പാലക്കാട്; തദ്ദേശ തെരഞ്ഞെടുപ്പ്ൽ പാലക്കാട് ജില്ലയിൽ ഐ എൻ എൽ ആവശ്യപ്പെട്ട വാർഡ്, ഡിവിഷൻ, ബ്ലോക്ക് സീറ്റുകൾ ഇടത് മുന്നണിയിൽ ധാരണയായില്ല. മുന്നണിയിൽ കാര്യമായ ഒരു പരിഗണനയും ലഭിക്കാത്ത സാഹചര്യത്തിൽ ജില്ലയിൽ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും വിജയ സാധ്യതയുള്ള സീറ്റുകളിൽ സ്വതന്ത്രമായി സ്വന്തം സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കാനും ഐ എൻ എൽ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായതായി അറിയുന്നു.
ഈ കടുത്ത അവഗണന ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്ന അണികളുടെ വികാരം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ദിവസങ്ങളായി എൽഡിഎഫ് ലോക്കൽ, ഏരിയ, ജില്ലാ തലങ്ങളിൽ നടന്ന മുന്നണി, ഉപയകക്ഷി ചർച്ചകൾ എല്ലാം പ്രഹസനം ആണെന്നാണ് പല നേതാക്കളും പറയുന്നത്.
ഒറ്റപ്പാലം, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി നഗരസഭകളിലും ചുനങ്ങാട് , വല്ലപ്പുഴ ബ്ലോക്കുകൾ അലനല്ലൂർ, കുമരമ്പുത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മത്സര രംഗത്ത് ഉണ്ടാവുമെന്നും റിപ്പോർട്ട് വരുന്നു.
സിപിഎം വിജയിക്കാത്ത മുസ്ലിം ലീഗിന്റെ കോട്ടകളിൽ പോലും ഐഎൻഎല്ലിന് സീറ്റ് നൽകാത്തത് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഐ എൻ എൽ രൂപീകരണം മുതൽ
ഇടതുമുന്നണിക്ക് എക്കാലവും നിരുപാധികം പിന്തുണ നൽകിയ പാർട്ടിയാണ്, 2019 ലാണ് എൽഡിഎഫ് ഘടകകക്ഷി ആയി അംഗീകരിച്ചത്. എന്നാൽ അതിന് ശേഷവും കാര്യമായ പരിഗണന നൽകാത്തതിൽ അണികൾ വലിയ പ്രതിഷേധത്തിലാണ്.
അതേ സമയം മണ്ണാർക്കാട് ഉൾപ്പെടെ സിപിഎമ്മിൽ ഇടഞ്ഞ് നിൽക്കുന്ന പി.കെ ശശി വിഭാഗവും സിപിഐ വിമതരായ സേവ് സിപിഐയും ഐ എൻ എൽ നേതാക്കളുമായി ബന്ധപ്പെട്ടതായി വാർത്ത വരുന്നുണ്ട്. ഇത് എൽഡിഎഫിന് വലിയ തലവേദന സൃഷിക്കും. ഇതോടെ യുഡിഎഫ് ക്യാമ്പ് പലയിടത്തും തുടർഭരണ പ്രതീക്ഷകളിൽ ആണ്.
