പാലക്കാട് : ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതു കൈമുട്ടിനുതാഴെ മുറിച്ച്മാറ്റപ്പെട്ട പല്ലശന സ്വദേശി ഒമ്പതു വയസ്സുകാരിയുടെ മാതാപിതാക്കൾ ജില്ലാ ശിശുക്ഷേമ വകുപ്പ് മേധാവി, പട്ടികജാതി വികസന വകുപ്പ് ഓഫീസർ എന്നിവർക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പരാതി നൽകി.
സംഭവം കഴിഞ്ഞ് രണ്ട് മാസത്തിലധികമായിട്ടും സർക്കാർ സംവിധാനങ്ങളിൽ നിന്നോ മറ്റോ യാതൊരു സഹായവും കുടുംബത്തിനു ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി, ചിറ്റൂർ മണ്ഡലം എം. എ ൽ. എ കൂടിയായ മന്ത്രി കെ. കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ എന്നിവർക്ക് നേരെത്തെ പരാതി നൽകിയിരുന്നു.
ഷീറ്റ് മറച്ചു കെട്ടിയ വാടക വീട്ടിൽ താമസിച്ച് കൂലിവേല ചെയ്ത് ജീവിക്കുന്ന കുടുംബം കുട്ടിയുടെ തുടർചികിത്സാ, വിദ്യാഭ്യാസം, ഭാവിജീവിതം എന്നിവ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്നും അടിയന്തിര ധനസഹായം ലഭ്യമാക്കാൻ പട്ടികജാതി വകുപ്പിന്റെയും ശിശുക്ഷേമ സമിതിയുടേയും പ്രത്യേക ശുപാർശ സർക്കാർ സംവിധാനങ്ങളോട് ഉണ്ടാകണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
വിമർ ജസ്റ്റീസ് സംസ്ഥാന നേതാക്കളോടൊപ്പമെത്തിയാണ് കുടുംബം പരാതി നൽകിയത്. സംസ്ഥാന പ്രസിഡണ്ട് വി.എഫായിസ മാധ്യമങ്ങളോട് സംസാരിച്ചു. ജനറൽ സെക്രട്ടറി ഫസ്‌ന മിയാൻ, വൈസ് പ്രസിഡന്റ് സഫിയ ഇക്ബാൽ, ജില്ലാ വൈസ് പ്രസിഡന്റ് പ്രസന്ന, സെക്രട്ടറി ഫെൻസിയ, ജില്ലാ കമ്മിറ്റി അംഗം ബിന്ദു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
