തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണോദ്ഘാടനം നിര്‍‌വ്വഹിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണോദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ കളക്ടറേറ്റിലെ ഇലക്ഷൻ വെയർഹൗസ് സ്ട്രോങ് റൂമിൽ ഉദ്ഘാടനം ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം, പൂർണ്ണമായും പ്രവർത്തനക്ഷമമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ജില്ലാ കളക്ടറിൽ നിന്ന് പത്തനംതിട്ട മുനിസിപ്പാലിറ്റി അസിസ്റ്റന്റ് സെക്രട്ടറി എൻ പ്രശാന്ത് കുമാർ ഏറ്റുവാങ്ങി.

പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം നഗരസഭകളിലെ 200 കണ്‍ട്രോള്‍ യൂണിറ്റും 200 ബാലറ്റ് യൂണിറ്റും പുളിക്കീഴ്, കോയിപ്രം ബ്ലോക്കിലെ 280 കണ്‍ട്രോള്‍ യൂണിറ്റും 840 ബാലറ്റ് യൂണിറ്റുമാണ് ആദ്യ ദിനം വിതരണം ചെയ്തത്. നവംബര്‍ 30ന് മല്ലപ്പള്ളി, കോന്നി, ഇലന്തൂര്‍ ബ്ലോക്കിലെയും ഡിസംബര്‍ ഒന്നിന് പന്തളം, റാന്നി, പറക്കോട് ബ്ലോക്കിലെയും വോട്ടിംഗ് മെഷീന്‍ വിതരണം ചെയ്യും. ഡിസംബര്‍ മൂന്ന് മുതല്‍ കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തി വോട്ടെടുപ്പിന് മെഷീന്‍ സജ്ജമാക്കും. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞതിന് ശേഷം വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കും. വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മറ്റ് പോളിങ് സാമഗ്രികള്‍ക്കൊപ്പം വിതരണം ചെയ്യും.

പൊതുതിരഞ്ഞെടുപ്പിന് മള്‍ട്ടി പോസ്റ്റ് ഇ.വി.എം ആണ് ഉപയോഗിക്കുന്നത്. പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന ഇവിഎമ്മിന് ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടായിരിക്കും. വോട്ടിംഗ് കംപാര്‍ട്ട്‌മെന്റില്‍ വച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് സജ്ജീകരിക്കുന്നത്. നഗരസഭകളില്‍ ഒന്നു വീതം കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്. ഒരു ബാലറ്റ് യൂണിറ്റില്‍ 15 വരെ സ്ഥാനാര്‍ഥികളെയാണ് ക്രമീകരിക്കുന്നത്. ഏതെങ്കിലും തലത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 15 ല്‍ കൂടുതലുണ്ടെങ്കില്‍ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ് കൂടി സജ്ജമാക്കും. 16 മുതലുള്ള സ്ഥാനാര്‍ഥികളുടെ വിവരം രണ്ടാമത്തെ ബാലറ്റ് യൂണിറ്റിലാണ് ക്രമീകരിക്കുക. ജില്ലയില്‍ 2,180 കണ്‍ട്രോള്‍ യൂണിറ്റും 6,184 ബാലറ്റ് യൂണിറ്റുമാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, ബ്ലോക്ക്, നഗരസഭ എഇആര്‍ഒമാര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

 

 

Leave a Comment

More News