ നമ്മൾ കാണാറുണ്ട്. നമ്മെ ഭരിക്കുന്നവരിൽ മാലിന്യ സ്വഭാവമുണ്ടോ എന്നതുപോലെ ദൈവങ്ങളുടെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന വഴിപാടുകൾ മാലിന്യം പുരണ്ടതാണോ എന്നറിയാൻ എന്തെങ്കിലും നിരീക്ഷണങ്ങൾ നടക്കുന്നുണ്ടോ? സ്വർണ്ണം കൊടുത്ത വിജയ് മല്യ ലണ്ടനിൽ പിടികിട്ടാപ്പുള്ളിയായി കഴിയുകയാണ്. ഈ ഭൗതിക ലോകത്തു് ജീവിക്കുന്ന മനുഷ്യൻ പ്രപഞ്ചസൃഷ്ടിയായ ഈശ്വരന് (നാം വിശ്വസിക്കുന്ന ശക്തിക്ക്) സ്വർണ്ണം വെള്ളി തുടങ്ങിയ സമ്പത്തു് കൊടുത്തു നാട്ടിൽ നടക്കുന്ന ഭരണകൂട കൈക്കൂലിപോലെ കാര്യം കാണാനുള്ള കുതന്ത്രം അന്ധവിശ്വാസത്തിന്റെ പ്രതിഫലനമാണ്. വികസിത രാജ്യങ്ങളിൽ ഇതുപോലുള്ള ആത്മീയ അജ്ഞത കാണാറില്ല. അതിന്റെ കാരണം അവർ വായിച്ചു് വായിച്ചു് വളരുന്നവരാണ് അല്ലാതെ പൈങ്കിളി സിനിമ കണ്ടുവളരുന്നവരല്ല.
നൂറ്റാണ്ടുകളായി വിശ്വാസങ്ങളിൽ പരിണമിച്ചെത്തിയ മനുഷ്യ മനസ്സിൽ കെട്ടടങ്ങി കിടക്കുന്ന അത്യാർത്തിയാണ് മത ദൈവങ്ങളിലൂടെ മനുഷ്യരിലെത്തുന്നത്. പ്രാചീനമായ ഈ അന്ധ വിശ്വാസ സംസ്കാരധാരക്കാണ് മാറ്റം വരേണ്ടത്. ഈ സത്യം തുറന്നു പറഞ്ഞതിനാണ് ബി.സി.യിൽ ജീവിച്ച ലോക തത്വജ്ഞാനി സോക്രട്ടീസ് കൊലചെയ്യപ്പെട്ടത്. ഈശ്വരനിൽ അഭയം തേടാൻ ധാരാളം ഉപവാസ വൃതാനുഷ്ഠാന തപസ്സുകൾ നമ്മുടെ മുന്നിലുണ്ട്. ആ ധ്യാന ധാരയിലേക്ക് എന്താണ് വിശ്വാസികൾ കടന്നുവരാത്തത്? അതല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ചുളുവിൽ പൂജാ പ്രാർത്ഥനകളും നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന ആഘോഷങ്ങളും നടത്തി സായുജ്യമടയുന്നവർ.
പുഴ പുഴയോടെ കൈകോർക്കുന്നതുപോലെയാണ് അധികാരശക്തികൾ എല്ലാം വകുപ്പുകളിലും അരക്കിട്ടുറപ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തിലെ തുല്യ നീതി, യോഗ്യത നോക്കിയാണോ ഓരോ പദവികൾ കൊടുക്കുന്നത്? എന്തുകൊണ്ടാണ് യോഗ്യതയുള്ളവർ തള്ളപ്പെടുന്നത്? ശബരിമല അമ്പലം ഭരിക്കാനുള്ള എന്ത് യോഗ്യതയാണ് ദേവസ്വം ബോർഡിനുള്ളത്? അധികാരത്തിൽ വരുന്നവർ വിലയിരുത്തുന്ന യോഗ്യത സ്വന്തം പാർട്ടിക്കാരനാണോ? ഇതാണോ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഒരാളുടെ യോഗ്യത? എവിടെ നോക്കിയാലും അധികാര ദുർവിനിയോഗമാണ്. ശബരിമലയിൽ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതും പാർട്ടികളുടെ വീതം വെക്കലാണ്. സാമൂഹ്യ സാംസ്കാരിക രംഗമല്ല ഏത് വകുപ്പെടുത്താലും ഇതാണ് കേരളത്തിന്റെ ദുരവസ്ഥ. സിംഹങ്ങൾ ഗർജ്ജിച്ചിരുന്ന സ്ഥാനങ്ങളിൽ കുറുക്കന്മാർ ഓലിയിടുന്ന കാലം.
ലോകമെങ്ങുമുള്ള മലയാളികൾ ആരാധനയോടെ കാണുന്ന ഒരു പുണ്യ ഭവനത്തിൽ നല്ല പ്രവർത്തിയും ഈശ്വര ചിന്തയുമുള്ളവർ കൊള്ള ചെയ്യുമോ? കൊള്ളയ്ക്ക് കുട പിടിക്കുമോ? ശബരിമലയിലെ സമ്പത്തിന്റെ മൂല്യനിർണ്ണയം ആരുടെ കൈയ്യിലാണ്? രാഷ്ട്രീയ പാർട്ടികൾക്ക് അധികാരം കിട്ടിക്കഴിഞ്ഞാൽ ആളെ നോക്കേണ്ട കോളു നോക്കിയാൽ മതി എന്ന അവസ്ഥയാണ്. ഇത് ജനാധിപത്യ ധ്വംസനമല്ലേ? അവരുടെ ആർത്തിയും ആശയും പെരുത്ത് നാട് അരിഷ്ടതയിൽ ജീവിക്കുന്നു. ഓരോ പാർട്ടികൾ അധികാര നേർച്ചയും വഴിപാടും നടത്തി അമ്പല നടയിലെത്തുന്നത് സമ്പത്തിനെന്ന് ഇപ്പോഴാണ് അയ്യപ്പ ഭക്തർക്ക് മനസ്സിലായത്. നല്ല ഭക്തർ ദേവാലയ സ്ഥാപനങ്ങളെ കാണുന്നത് വിശുദ്ധിയോടെയാണ്. അവിടെ സമ്പത്തിനോട് ആർത്തി പൂണ്ട ഈ തുരപ്പന്മാർ ചുരണ്ടിയെടുത്തത് എത്രയോ കോടികൾ. ഇത് മലയാളിക്ക് മാനമോ അതോ അപമാനമോ? എത്രയോ നൂറ്റാണ്ടുകളായി ഇത് തുടരുന്നു. ഇതിൽ വോട്ടുപെട്ടി നിറയ്ക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പ് എന്തിനാണ്? അയ്യപ്പൻ ഈ കൂട്ടരുടെ അംഗത്വം എടുത്തിട്ടുണ്ടോ?
കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെത്തില്ലായിരുന്നു. വ്യവസായി വിജയ് മല്യ 1998 സെപ്റ്റംബറില് നൂറ് (800 ഗ്രാം) പവനോളമാണ് ശബരിമല ശ്രീകോവിലും ദ്വാരപലകാശില്പങ്ങളും സ്വർണ്ണത്തിൽ പൊതിഞ്ഞു കൊടുത്തത്. അറ്റകുറ്റപ്പണിയെന്ന പേരിൽ കൊണ്ടുപോയ സ്വർണ്ണം തിരികെയെത്തുന്നത് 397 ഗ്രാം ആണ്. ഇങ്ങനെ നടന്നിട്ടുള്ള കൊള്ള മുതൽ പിടിച്ചെടുക്കണം. മേൽശാന്തിയായാലും ബോർഡ് ആയാലും ഈ കളവിന് കൂട്ടുനിന്നവരെ തുറുങ്കിലടക്കുകയാണ് വേണ്ടത്. പാവങ്ങൾ നേർച്ചയായി കൊടുത്തത് അധികാരത്തിലിരിക്കുന്ന ചെപ്പടി വിദ്യക്കാർ വിഴുങ്ങരുത്. കേരളം മാറിമാറി ഭരിക്കുന്ന സർക്കാരുകൾ ദേവാലയ കാണിക്ക വഞ്ചികളിൽ കൈയ്യിട്ടു വാരുന്നവരെ ഇന്നുവരെ കണ്ടെത്തിയിട്ടില്ല. തിരുവിതാംകുർ ദേവസ്വം ബോർഡ് പിരിച്ചുവിടുകയാണ് വേണ്ടത്. ഇത് പിരിച്ചു വിട്ട് ഈശ്വരഭയമുള്ളവരുടെ ഒരു കമ്മിറ്റിയുണ്ടാക്കി കോടതിയുടെ മേൽനോട്ടത്തിൽ ഒരു ന്യായാധിപൻ ചെയർമാനായി തുടർന്നാൽ അമ്പലങ്ങളിൽ നടക്കുന്ന കൊള്ളയും കൊള്ളക്കാരും ഇനിയും തലപൊക്കില്ല.
അമ്പല/ദേവാലയ കമ്മിറ്റിയിൽ വരുന്നവർ അധികാരികളുടെ ഉപാസകരാകരുത്, മറിച്ചു് അയ്യപ്പന്റെ ആരാധകരായിരിക്കണം. ശബരിമലയിൽ കിട്ടുന്ന വരുമാനം പാവങ്ങളുടെ പുരോഗതിയെ ലക്ഷ്യം വച്ചുള്ളതും, ശബരിമലയെ ലോകപ്രശസ്ത ടൂറിസം കേന്ദമാക്കി മാറ്റാനുള്ള ക്ഷേമ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കേണ്ടത്. അല്ലാതെ ഇതിലുള്ള വെള്ളാനകൾക്ക് ധൂർത്തിനായി വിട്ടുകൊടുക്കരുത്. ഏഷ്യയിൽ ആദ്യമായി 1957-ൽ വോട്ടെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് ഭരണം രംഗത്ത് വന്നത് കേരളത്തിലാണ്. 1959-ലെ ഇ.എം.എസ് മന്ത്രിസഭയുടെ രണ്ടാം വാർഷിക വേളയിൽ പ്രതിപക്ഷ പാർട്ടികൾ ‘അഴിമതി വിരുദ്ധദിനം’ മുഴക്കിയതുപോലെ ഇന്ന് ഭരിക്കുന്ന പാർട്ടി ‘അമ്പലം വിഴുങ്ങി അഴിമതി വിരുദ്ധദിനം’ നടത്തി അയ്യപ്പഭക്തരുടെ തീർത്ഥയാത്രയാണ് നടത്തേണ്ടത്.
