തൃശൂർ: താനൊരു സസ്യാഹാരിയല്ലെന്നും, നല്ല ശുദ്ധമായ പോത്തിറച്ചി കിട്ടിയാല്‍ കഴിക്കുമെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. പശുക്കളെ സംരക്ഷിക്കണമെന്നും സ്വയംപര്യാപ്തതയ്ക്കായി ഗ്രാമങ്ങളിലെ എല്ലാ വീട്ടിലും ഒരു പശുവിനെയെങ്കിലും വളർത്തണമെന്നും പറയുമ്പോൾ വാചാലരാകുന്നത് കോൺഗ്രസും സിപിഎമ്മുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിലെ തിരഞ്ഞെടുപ്പ് പരിപാടിയിൽ സിപിഐ നേതാവ് വിഎസ് സുനിൽ കുമാറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
“ഞാൻ ഒരു സസ്യാഹാരിയല്ല. കിട്ടിയാല്‍ ശുദ്ധമായ പോത്തിറച്ചി ഞാൻ കഴിക്കും. ഞാൻ കള്ളം പറയില്ല. സത്യം മാത്രമേ പറയൂ. പശുക്കിടാവിനെ സംരക്ഷിക്കണമെന്ന് ആരെങ്കിലും പറഞ്ഞാൽ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നവരാണ് കോണ്‍ഗ്രസും സിപിഎമ്മും. പരസ്യമായി പശുക്കളെ അറുക്കുന്നത് കോൺഗ്രസാണ്,” ഗോപാലകൃഷ്ണൻ പറഞ്ഞു.
പരിപാടിയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് അനിൽ അക്കര വിഷയത്തിൽ ഇടപെട്ടു. തന്റെ വീട്ടിൽ ഒമ്പതോളം പശുക്കളുണ്ടെന്നും, പാൽ വറ്റിയാൽ അവയെ വിൽക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും അനിൽ അക്കര പറഞ്ഞു. പിന്നീട്, ഗോപാലകൃഷ്ണന് എത്ര ഇനം പശുക്കളെ അറിയാമെന്ന ചോദ്യം ഉയർന്നു. അതിന് മറുപടി നൽകിയത് സുനിൽ കുമാറാണ്. ഗോപാലകൃഷ്ണന് ഒരു ഇനം മാത്രമേ അറിയൂ എന്നും അത് ഗോമാതയാണെന്നും സുനിൽ കുമാർ പറഞ്ഞു. പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
