വഴി തടഞ്ഞതിനെ തുടർന്നുണ്ടായ വെടിവെപ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു; സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തതെന്ന് വെടിവെച്ചയാൾ

ഹാരീസ് കൗണ്ടി(ഹൂസ്റ്റൺ) : കാറിൽ പിൻതുടർന്ന് വഴി തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെടിയേറ്റു മരിച്ച സംഭവത്തിൽ, താൻ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് വെടിവെച്ചതെന്ന് വെടിവെച്ചയാൾ മൊഴി നൽകിയതായി ഹാരീസ് കൗണ്ടി ഷെരീഫ് ഓഫീസ് (HCSO) അറിയിച്ചു.

വെള്ളിയാഴ്ച രാത്രി സ്പ്രിംഗ് ഏരിയയിലെ ഗ്രീൻഗേറ്റ് ഡ്രൈവിലാണ് സംഭവം.വെടിവെച്ചയാൾ നൽകിയ വിവരം അനുസരിച്ച്, മരിച്ചവർ ഇയാളെ കുറച്ചുദൂരം കാറിൽ പിന്തുടരുകയും സമീപപ്രദേശത്തെത്തിയപ്പോൾ വഴി തടയാൻ ശ്രമിക്കുകയും ചെയ്തു.

തുടർന്ന് എല്ലാവരും കാറിൽ നിന്ന് പുറത്തിറങ്ങുകയും, മരിച്ചവർ തന്നെയും തന്റെ കാറും ചവിട്ടുകയും ചെയ്തപ്പോൾ സ്വയരക്ഷയ്ക്കായി വെടിവെക്കുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

വെടിയേറ്റവരിൽ ഒരാൾ സംഭവസ്ഥലത്തും, മറ്റൊരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.മരിച്ചവരെ 57-കാരനായ തിമോത്തി അണ്ടർവുഡ്, 59-കാരനായ കെയ്ത്ത് മക്ഡൊണാൾഡ് എന്നിങ്ങനെ തിരിച്ചറിഞ്ഞു.

വെടിവെച്ചയാൾ സംഭവസ്ഥലത്ത് തന്നെ തുടരുകയും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും ചെയ്യുന്നുണ്ട്.
കേസിൽ ഇതുവരെ ആർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ലെന്നും ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും HCSO വ്യക്തമാക്കി. കേസ് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് പരിശോധിക്കും.

Leave a Comment

More News