വാഷിംഗ്ടൺ: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് താൻ വിട്ടുനിന്നതും ‘അടച്ചുപൂട്ടലും’ ചൊവ്വാഴ്ച നടന്ന മേയർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ പരാജയപ്പെടുത്താൻ കാരണമായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞു.
ജനുവരിയിൽ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ആദ്യ പ്രധാന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ആധിപത്യം സ്ഥാപിച്ചു. ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് ഡെമോക്രാറ്റ് സൊഹ്‌റാൻ മംദാനി വിജയിച്ചു. അതേസമയം, അദ്ദേഹത്തിന്റെ പാർട്ടി സഹപ്രവർത്തക മിക്കി ഷെറിൽ ന്യൂജേഴ്‌സി ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റൊരു ഡെമോക്രാറ്റായ അബിഗെയ്ൽ സ്പാൻബെർഗർ വിർജീനിയ ഗവർണറായി, ഇന്ത്യൻ-അമേരിക്കൻ ഗസാല ഹാഷ്മി ഡെപ്യൂട്ടി ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു.
“തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ, ട്രംപിന്റെ പ്രചാരണത്തിലെ അഭാവവും അടച്ചുപൂട്ടലുമാണ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻമാർ പരാജയപ്പെട്ടതിന്റെ രണ്ട് കാരണങ്ങൾ,” യുഎസ് പ്രസിഡന്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത്ഔട്ടിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
മുൻകാല റെക്കോർഡ് തകർത്തുകൊണ്ട് സർക്കാർ അടച്ചുപൂട്ടൽ 36-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്കയില്‍, സർക്കാർ ഫണ്ടുകൾ തീർന്നുപോകുമ്പോൾ, ഒരു സാമ്പത്തിക പാക്കേജിന് കോൺഗ്രസ് അംഗീകാരം നൽകണം. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് അടച്ചുപൂട്ടലിന് കാരണമാകും.
മറ്റൊരു പോസ്റ്റിൽ ട്രംപ് വോട്ടർ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടു. “റിപ്പബ്ലിക്കൻമാരേ, ഫിലിബസ്റ്റർ അവസാനിപ്പിക്കുക. നിയമനിർമ്മാണം പാസാക്കുന്നതിലും വോട്ടർ പരിഷ്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക” എന്ന് അദ്ദേഹം എഴുതി.
ഒരു നിയമനിർമ്മാണ സമിതിയിലെ ഒന്നോ അതിലധികമോ അംഗങ്ങൾ നിർദ്ദിഷ്ട നിയമനിർമ്മാണത്തെക്കുറിച്ചുള്ള ചർച്ച നീട്ടിക്കൊണ്ടുപോകുന്ന ഒരു പാർലമെന്ററി നടപടിക്രമമാണ് ഫിലിബസ്റ്റർ. ഒരു തീരുമാനം വൈകിപ്പിക്കുകയോ പൂർണ്ണമായും തടയുകയോ ചെയ്യുന്ന ഘട്ടത്തിലേക്ക് ഇത് നീളുന്നു.
രണ്ടാം തവണ പ്രസിഡന്റായി അധികാരമേറ്റ ശേഷം കുടിയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിച്ച ട്രംപിനെ വിജയപ്രസംഗത്തിൽ മംദാനി വെല്ലുവിളിച്ചു. ചരിത്രപരമായ വിജയത്തിനുശേഷം ന്യൂയോർക്ക് കുടിയേറ്റക്കാരാൽ ഭരിക്കപ്പെടുമെന്നും “ഒരു കുടിയേറ്റക്കാരൻ നയിക്കുമെന്നും” അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച ന്യൂയോർക്ക് സിറ്റി മേയറായി ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് മീര നയ്യാരുടെയും ഇന്ത്യന്‍ വംശജനും ഉഗാണ്ടൻ എഴുത്തുകാരനുമായ മഹ്മൂദ് മംദാനിയുടെയും മകനായ മംദാനി മുൻ ഗവർണർ ആൻഡ്രൂ ക്വോമോയെയും റിപ്പബ്ലിക്കൻ കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് വിജയം കൊയ്തത്.
