ഡാളസ്: പ്രശസ്ത കവിയും, കഥാകൃത്തും, നോവലിസ്റ്റുമായ ജോണ്‍ ഇളമതയുടെ ‘കഥ പറയുന്ന കല്ലുകള്‍’ എന്ന ചരിത്ര നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷ ‘STORIED STONES’എന്ന പുസ്തകത്തിന്‍റെ കവര്‍ പ്രകാശനം ഡാളസ്സില്‍ നടന്ന ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA) യുടെ 14-ാം ദ്വൈവാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു.
സുപ്രസിദ്ധ സാഹിത്യകാരനും പ്രഭാഷകനുമായ സജി ഏബ്രഹാം, അമേരിക്കന്‍ സാഹിത്യകാരന്‍ രാജു മൈലപ്രയ്ക്ക് കൈമാറിയാണ് കവര്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.
നോവലിന്‍റെ ഔദ്യോഗിക പ്രകാശനം നവംബര്‍ 11-ന് ഷാര്‍ജ പുസ്തകമേളയില്‍ വെച്ച് നടത്തപ്പെടും.
ബുദ്ധന്‍, മോശ, നെന്‍മാണിക്യം, സോക്രട്ടറീസ് ഒരു നോവല്‍, മാര്‍ക്കോപോളോ, മരണമില്ലാത്തവരുടെ താഴ്‌വര എന്നിവയാണ് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ള ചരിത്ര നോവലുകള്‍.
LANA യുടെ 2002-2005 കാലഘട്ടത്തിലെ പ്രസിഡന്റായി ജോണ്‍ ഇളമത സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം, ടൊറന്‍റോ, ജര്‍മ്മനി എന്നിവിടങ്ങളിലായി ലാനയുടെ മൂന്നു സമ്മേളനങ്ങള്‍ ആ കാലയളവില്‍ വിജയകരമായി നടത്തി. ലാനയെ ഒരു അന്തര്‍ദ്ദേശീയ സാഹിത്യ പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ ജോണ്‍ ഇളമത സ്തുത്യര്‍ഹമായ നേതൃത്വം നല്‍കിയിട്ടുണ്ട്.
ഈയടുത്ത കാലത്ത് നിര്യാതയായ ആനിയമ്മയാണ് സഹധര്‍മ്മിണി. കാനഡയിലെ മിസ്സിസ്സാഗയിലാണ് സ്ഥിര താമസം.

