തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകൾ ബി.ജെപി.യുടെ പാർട്ടി ഫണ്ടിൽ നിന്ന് വകയിരുത്തിയ പദ്ധതി പോലെയാണ് കേരളത്തിൽ ഉദ്ഘാടന പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നതെന്നും ഏറ്റവും അവസാനം സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് എറണാകുളം – ബാംഗ്ലൂർ വന്ദേഭാരത് ട്രെയിനിൽ വെച്ച് ഗണഗീതം ചൊല്ലിച്ച് സോഷ്യൽ മീഡിയയിൽ ദക്ഷിണ റെയിൽവേ പോസ്റ്റ് ചെയ്തത് അതിൻ്റെ ഉദാഹരണമാണെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ കുറ്റപ്പെടുത്തി. സംഘ്പരിവാർ ഹിന്ദുത്വ രാഷ്ട്രീയം വിദ്യാർഥികളിലൂടെ ഒളിച്ചുകടത്തുകയാണ് ദക്ഷിണ റെയിൽവേ. ഇത് വെച്ചുപൊറുപ്പിക്കില്ല.
ഇന്ത്യൻ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലോ, കോളോണിയൽ വിരുദ്ധ പോരാട്ടങ്ങളിലോ ഭാഗമാകാതെ ബ്രിട്ടീഷ് രാജ്ഞിക്ക് വിധേയത്വം പ്രഖ്യാപിച്ച കൂട്ടരാണ് സംഘ്പരിവാർ. സംഘ്പരിവാർ ഗണഗീതം ദേശഭക്തി ഗാനമാണെന്ന് പറഞ്ഞുകൊണ്ടാണ് ദക്ഷിണ റെയിൽവേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹിന്ദുത്വവാദികളിൽ നിന്നും ദേശഭക്തി ഗാനം കേൾക്കേണ്ട ഗതികേട് ഈ നാടിനില്ല.
ട്രെയിൻ പോലെയുള്ള പൊതുഗതാഗത സംവിധാനം വ്യത്യസ്തകളുള്ള ഇന്ത്യൻ ഗ്രാമ-നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന ഒന്നാണ്. സാംസ്കാരിക വൈവിധ്യങ്ങളുടെ പ്രകാശനം നടത്തേണ്ട അത്തരം ഇടങ്ങളിലേക്കാണ് സംഘ്പരിവാർ ശക്തികൾ ഏകശിലാ ദേശീയതയുടെ ഗണഗീതം ആലപിക്കുന്നത്. ആർ.എസ്.എസ് – അഡ്മിനിസ്ട്രേഷൻ ഹിന്ദുത്വവാദികളുടെ ഇത്തരം ജനാധിപത്യ വിരുദ്ധ സമീപനങ്ങൾക്കെതിരായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രതിഷേധം ശക്തമാക്കുമെന്നും നഈം ഗഫൂർ പറഞ്ഞു.
