കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങില്‍ ഒരു കൂട്ടം സ്കൂൾ കുട്ടികൾ രാഷ്ട്രീയ സ്വയംസേവക സംഘവുമായി (ആർഎസ്എസ്) ബന്ധപ്പെട്ട ഗാനം ആലപിക്കുന്ന വീഡിയോ ദക്ഷിണ റെയിൽവേ പോസ്റ്റ് ചെയ്തത് വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ വിമർശനത്തിനിടയാക്കി. അതേത്തുടര്‍ന്ന് വീഡിയോ പിന്നീട് ഇല്ലാതാക്കി. സംഭവത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ഇത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് വിശേഷിപ്പിച്ചു.
ആർഎസ്എസിന്റെ യോഗങ്ങളിൽ സാധാരണയായി ആലപിക്കുന്ന ഒരു ജനപ്രിയ മലയാള ഗാനം ഒരു കൂട്ടം വിദ്യാർത്ഥികൾ ആലപിക്കുന്ന വീഡിയോ, ദക്ഷിണ റെയിൽവേ അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ‘ദേശസ്നേഹ ഗാനം’ എന്ന് വിശേഷിപ്പിച്ച് പോസ്റ്റ് ചെയ്തു. “എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന സ്പെഷ്യലിൽ സന്തോഷത്തിന്റെ ഈണം! സ്കൂൾ വിദ്യാർത്ഥികൾ ദേശസ്നേഹ ഗാനങ്ങൾ കൊണ്ട് കോച്ചുകളിൽ നിറഞ്ഞു, ആ നിമിഷത്തിന്റെ ചൈതന്യം ആഘോഷിച്ചു.” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ദക്ഷിണ റെയിൽവേയുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. “വർഗീയ വിദ്വേഷവും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയവും പലപ്പോഴും പ്രകടിപ്പിക്കുന്ന ആർ.എസ്.എസിന്റെ ഒരു ഗാനം സർക്കാരിന്റെ ഔദ്യോഗിക ചടങ്ങിൽ ഉൾപ്പെടുത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും സംഘപരിവാർ തങ്ങളുടെ വർഗീയ രാഷ്ട്രീയം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യയുടെ മതേതര ദേശീയതയുടെ ആണിക്കല്ലായി പ്രവർത്തിച്ച റെയിൽവേ ഇന്ന് ആർഎസ്എസിന്റെ വർഗീയ അജണ്ടയെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി (സംഘടന) കെസി വേണുഗോപാൽ എംപി, സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു. പരിപാടിയുടെ ‘രാഷ്ട്രീയവൽക്കരണ’വും ‘സ്കൂൾ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന’തുമാണ് ഇതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ആർഎസ്എസുമായി ബന്ധപ്പെട്ട ഒരു ഗാനം ഉൾപ്പെടുത്തിയത് ഒരു ഔദ്യോഗിക സർക്കാർ പരിപാടിയെ ആർഎസ്എസ് സ്പോൺസർ ചെയ്ത ഒരു കാഴ്ചയാക്കി ചുരുക്കിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് എഴുതിയ കത്തിൽ കോൺഗ്രസ് നേതാവ് പറഞ്ഞു. “ഒരു ദേശീയ പരിപാടിയിൽ വിഭാഗീയ പ്രതീകാത്മകത കുത്തിവയ്ക്കാനുള്ള ഈ ലജ്ജാകരമായ ശ്രമം, ഇന്ത്യയിലെ പൊതു സ്ഥാപനങ്ങളെ ഒരു സംഘടനയുടെ പ്രതിച്ഛായയിൽ മാറ്റിയെഴുതാനുള്ള വലിയതും വ്യവസ്ഥാപിതവുമായ ശ്രമത്തിന്റെ ഭാഗമാണ്. ഇത് ഒറ്റപ്പെട്ട വീഴ്ചയല്ല, മറിച്ച് ദേശീയഗാനം ഉൾപ്പെടെയുള്ള നമ്മുടെ ദേശീയ ചിഹ്നങ്ങളെ താഴ്ത്തിക്കെട്ടാനുള്ള സമീപകാല, മനഃപൂർവമായ ശ്രമങ്ങളുടെ തുടർച്ചയാണ്,” അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡിവൈഎഫ്ഐ) യുടെ കേരള ഘടകവും പ്രതിഷേധിച്ചു. പൊതുപരിപാടികളിൽ ആർഎസ്എസ് ഗാനങ്ങൾ അവതരിപ്പിക്കുന്നത് പൊതുസ്ഥാപനങ്ങളെ കാവിവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ്. ആർഎസ്എസിനെ വെള്ളപൂശാനുള്ള ഇത്തരം ശ്രമങ്ങളെ ചെറുക്കണം, ”ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
വിവാദത്തെക്കുറിച്ച് ദക്ഷിണ റെയിൽവേ പ്രതികരിച്ചിട്ടില്ല.
