എടത്വ: തലവടി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് സ്ഥാനാർത്ഥി സുധീർ കൈതവനയുടെ പ്രചാരണത്തിന്റെ ഭാഗമായി ചിഹ്നമായ മെഴുകുതിരികൾ കത്തിച്ച് പ്രകടനം നടത്തി.
തുടർന്ന് നടന്ന യോഗം പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുള ഉദ്ഘാടനം ചെയ്തു. കെകെ രാജു അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി സുധീർ കൈതവനയെ ഡാനിയേൽ തോമസ് ഷാൾ അണിയിച്ച് സ്വീകരിച്ചു.
കോവിഡ് മഹാമാരി കാലത്ത് നാടിന് താങ്ങായി പ്രളയ കാലത്ത് നന്മയുടെ കാവലാൾ ആയി നിലകൊണ്ട സുധീർ കൈതവന കഴിഞ്ഞ 30 വർഷത്തെ പൊതുപ്രവർത്തന രംഗത്തെ പരിചയ സമ്പത്തുമായിട്ടാണ് ജനവിധി തേടുന്നത്. കോവിഡ് മഹാമാരി കാലത്ത് തലവടി എടത്വ ഗ്രാമ പഞ്ചായത്തുകളിലെ കോവിഡ് ബാധിതർക്ക് സുധീർ കൈതവനയുടെ ‘ആര്യാസ് ഫുഡ് കോർണർ ‘ എന്ന ഹോട്ടലിൽ വെച്ചാണ് സൗജന്യമായി ഭക്ഷണപൊതി തയ്യാറാക്കി നല്‍കിയത്. നൂറ് കണക്കിന് കോവിഡ് ബാധിതർക്ക് ഭക്ഷണം തയ്യാറാക്കാൻ നേതൃത്വം നല്‍കിയത് സുധീർ കൈതവനയാണ്.
തലവടിയിൽ ഇക്കുറി പല വാർഡുകളിലും ശക്തമായ മത്സരമാണ്. പല വാർഡുകളിലും സ്വതന്ത്രരും മുന്നണിയുമായി ഏറ്റുമുട്ടുന്ന വിധം ശക്തമായ മത്സരമാണ് നടക്കുന്നത്. ഇടതുപക്ഷത്തു നിന്നും ഭരണവിരുദ്ധ വികാരം മുതലാക്കി ഭരണം തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. വികസന പ്രവർത്തനങ്ങളെ അവതരിപ്പിച്ച് ഭരണം തുടരാം എന്ന പ്രതീക്ഷയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നു. എന്നാൽ, കൂടുതൽ സീറ്റുകൾ കരസ്ഥമാക്കി ഏറ്റവും വലിയ ഒറ്റ കക്ഷിയാകാം എന്ന പ്രതീക്ഷയിലാണ് എൻഡിഎ. ഏതു മുന്നണികൾ അധികാരത്തിലേക്ക് വന്നാലും സ്വതന്ത്രരായി ജയിച്ചു വരുന്നവർ ഭരണത്തിന്റെ ഗതി നിർണയിക്കുന്ന സാഹചര്യം തലവടിയിൽ ഉണ്ടാവുമെന്നതിന് രണ്ട് തർക്കമില്ല.
