ഹോട്ടൽ മുറിയിലെ ഷവറിൽ തിളച്ച വെള്ളത്തിൽ വെന്തുമരിച്ച സംഭവം; ഫെയർഫീൽഡ് ബൈ മാരിയട്ട് ഇൻ & സ്യൂട്ടിനെതിരെ കേസ് ഫയൽ ചെയ്തു

കാലിഫോർണിയ: പേരക്കുട്ടിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ കാലിഫോർണിയയിലെത്തിയ 72-കാരനായ മുൻ സൈനികൻ ഹോട്ടൽ മുറിയിലെ ഷവറിൽ തിളച്ച വെള്ളത്തിൽ വെന്തുമരിച്ച കേസ് ഫയൽ ചെയ്തു, മറൈൻ കോർപ്‌സ് വെറ്ററൻ ആയിരുന്ന ടെറിൽ ജോൺസൺ ആണ് മരിച്ചത്. സംഭവം ഹോട്ടലിന്റെ കടുത്ത അശ്രദ്ധയുടെ ഫലമാണെന്ന് ആരോപിച്ച് മരിച്ചയാളുടെ കുടുംബം ഹോട്ടലിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. സാൻ ഹോസെ വിമാനത്താവളത്തിന് സമീപമുള്ള ഫെയർഫീൽഡ് ബൈ മാരിയട്ട് ഇൻ & സ്യൂട്ട്‌സിൽ മെയ് 22-നാണ് ദാരുണമായ സംഭവം നടന്നത്.

ലോസ് ഏഞ്ചൽസിൽ നിന്ന് 300 മൈലിലധികം ദൂരം യാത്ര ചെയ്താണ് ജോൺസൺ സാൻ ഹോസെയിലെത്തിയത്. സാൻ ഹോസെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടുന്ന പേരക്കുട്ടിയുടെ ചടങ്ങിൽ പങ്കെടുക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. എന്നാൽ ഹോട്ടലിലെ മുറിയിലെ ഷവറിൽ കുളിക്കുന്നതിനിടെയാണ് ഈ ദുരന്തമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്.

ജോൺസന്റെ ചെറുമകനാണ് അദ്ദേഹത്തെ ആദ്യം കണ്ടതെന്നും കേസ് രേഖകളിൽ പറയുന്നു. പൊള്ളലേൽക്കാതെ പുറത്തെടുക്കാൻ കഴിയാത്തത്ര ചൂടേറിയ വെള്ളത്തിൽ ഭാഗികമായി മുങ്ങിയ നിലയിൽ അബോധാവസ്ഥയിലാണ് ജോൺസണെ ബന്ധുക്കൾ കണ്ടെത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്. ജോൺസനെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് മകനും മരുമകളും മറ്റ് മൂന്ന് പേരക്കുട്ടികളും ഉൾപ്പെടെയുള്ള കുടുംബം ഉടൻതന്നെ സിപിആർ നൽകാൻ ശ്രമിച്ചെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു. മാത്രമല്ല ‘ഈ ശ്രമങ്ങൾക്കിടെ അദ്ദേഹത്തിൻ്റെ ത്വക്ക് പൊട്ടുന്നത് കാണേണ്ടി വന്നത് കുടുംബത്തിന് വലിയ ആഘാതമായി’ എന്നും കേസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സാന്റാ ക്ലാര കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ റിപ്പോർട്ട് പ്രകാരം, ജോൺസൻ്റെ ശരീരത്തിൻ്റെ 33 ശതമാനത്തിലധികം ഭാഗത്ത് പൊള്ളലേറ്റതാണ് മരണകാരണം. ഒക്ടോബർ 15-ന് ഫയൽ ചെയ്ത കേസിൽ, ഹോട്ടലിലെ ജലത്തിൻ്റെ താപനില 134 ഡിഗ്രി ഫാരൻഹീറ്റിനും 136 ഡിഗ്രി ഫാരൻഹീറ്റിനും ഇടയിലായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. മാത്രമല്ല കാലിഫോർണിയയിലെ നിയമപരമായ പരമാവധി താപനിലയായ 120 ഡിഗ്രി ഫാരൻഹീറ്റിനെക്കാൾ വളരെ കൂടുതലാണ് ഈ താപനിലയെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

‘ഇതൊരു അസാധാരണ അപകടമല്ല. മറിച്ച് കടുത്ത അശ്രദ്ധയുടെയും അടിസ്ഥാന സുരക്ഷാ ബാധ്യതകൾ പാലിക്കുന്നതിൽ ഹോട്ടൽ പരാജയപ്പെട്ടതിൻ്റെയും ഫലമായിരുന്നു,’ എന്ന് കേസ് രേഖകളിൽ ചൂണ്ടിക്കാട്ടി.

വിയറ്റ്നാം യുദ്ധകാലത്ത് യുഎസ് സായുധ സേനയിൽ സജീവമായി സേവനമനുഷ്ഠിച്ച വ്യക്തിയും ലോസ് ഏഞ്ചൽസ് മെട്രോപൊളിറ്റൻ ട്രാൻസിറ്റ് അതോറിറ്റിയിൽ നിന്ന് അടുത്തിടെ വിരമിച്ച സീനിയർ ലീഡ് ടെക്നീഷ്യനുമായിരുന്നു മരണപ്പെട്ട ജോൺസൺ.

Leave a Comment

More News