തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഎം മുൻ മേയർ ആര്യ രാജേന്ദ്രനെ മത്സരിപ്പിക്കാത്തതിന്റെ കാരണം വിശദീകരിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. “പത്താം ക്ലാസ് പാസായ ഒരു വിദ്യാർത്ഥിയെ എട്ടാം ക്ലാസിൽ തിരികെ ചേർക്കുമോ?” ആര്യ രാജേന്ദ്രനെ മത്സരിപ്പിക്കാത്തതിന്റെ കാരണം വിശദീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി ഈ ഉപമ ഉപയോഗിച്ചു.
ആര്യ രാജേന്ദ്രൻ പാർട്ടിയോട് തന്റെ പ്രവർത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാൻ അഭ്യർത്ഥിച്ചുവെന്ന വാർത്തകൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. സീറ്റ് ലഭിക്കാത്തതിൽ ചിലർ നിരാശരാകുന്നത് സാധാരണമാണ്. ആര്യ തന്റെ പ്രവർത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റുന്നുവെന്ന വിവരങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു.
ബാലുശ്ശേരി എംഎൽഎ കെ.എം. സച്ചിൻ ദേവാണ് ആര്യയുടെ ഭർത്താവ്. സച്ചിൻ ദേവ് കോഴിക്കോടും, ആര്യ കുട്ടിയുമായി തിരുവനന്തപുരത്തും താമസിക്കുന്നു. ഈ സാഹചര്യത്തിലാണ് താമസവും രാഷ്ട്രീയ പ്രവർത്തനങ്ങളും കോഴിക്കോട്ടേക്ക് മാറ്റാൻ അവർ താൽപ്പര്യപ്പെടുന്നത്. പാർട്ടി ഇക്കാര്യം സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ആര്യ, 21-ാം വയസ്സിൽ തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി. 2022 സെപ്റ്റംബറിൽ എസ്എഫ്ഐയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ സച്ചിൻ ദേവിനെ അവർ വിവാഹം കഴിച്ചു.
