ശബരിമല സ്വര്‍ണ്ണ മോഷണ കേസ്: ദേവസ്വം മന്ത്രിയെ ഒഴിവാക്കി അന്വേഷണം നടത്തണമെന്ന് വി‌എച്ച്‌പി അദ്ധ്യക്ഷന്‍

കൊച്ചി: ശബരിമലയിലെ സ്വർണ്ണ മോഷണത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും, ദേവസ്വം മന്ത്രിയെ ഒഴിവാക്കി കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും നിലവിലെ മന്ത്രി വി.എൻ. വാസവന്റെയും അടുത്ത സുഹൃത്തും സഹകാരിയുമാണ് ഉണ്ണികൃഷ്ണൻ പോറ്റി. മുൻ ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസുവിന്റെ മാത്രം ഗൂഢാലോചനയല്ല സ്വർണ്ണ മോഷണം ആസൂത്രണം ചെയ്തതെന്ന് വിജി തമ്പി പറഞ്ഞു. അതിനു പിന്നില്‍ പല ഉന്നത രാഷ്രീയനേതാക്കളുടെയും ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ പ്രത്യേക താൽപ്പര്യം മൂലമാണ് വാസു ദേവസ്വം ബോർഡ് കമ്മീഷണറായത്. കമ്മീഷണർ സാധാരണ സിവിൽ സർവീസിൽ നിന്നാണ് ദേവസ്വം ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി, സി.പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വാസു രണ്ടുതവണ ദേവസ്വം കമ്മീഷണറും ഒരിക്കൽ ദേവസ്വം പ്രസിഡന്റുമായി.

സുപ്രീം കോടതിയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തിന് പിന്നിൽ കടുത്ത നിരീശ്വരവാദിയായ എൻ. വാസുവാണെന്ന് വിജി തമ്പി പറഞ്ഞു. വാസുവിന്റെ ഇപ്പോഴത്തെ അറസ്റ്റിന് പിന്നിലെ കാരണം സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രമാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ അനുമതിയില്ലാതെ വാസുവിന്റെ അറസ്റ്റ് തന്നെ സാധ്യമല്ലായിരുന്നു, വാസുവിനെ ബലിയാടാക്കി അന്വേഷണം ഉന്നത അധികാരികളിലേക്ക് എത്തുന്നത് തടയാനുള്ള സിപിഎമ്മിന്റെ തന്ത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചത് തന്നെ ആസന്നമായ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ ഹിന്ദുവിശ്വാസികളുടെ വോട്ട് നേടുകയെന്ന സിപിഎമ്മിന്റെ ഗൂഢലക്ഷ്യം നിറവേറ്റാനാണ്. മത സ്ഥാപനങ്ങളിൽ നിരീശ്വരവാദികളായ രാഷ്ട്രീയ നേതാക്കളുടെ ഭരണം വിശ്വാസികളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

More News