കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന വടകര ഡിവൈ‌എസ്പി ഉമേഷ് അവധിയില്‍ പ്രവേശിച്ചു

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്പി ഉമേഷ് അവധിയിൽ പ്രവേശിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിൽ പ്രവേശിക്കുകയാണെന്നാണ് ഉമേഷിന്റെ വിശദീകരണം. ഉമേഷിന്റെ ചുമതല കോഴിക്കോട്, നാദാപുരം ഡിവൈഎസ്പിക്ക് കൈമാറി. ഉമേഷ് വടക്കാഞ്ചേരി സിഐ ആയിരിക്കുമ്പോഴാണ് ആരോപണങ്ങൾക്ക് അടിസ്ഥാനമായ സംഭവം നടന്നത്.

അനാശാസ്യ കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കേസ് രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചതിലൂടെ ഉമേഷ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉമേഷ് അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. സംഭവത്തിൽ കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് യുവതി മൊഴി നൽകിയിരുന്നു.

കസ്റ്റഡിയിലെടുത്ത ശേഷം ഡിവൈഎസ്പി തന്നെ പലതവണ പീഡിപ്പിച്ചതായി യുവതിയുടെ മൊഴിയില്‍ പറയുന്നു. ഉമേഷ് തന്റെ കൂടെ കസ്റ്റഡിയിലുള്ള മറ്റുള്ളവരിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. അന്വേഷണ സംഘത്തിന് മുന്നിൽ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമേഷിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. ഉമേഷിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ പോലീസ് മേധാവി സംസ്ഥാന ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

ആത്മഹത്യ ചെയ്ത ചെർപ്പുളശ്ശേരി സിഐ ബിനു തോമസ് തന്റെ ആത്മഹത്യാക്കുറിപ്പിൽ, അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി പറഞ്ഞിരുന്നു.

Leave a Comment

More News