തദ്ദേശ സ്വയംഭരന തിരഞ്ഞെടുപ്പ്: വാഹന പ്രചാരണം മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ മോട്ടോർ വാഹന നിയമങ്ങൾ പാലിക്കണമെന്നും വാഹനത്തിന് ആവശ്യമായ എല്ലാ നിയമപരമായ രേഖകളും കൈവശം വയ്ക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു സ്ഥാനാർത്ഥിക്ക് ഇരുചക്ര വാഹനം ഉപയോഗിക്കാം. എന്നാല്‍, വാഹന പ്രചാരണത്തിന്റെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിക്കുള്ളിലായിരിക്കും. പ്രചാരണ വാഹനത്തിന് റിട്ടേണിംഗ് ഓഫീസറിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ പ്രചാരണം നടത്താൻ അനുവാദമില്ല.

പ്രചാരണ വാഹനത്തിനുള്ള പെർമിറ്റ് തിരഞ്ഞെടുപ്പ് ഓഫീസറാണ് നൽകുന്നത്. പെർമിറ്റിനായി അപേക്ഷ സമർപ്പിക്കുന്നതോടൊപ്പം വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്സി/ടൂറിസ്റ്റ് പെർമിറ്റ്, ഡ്രൈവിംഗ് ലൈസൻസ്, നികുതി അടച്ച രസീത്, ഇൻഷുറൻസ്, പുക പരിശോധന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കണം.

വരണാധികാരി നൽകുന്ന ഒറിജിനൽ പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കുകയും വേണം. പെർമിറ്റിൽ വാഹനത്തിന്റെ നമ്പർ, സ്ഥാനാർത്ഥിയുടെ പേര് എന്നിവ ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന്റെ രൂപമാറ്റം, വാഹനത്തിൽ തിരഞ്ഞെടുപ്പ് പരസ്യം, കൊടി എന്നിവയുടെ പ്രദർശനം, വീഡിയോ പ്രചരണവാഹനം എന്നിവയെല്ലാം മോട്ടോർ വാഹനനിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കണം.

പ്രചാരണ വാഹനങ്ങളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നതിന് പോലീസ് അതോറിറ്റിയുടെ അനുമതി വാങ്ങണം. ഇതിനായി, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നൽകുന്ന വാഹന പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അപേക്ഷ നൽകണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെയോ പോലീസ് അതോറിറ്റിയുടെയോ പെർമിറ്റ് ഇല്ലാത്ത വാഹനം പ്രചാരണത്തിന് ഉപയോഗിക്കാൻ കഴിയില്ല. അത്തരമൊരു വാഹനം അനധികൃത പ്രചാരണ വാഹനമായി കണക്കാക്കുമെന്നും നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News