കരിങ്കടലിൽ റഷ്യൻ ഷാഡോ ഫ്ലീറ്റ് ടാങ്കറിന് നേരെ ഉക്രെയ്ന്റെ ഡ്രോൺ ആക്രമണം

ശനിയാഴ്ച, കരിങ്കടൽ തീരത്ത് റഷ്യയുടെ ഷാഡോ ഫ്ലീറ്റിന്റെ ടാങ്കറിനു നേരെ ഒരു ആളില്ലാ വിമാനം (ഡ്രോൺ) ഉപയോഗിച്ച് ഉക്രെയ്ന്‍ ആക്രമിച്ചതായി തുർക്കിയെ ഗതാഗത മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി വൈകിയാണ് ആക്രമണം നടന്നതെന്നും, ടാങ്കർ ജീവനക്കാർ ഉടൻ തന്നെ ഒരു ഓപ്പൺ-ഫ്രീക്വൻസി റേഡിയോ കോൾ വഴി സഹായം അഭ്യർത്ഥിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

ആക്രമണത്തിന് ശേഷം ടാങ്കർ വിരാടിന് ചെറിയ കേടുപാടുകൾ സംഭവിച്ചുവെന്നും അതിന്റെ നില തൃപ്തികരമാണെന്നും തുർക്കിയെ ഗതാഗത മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ജീവനക്കാര്‍ക്ക് അപായമൊനും സംഭവിച്ചില്ല. കരിങ്കടലിൽ കരയിൽ നിന്ന് ഏകദേശം 35 മൈൽ അകലെയാണ് ആക്രമണം നടന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജലരേഖയ്ക്ക് മുകളിലുള്ള വിരാടിന്റെ സ്റ്റാർബോർഡ് വശത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. ശനിയാഴ്ച രാവിലെയും ആളില്ലാ വിമാനങ്ങള്‍ ടാങ്കറിനെ ആക്രമിച്ചുകൊണ്ടിരുന്നതായും മന്ത്രാലയം അറിയിച്ചു.

റഷ്യയുടെ ഷാഡോ ഫ്ലീറ്റ് ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഉക്രെയ്ൻ ഏറ്റെടുത്തു. ഉക്രെയ്ൻ നാവികസേനയും എസ്‌ബി‌യുവിന്റെയും സംയുക്ത ഓപ്പറേഷന്റെ ഭാഗമായാണ് ഷാഡോ ഫ്ലീറ്റിന് നേരെ ആക്രമണം നടത്തിയതെന്ന് ഉക്രെയ്ൻ സുരക്ഷാ സേവന (എസ്‌ബി‌യു) ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണത്തെത്തുടർന്ന് രണ്ട് ടാങ്കറുകളും സാരമായി തകർന്നതായും സർവീസ് നിർത്തിയതായും വീഡിയോ ദൃശ്യങ്ങൾ കാണിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് റഷ്യയുടെ എണ്ണ ഗതാഗതത്തെ വലിയ തോതിൽ ബാധിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ടാങ്കറുകളെ സമീപിച്ച് ഡ്രോണുകൾ സ്ഫോടനങ്ങൾ ഉണ്ടാക്കുന്നതും വീഡിയോയിൽ കാണിച്ചു.

കരിങ്കടലിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് റഷ്യയിലേക്ക് പോവുകയായിരുന്ന മറ്റൊരു ടാങ്കറിന് തീപിടിച്ചതായും മന്ത്രാലയം അറിയിച്ചു. തുർക്കിയെ അധികൃതർ തീ കെടുത്താന്‍ ശ്രമിക്കുകയാണ്. 274 മീറ്റർ നീളമുള്ള കെയ്‌റോസിൽ നിന്ന് 25 ജീവനക്കാരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി ഒഴിപ്പിച്ചു. തുർക്കിയെ തീരത്ത് നിന്ന് 28 നോട്ടിക്കൽ മൈൽ അകലെ ഒരു ഡ്രോണ്‍ ഇടിച്ചതിനെ തുടർന്ന് കെയ്‌റോസ് റഷ്യൻ തുറമുഖമായ നോവോറോസിസ്‌കിലേക്ക് പോകുമ്പോൾ തീപിടിച്ചതായി മന്ത്രാലയം പറഞ്ഞു.

Leave a Comment

More News