പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഘടകകക്ഷി എന്ന നിലക്ക് ഒരിക്കലും നീതീകരിക്കാനാവാത്ത അനീതിയാണ് പാർട്ടി നേരിട്ടതെന്ന് ഐ.എൻ.എൽ പാലക്കാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ 25 വർഷത്തിലേറെ നിരുപാധിക പിന്തുണയോടെ സംസ്ഥാനത്തുടനീളം ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്തുണക്കുകയും അഞ്ചുവർഷം മുമ്പ് മുന്നണിയുടെ ഭാഗമാവുകയും ജയപരാജയങ്ങളിലും പ്രതിസന്ധികളിലും ഒപ്പം നിന്ന് ലാഭേച്ഛയില്ലാത്ത പ്രവർത്തനങ്ങൾ നടത്തിയ ഐ.എൻ.എൽ എന്ന പ്രസ്ഥാനത്തെ ഒരുനിലക്കും പരിഗണിച്ചില്ലെന്ന് മാത്രമല്ല പലകോണിൽ നിന്നും കടുത്ത അവഗണനയാണ് പാർട്ടി നേരിട്ടത്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വവുമായി ചർച്ച നടത്തുകയും അടുത്ത തെരഞ്ഞെടുപ്പിൽ വേണ്ട രീതിയിൽ പരിഗണിക്കാമെന്ന് മുതിർന്ന സി.പി.എം നേതാക്കളിൽ നിന്നും ലഭിച്ച ഉറപ്പിനെയാണ് സീറ്റ് നിഷേധത്തിലൂടെ അട്ടിമറിച്ചത്. രണ്ടായിരത്തിൽ പരം വാർഡുകളുള്ള പാലക്കാട് ജില്ലയിൽ പാർട്ടി ആവശ്യപ്പെട്ടത് 10 സീറ്റിൽ താഴെയാണ്.
2015 ൽ മുന്നണി സംവിധാനത്തിൽ ഇല്ലാതിരുന്നിട്ട് പോലും അനുവദിച്ച ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിലെ വല്ലപ്പുഴ ബ്ലോക്ക് ഡിവിഷൻ പോലും പല കാരണങ്ങൾ പറഞ്ഞ് ഐ.എൻ.എല്ലിൽ നിന്ന് തിരിച്ചെടുക്കുകയാണുണ്ടായത്. പകരം ചുനങ്ങാട് ബ്ലോക്ക് ഡിവിഷൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു, പരിഗണിക്കാമെന്ന മറുപടിയാണ് നേതാക്കൾ നൽകിയത്. മണ്ണാർക്കാട് മണ്ഡലത്തിലും ഒറ്റപ്പാലം മണ്ഡലത്തിലും പാർട്ടി ആവശ്യപ്പെട്ട സിറ്റിംഗ് സീറ്റ് പോലുമല്ലാത്ത പല വാർഡുകളും അവസാന നിമിഷം വരെ പരിഗണനയിലുണ്ട് എന്ന് പറയുകയും അവസാനഘട്ടത്തിൽ സീറ്റ് നൽകാൻ കഴിയില്ല എന്ന് അറിയിക്കുകയാണ് ചെയ്തത്.
മുന്നണി പ്രഖ്യാപിക്കുന്ന പരിപാടികളിലും മറ്റും വളരെ സജീവമായി പങ്കുകൊള്ളുന്ന പാർട്ടിയെ മാറ്റിനിർത്താൻ ഉണ്ടായ ചേതോവികാരം എന്താണെന്ന് മനസ്സിലാകുന്നില്ല. മറ്റു പലരെയും തൃപ്തിപ്പെടുത്തുന്നതിന്ന് വേണ്ടി ചില ബാഹ്യ ശക്തികൾ ഇതിനുപിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്നുള്ള കാര്യം സംശയിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പാർലമെന്ററി രംഗത്ത് സാന്നിധ്യം അറിയിക്കുക എന്ന ഏതൊരു രാഷ്ട്രീയ പാർട്ടിയുടെയും ജനാധിപത്യ അവകാശത്തെ ചോദ്യം ചെയ്യാൻ ഒരു കക്ഷിക്കും സംഘടനയ്ക്കും അവകാശമില്ല എന്നിരിക്കെ ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രബല സാന്നിധ്യമുള്ള ഐ.എൻ.എൽ പോലെയുള്ള കക്ഷികളെ മാറ്റിനിർത്തി തനിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് കൊള്ളാമെന്ന ധാർഷ്ട്യം അംഗീകരിക്കാൻ കഴിയില്ലെന്നും പ്രസ്ഥാനത്തിന്റെ അസ്തിത്വം ആരുടെ മുന്നിലും അടിയറ വെക്കില്ലെന്നും വാർത്താസമ്മേളനത്തിൽ ഐ.എൻ.എൽ നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ, ജില്ലാ പ്രസിഡന്റ് അസീസ് പരുത്തിപ്ര, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ പി വി, NYL സംസ്ഥാന ട്രഷറർ കെ വി അമീർ എന്നിവർ പങ്കെടുത്തു.
