തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയിലെ മാറ്റം സർക്കാരിന്റെ തീരുമാനമാണെന്നും, ആരുടെയും അഭിപ്രായത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മുന്‍ ചെയര്മാന് പ്രേം കുമാര്‍ പറഞ്ഞു. തന്നെ ഏൽപ്പിച്ച ചുമതല നല്ല രീതിയിൽ നിർവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശാ വർക്കർമാരുടെ സമരത്തെ പിന്തുണച്ച് സംസാരിച്ചതിനാലാണ് തന്നെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന അഭ്യൂഹങ്ങൾ അദ്ദേഹം നിഷേധിച്ചു.
ഓസ്കാർ ജേതാവും സൗണ്ട് എഞ്ചിനീയറും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെ പുതിയ ചെയർമാനായി സംസ്ഥാന സർക്കാർ നിയമിച്ചു. സംവിധായകൻ രഞ്ജിത്ത് രാജിവച്ച ഒഴിവിലേക്കാണ് റസൂൽ പൂക്കുട്ടിയെ നിയമിച്ചത്. വൈസ് ചെയർപേഴ്സണായി കുക്കു പരമേശ്വരനും ചുമതലയേറ്റു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജി വെച്ചത്. അന്ന് വൈസ് ചെയർപേഴ്സണായിരുന്ന പ്രേം കുമാറിന് ഇടക്കാല ചെയർമാന്റെ ചുമതല നൽകിയിരുന്നു. ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് സർക്കാർ പുതിയ ഭരണസമിതി രൂപീകരിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം.
അമൽ നീരദ്, ശ്യാം പുഷ്കരൻ, നിഖില വിമൽ, സിതാര കൃഷ്ണകുമാർ, സുധീർ കരമന, ബി രാഗേഷ് എന്നിവരുൾപ്പെടെ 26 പേരാണ് പുതിയ ഭരണസമിതിയിലുള്ളത്. പുതിയ ഭരണസമിതിക്ക് തിരക്കേറിയ ദിവസങ്ങളാണ് വരാനിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ച നടക്കും. ഡിസംബറിൽ ഐഎഫ്എഫ്കെയും നടക്കാനിരിക്കുകയാണ്.
സിനിമകളുടെ പ്രദർശനം പൂർത്തിയാകാത്തതിനാലും നാളെ പ്രത്യേക അസംബ്ലി സമ്മേളനം നടക്കുന്നതിനാലും അവാർഡ് പ്രഖ്യാപനം മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. ജൂറി ചെയർമാൻ പ്രകാശ് രാജ് നാളെ അടിയന്തരമായി ബെംഗളൂരുവിലേക്ക് പോകേണ്ടതിനാലാണ് തീരുമാനം. 2024 ലെ അവാർഡുകൾക്കായി പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരം നടക്കുന്നതായി സൂചനയുണ്ട്.
