സിപിഐ പ്രാദേശിക നേതാക്കള്‍ വ്യാജപരാതി നല്‍കി മാതാപിതാക്കളെ മാനസികമായി പീഡിപ്പിക്കുന്നു; അഭിഭാഷകയായ മകൾ പരാതി നല്‍കി

വ്യാജ പരാതി നല്‍കി മാതാപിതാക്കളെ മാനസികമായി പീഡിപ്പിക്കുന്നതു മൂലം തലവടി വാലയിൽ എബനേസ്സർ കോട്ടേജിൽ സുപ്രീം കോടതി അഭിഭാഷകയായ സിനി വർഗ്ഗീസ് പ്രദേശത്തെ സിപിഐ നേതാക്കൾക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കി.

തലവടി പഞ്ചായത്തിൽ 12-ാം വാര്‍ഡില്‍ താമസിക്കുന്ന വാലയിൽ എബനേസ്സർ കോട്ടേജിൽ വി സി വർഗ്ഗീസ്, സാറാമ്മ എസ് ദമ്പതികള്‍ വീട് നിർമ്മിക്കുന്നതിന് മുന്നോടിയായി വീടിനും മതിലിനും വേണ്ടി തലവടി ഗ്രാമപഞ്ചായത്ത് ഓഫിസിൽ നിന്നും പെർമിറ്റ് എടുത്തിരുന്നു. മതിൽ നിർമ്മാണം ആരംഭിച്ച ഘട്ടത്തിൽ ആനപ്രമ്പാൽ തെക്ക് ഇല്ലത്തുപറമ്പിൽ പ്രസാദ്, കുന്തിരിക്കൽ പൂവക്കാട്ട്പറമ്പിൽ ശരൺ ഗോവിന്ദ്, ആനപ്രമ്പാൽ തെക്ക് പുത്തൻപുരയിൽ പി കെ ശിവാനന്ദൻ എന്നിവർ എത്തി നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപെടുത്തുന്നതിന് ശ്രമിച്ചുകൊണ്ട് ചോദ്യം ചെയ്തു. പഞ്ചായത്തിന്റെ അനുമതിയോടെയാണ് നിർമ്മാണം നടക്കുന്നതെന്ന് വിസി വർഗ്ഗീസ് അറിയിച്ചു. “പെർമിറ്റ് കാണണ” മെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വിദേശത്ത് നിന്ന് എത്തുന്ന മൂത്ത മകളെ കൊണ്ടുവരുന്നതിന് വിമാനത്താവളത്തിലേക്ക് പോകുന്ന തിരക്കിലായിരുന്നു വി സി വർഗ്ഗീസ്. സത്യാവസ്ഥ അറിയിച്ചിട്ടും ഈ സംഘം തലവടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് ഓഫിസിൽ നിന്നും അധികൃതർ എത്തി രേഖകൾ പരിശോധിച്ച് നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലാത്തതായി ബോധ്യപ്പെട്ട് മടങ്ങി.

ഇതിന് മുമ്പും ഇവർ വ്യാജ പരാതി നല്‍കിയിട്ടുണ്ട്. ഇവർ അനാവശ്യ പരാതികൾ അയയ്ക്കുന്ന പ്രവർത്തി ആവർത്തിച്ചത് മൂലമാണ് അഡ്വ. സിനി വർഗ്ഗീസ് അധികൃതര്‍ക്ക് പരാതി നല്‍കിയത്.

നിരന്തരം തന്റെ മാതാപിതാക്കളായ വിസി വർഗ്ഗീസ്, സാറാമ്മ എസ് എന്നിവർക്കെതിരെ കള്ള പരാതി നല്‍കി മാനസികമായി പീഡിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും, കള്ള പരാതി നല്‍കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പോലീസിൽ പരാതി നല്‍കിയത്. എടത്വ പോലീസ് ഇന്നലെ പരാതിക്കാരിയുടെ മാതാപിതാക്കളെ കണ്ട് പരാതിയുടെ നിജസ്ഥിതി അന്വേഷിച്ചു.

Leave a Comment

More News