തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നാളെ മുതല്‍ (നവംബർ 14 വെള്ളിയാഴ്ച) രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയില്‍ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21 ആണ്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.
ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ 2,000 രൂപയും, ബ്ലോക്ക് പഞ്ചായത്തിലേക്കും മുനിസിപ്പാലിറ്റിയിലേക്കും മത്സരിക്കുന്നവർ 4,000 രൂപയും, ജില്ലാ പഞ്ചായത്ത്-കോർപ്പറേഷനുകളിലേക്ക് മത്സരിക്കുന്നവർ 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി/പട്ടികവർഗക്കാർക്ക്, നിശ്ചിത തുകയുടെ പകുതി മതിയാകും.
നാമനിർദ്ദേശം സമർപ്പിക്കുന്ന തീയതിയിൽ സ്ഥാനാർത്ഥിക്ക് 21 വയസ്സ് തികഞ്ഞിരിക്കണം. പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. അവർ റിട്ടേണിംഗ് ഓഫീസറുടെയോ കമ്മീഷൻ അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥന്റെയോ മുമ്പാകെ നിശ്ചിത ഫോമിൽ സത്യപ്രതിജ്ഞ ചെയ്യുകയോ സ്ഥിരീകരണമോ ഒപ്പിടുകയോ ചെയ്യണം.
സ്ഥാനാർത്ഥിയോടൊപ്പം റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിന്റെ 100 മീറ്ററിനുള്ളിൽ മൂന്ന് എസ്കോർട്ട് വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. സ്ഥാനാർത്ഥിയുൾപ്പെടെ അഞ്ച് പേർക്ക് മാത്രമേ റിട്ടേണിംഗ് ഓഫീസറുടെ മുറിയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
