വിദേശത്ത് ജനിച്ച കുട്ടികളുള്ള ആയിരക്കണക്കിന് ഇന്ത്യൻ വംശജരായ കുടുംബങ്ങൾക്ക് ആശ്വാസം പകരുന്ന ഒരു നീക്കമായാണ് കാനഡ പൗരത്വ നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നത്. കാലഹരണപ്പെട്ട നിയമങ്ങൾ കാരണം അവരുടെ കുട്ടികൾക്ക് പൗരത്വം ലഭിക്കാൻ സാധ്യതയുണ്ടായിരുന്നില്ല.
ഒട്ടാവ: കാലഹരണപ്പെട്ട നിയമങ്ങൾ കാരണം കനേഡിയന്‍ പൗരത്വം നേടാൻ കഴിയാത്ത ആയിരക്കണക്കിന് ഇന്ത്യൻ വംശജരായ കുടുംബങ്ങൾക്ക് ആശ്വാസം പകരാവുന്ന വിധം കനേഡിയന്‍ പൗരത്വ നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നു. പുതിയ നിയമം കുടുംബങ്ങളോട് നീതി പുലർത്തുകയും ആധുനിക ആവശ്യങ്ങൾക്ക് അനുസൃതമായി പൊരുത്തപ്പെടുകയും ചെയ്യുമെന്ന് സർക്കാർ പറയുന്നു.
പഴയ നിയമങ്ങളിലെ പഴുതുകൾ ബിൽ സി-3 നിര്‍ത്തലാക്കുമെന്നും, മുൻ നിയമങ്ങൾ പ്രകാരം ഒഴിവാക്കപ്പെട്ടവർക്ക് പൗരത്വം പുനഃസ്ഥാപിക്കുമെന്നും കാനഡയുടെ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്ലേജ്-ഡയാബ് പ്രസ്താവിച്ചു. ഈ മാറ്റം കുടുംബങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അവർക്ക് നിയമപരമായ അംഗീകാരം നൽകുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.
2009-ലെ നിയമങ്ങൾ അനുസരിച്ച്, കാനഡയിൽ ജനിച്ചതോ പൗരനായിരുന്നതോ ആയ മാതാപിതാക്കളിൽ ഒരാളെങ്കിലും ഉള്ള വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് മാത്രമേ പൗരത്വം നേടാൻ കഴിയൂ. ഈ നിയമം നിരവധി ആളുകളെ നഷ്ടപ്പെട്ട കനേഡിയൻമാരായി മാറുന്നതിലേക്ക് നയിക്കും. ഇവര്‍ കനേഡിയൻ പൗരന്മാരാണെന്ന് വിശ്വസിച്ചിരുന്നെങ്കിലും നിയമത്താൽ അംഗീകരിക്കപ്പെട്ടിരുന്നില്ല.
പുതിയ നിയമത്തിലെ ഒരു പ്രധാന മാറ്റം സബ്സ്റ്റാൻഷ്യൽ കണക്‌ഷന്‍ ടെസ്റ്റ് ആണ്. ഇതനുസരിച്ച്, ഒരു കനേഡിയൻ രക്ഷിതാവ് വിദേശത്ത് ജനിച്ചിട്ടുണ്ടെങ്കിൽ, കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്പ് കുറഞ്ഞത് 1,095 ദിവസം (ഏകദേശം മൂന്ന് വർഷം) കാനഡയിൽ താമസിച്ചിട്ടുണ്ടെങ്കിൽ മാത്രമേ അവർക്ക് അവരുടെ കുട്ടിക്ക് പൗരത്വം ലഭിക്കാന്‍ അര്‍ഹതയുണ്ടാകൂ. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഈ നിയമം ബാധകമാണ്.
ഈ മാറ്റം നടപ്പിലാക്കാൻ കനേഡിയൻ കോടതി സർക്കാരിന് 2026 ജനുവരി വരെ സമയം നൽകിയിട്ടുണ്ട്. ഈ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാൽ പൗരത്വ അപേക്ഷകൾ അതിവേഗം വർദ്ധിക്കുമെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ വിശ്വസിക്കുന്നു. അതേസമയം, കനേഡിയൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷൻ (CILA) ഈ പരിഷ്‌കാരത്തെ സ്വാഗതം ചെയ്‌തു.
കാനഡയുടെ 1947 ലെ പൗരത്വ നിയമത്തിൽ നിരവധി പേര്‍ക്ക് പൗരത്വം നഷ്ടപ്പെടാനോ തെളിയിക്കാൻ കഴിയാത്തതിനോ കാരണമായ നിരവധി വ്യവസ്ഥകൾ ഉണ്ടായിരുന്നു. 2009 ലും 2015 ലും പരിഷ്കാരങ്ങൾ വരുത്തി. അതുപ്രകാരം, ഏകദേശം 20,000 പേർക്ക് പൗരത്വം പുനഃസ്ഥാപിച്ചു. എന്നാല്‍, 2023 ൽ, വിദേശത്ത് ജനിച്ച കുട്ടികൾക്ക് സ്വയമേവ പൗരത്വം ലഭിക്കുന്നത് തടയുന്ന 2009 ലെ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചു. സർക്കാർ കോടതിയുടെ തീരുമാനം അംഗീകരിച്ചു, അതിനെ ചോദ്യം ചെയ്തില്ല.
കാനഡയിലെ ഇന്ത്യൻ വംശജരായ കുടുംബങ്ങൾക്ക് അവരുടെ വ്യക്തിത്വവും അവകാശങ്ങളും ഉറപ്പിക്കാനുള്ള അവസരം ഈ പുതിയ നിയമം നൽകുമെന്നും രാജ്യത്തെ പൗരത്വ നിയമത്തിലെ ദീർഘകാലമായുള്ള പിഴവുകൾ പരിഹരിക്കുമെന്നും ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്ലേജ്-ഡയാബ് പറഞ്ഞു.
