ആലപ്പുഴ: അരൂർ-തുറവൂർ മേല്‍പാത നിര്‍മ്മാണ സ്ഥലത്ത് ഗർഡർ തകർന്നുവീണ് പിക്കപ്പ് വാനിന്റെ ഡ്രൈവർ മരിച്ച സംഭവത്തിൽ ഹൈവേ കോൺട്രാക്റ്റിംഗ് കമ്പനി പ്രതികരിച്ചു. അപകടം മനഃപൂർവമല്ലെന്നും കുടുംബത്തിനുണ്ടായ നഷ്ടം വലുതാണെന്നും കരാർ കമ്പനിയിലെ ജീവനക്കാരനായ സിബിൻ പറഞ്ഞു. എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്നും മരിച്ച രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും, രാജേഷിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിച്ചാലുടൻ പണം ട്രാൻസ്ഫർ ചെയ്യുമെന്നും പറഞ്ഞു. ഇന്നലെ രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയില്ല. റോഡ് സാധാരണയായി അടച്ചിട്ടിരിക്കുമ്പോഴാണ് പണി നടക്കുന്നതെന്ന് സിബിൻ പറഞ്ഞു.
ആലപ്പുഴയിലെ പള്ളിപ്പാട് സ്വദേശി രാജേഷാണ് തന്റെ പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് മരണപ്പെട്ടത്. പുലർച്ചെ 2:30 ഓടെ ചന്തിരൂരിലാണ് അപകടം. രണ്ട് ഗർഡറുകൾ വീണു. പിക്കപ്പ് വാൻ അതിനടിയിൽ പെട്ട് തകർന്നു. തമിഴ്നാട്ടിൽ നിന്ന് മുട്ടകളുമായി പോയ പിക്കപ്പ് വാൻ എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് വരുമ്പോഴാണ് അപകടം. ഒരു ഗർഡർ പൂർണ്ണമായും മറ്റൊന്ന് ഭാഗികമായും വീണു. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം.
സംഭവത്തിൽ നിർമ്മാണ കമ്പനിയിലെ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കരാർ കമ്പനി ഗുരുതരമായ വീഴ്ച വരുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായസംഹിതയിലെ 105-ാം വകുപ്പ് പ്രകാരം കുറ്റകരമായ നരഹത്യയാണ് ചുമത്തിയിട്ടുള്ളത്. ഇത് ജാമ്യമില്ലാത്ത വകുപ്പായതുകൊണ്ട് അറസ്റ്റിലായാല്‍ പ്രതികള്‍ റിമാന്‍ഡിലാകും.
മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ തൂണുകള്‍ക്ക് മുകളില്‍ ബീമുകള്‍ കയറ്റിയാല്‍, സ്വാഭാവികമായും അത് താഴെ വീഴാനുള്ള സാധ്യതയും അപകടം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. എന്നിട്ടും സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്താതെ ഇവിടെ ഗര്‍ഡര്‍ കയറ്റുകയായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്.
