ചാലക്കുടി: മാരകമായ എംഡിഎംഎ വിൽക്കാൻ ചാലക്കുടിയിലെത്തിയ രണ്ട് യുവതികളെയും മരുന്ന് വാങ്ങാൻ ശ്രമിച്ച മൂന്ന് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 5 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയും പിടിച്ചെടുത്തു.
ബസിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് യുവതികളും യുവാക്കളും അറസ്റ്റിലായത്. മയക്കുമരുന്ന് കൊണ്ടു വന്ന രണ്ട് യുവതികളും കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ യുവാക്കളുമാണ് തൃശൂർ റൂറൽ പോലീസ് നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്.
കോട്ടയം വൈക്കം നടുവിൽ ഓളത്തറ വീട്ടിൽ വിദ്യ (33), കോട്ടയം വൈക്കം അഞ്ചുപാറ വീട്ടിൽ ശാലിനി (31) എന്നിവരാണ് എംഡിഎംഎയുമായി ചാലക്കുടി ബസ് സ്റ്റാന്റില്‍ എത്തിയത്. കൈപ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻ കാട്ടിൽ വീട്ടിൽ ഷിനാജ് (33), കൈപ്പമംഗലം ആനക്കൂട്ട് വീട്ടില്‍ അജ്മൽ (35), കടവിൽ അജ്മൽ (25) എന്നിവരാണ് ഇത് വാങ്ങാൻ എത്തിയത്. ഇവരിൽ നിന്ന് ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
