പത്തനംതിട്ട: ശബരിമല സ്വര്‍ണ മോഷണക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലുള്ള വീട്ടില്‍ എസ്‌ഐടി നടത്തിയ റെയ്ഡ് അര്‍ദ്ധരാത്രിയോടെ പൂര്‍ത്തിയായി. 12 മണിക്കൂറിലധികം നീണ്ടുനിന്ന പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരമാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്.
ശബരിമലയിൽ നിന്ന് സ്വർണ്ണം കൊള്ളയടിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വഴിയൊരുക്കിയത് പത്മകുമാറാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. സ്വർണ്ണത്തകിട് പോറ്റിക്ക് കൈമാറണമെന്ന് ബോർഡിനോട് ആദ്യം നിർദ്ദേശിച്ചത് പദ്മകുമാറാണ്. ബോർഡിന് ഒറ്റയ്ക്ക് അത്തരമൊരു തീരുമാനം എടുക്കാൻ കഴിയില്ലെന്ന് വാദിച്ച് അംഗങ്ങളായ കെ പി ശങ്കരദാസും എ വിജയകുമാറും രംഗത്തെത്തിയിരുന്നു. ഇത് സ്വർണ്ണത്തകിട് പോറ്റിക്ക് കൈമാറാനുള്ള നീക്കത്തിന് തടസ്സമായി.
തുടർന്ന് ഉദ്യോഗസ്ഥരുടെ ശുപാർശയോടെ ഫയൽ ഒരു ഔദ്യോഗിക രേഖയായി പ്രോസസ്സ് ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു ചുക്കാൻ പിടിച്ചു. ഇതിനായി പത്മകുമാർ ബോർഡ് ഉദ്യോഗസ്ഥരുടെ ഓഫീസുകളിൽ പോയി സമ്മർദ്ദം ചെലുത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ, തിരുവാഭരണം കമ്മീഷണർ, ദേവസ്വം കമ്മീഷണർ എന്നിവരുടെ ശുപാർശകളോടെ ഫയൽ ബോർഡിന് സമർപ്പിച്ചു.
അതേസമയം, പ്രത്യേക അന്വേഷണ സംഘം എൻ വിജയകുമാറിനെയും കെ പി ശങ്കരദാസിനെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. നേരത്തെ ഇരുവരെയും അന്വേഷണ സംഘം പ്രാഥമിക ചോദ്യം ചെയ്യൽ നടത്തിയിരുന്നു.
