ആനവണ്ടി പ്രേമികളുടെ കൂട്ടായ്മ എടത്വയിൽ തുടക്കമായി

എടത്വാ : കേരളത്തിലെ പൊതുഗതാഗതത്തിൻ്റെ മുഖമാണ് കെഎസ്ആർടിസി. ദശകങ്ങളായി ലക്ഷക്കണക്കിന് യാത്രക്കാരുടെ വിശ്വാസവും ആശ്രയവുമായി നിലകൊള്ളുകയാണ്.പൊതുഗതാഗതത്തിന്റെ പ്രാധാന്യം വ്യക്തമായി പ്രതിഫലിക്കുന്ന തരത്തിൽ യാത്രക്കാരുടെ സൗകര്യത്തിനും സുരക്ഷിതത്വത്തിനും മുൻഗണന നൽകി നൂതന ആശയങ്ങൾ നടപ്പിലാക്കി കെഎസ്ആർടിസിക്ക് മുന്നേറാനാകുന്നു എന്നതിൽ അഭിമാനമുണ്ട്.

യാത്രക്കാരാണ് കെഎസ്ആർടിസിയുടെ യഥാർത്ഥ ശക്തി. പൊതുഗതാഗത സംവിധാനങ്ങളുടെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്ന സുദിനത്തിൽ ആനവണ്ടി പ്രേമികളുടെ കൂട്ടായ്മ എടത്വയിലും തുടക്കമായി.

1998 ഒക്ടോബർ 18ന് ആരംഭിച്ച എടത്വാ ഡിപ്പോ കുട്ടനാട്ടിലെ ഏക കെഎസ്ആർടിസി ഡിപ്പോയാണ്.ഡിപ്പോ തുടങ്ങിയ കാലഘട്ടത്തിൽ സ്വതന്ത്ര ഡിപ്പോ ആയിരുന്നു. എന്നാൽ പിന്നീട് അത് സബ് ഡിപ്പോ ആയി തരംതാഴ്ത്തി. പിന്നീട് വെറുമൊരു ഓപ്പറേറ്റിംഗ് സെന്റർ ആയിട്ടും അതിനുശേഷം ഡിപ്പോ നിർത്തലാക്കുന്ന അവസ്ഥയിൽ വരെ എത്തിയിരുന്നു.കെഎസ്ആർടി എടത്വ ഡിപ്പോയിൽ ജനങ്ങൾക്ക് വേണ്ട യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ല. ഓഫീസ് കെട്ടിടം ആയിട്ട് പണിതിരിക്കുന്ന കെട്ടിടത്തിൽ യാത്രക്കാർക്ക് ഇരിക്കാനോ വിശ്രമിക്കാനോ മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെയില്ല.

ഡിപ്പോയിലെത്തുന്ന യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത് ഒരു മരത്തിന് ചുവട്ടിലാണ്. പെരിവെയിലത്തും മഴയത്തും സ്കൂൾ കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ യാത്രക്കാരായി ഇവിടെ എത്താറുണ്ട്.ഇതു കൂടാതെ അന്യസംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകരും എടത്വയിൽ എത്താറുണ്ട്.

രാത്രിയിൽ ഡിപ്പോയിൽ വെളിച്ചത്തിന് കുറവ്, തെരുവ് നായ്ക്കളുടെ ശല്യം, മഴപെയ്താൽ വെള്ളക്കെട്ട്, ജീവനക്കാർക്ക് വിശ്രമിക്കുന്നതിന് പോലും സൗകര്യം ഇല്ലാത്ത അവസ്ഥ, ഇതിനെല്ലാം ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ ആരംഭിച്ചെങ്കിലും ഗ്രൗണ്ടും ഉൾപെടെ ഇനിയും നിർമ്മിക്കണം.അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന്റെ നേതൃത്വത്തിൽ 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.എന്നാൽ ഇത് പര്യാപ്തമല്ല.

ഡിപ്പോയെ ഒരു സ്വതന്ത്ര ഡിപ്പോ ആക്കി മാറ്റണമെന്നും ഡിപ്പോയിൽ നിന്നും മുമ്പ് ഉണ്ടായിരുന്ന ദീർഘ ദൂര സർവീസുകൾ പുനരാരംഭിക്കണമെന്നും, എടത്വ – നാഗർകോവിൽ സൂപ്പർഫാസ്റ്റ് സർവീസ്, എടത്വ – കന്യാകുമാരി സൂപ്പർഫാസ്റ്റ് സർവീസ്, എടത്വ – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് സർവീസ്, എന്നിവ ഉൾപ്പെടെ ആലപ്പുഴയിൽ നിന്നും തിരുവല്ലായിൽ നിന്നും രാത്രി 10 മണിക്ക് ഉണ്ടായിരുന്ന ഓർഡിനറി സർവീസും ആരംഭിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.

ഈ വിഷയങ്ങളിൽ സജീവ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി സിഎംഡിക്ക് ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിവേദനം നൽകിയതായി വിഷ്ണു വിനോദ് , ഡോ.ജോൺസൺ വി ഇടിക്കുള എന്നിവർ പറഞ്ഞു.

Leave a Comment

More News