ലോക ഭിന്നശേഷി ദിനം സ്‌പെഷ്യൽ സ്റ്റുഡന്റസ് ഗാലയുമായി ആസ്മാൻ

ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ആസ്മാൻ പൂനൂരിൽ നടത്തിയ സ്പെഷ്യൽ സ്റ്റുഡന്റസ് ഗാല

താമരശ്ശേരി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ സ്റ്റുഡന്റസ് ഗാലയുമായി പൂനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസ്മാൻ സെന്റർ ഫോർ ഹാപ്പിനസ്. പരിപാടിയുടെ ഭാഗമായി ക്യാമ്പസിലെ വിദ്യാർഥികളും അധ്യാപകരും എബിലിറ്റി ഘോഷയാത്രയും ബോധവത്കരണവും നടത്തി. ഭിന്നശേഷി വിദ്യാർഥികളുടെ ദഫ് പ്രദർശനവും  ഫ്‌ളവർ-പ്ലക്കാർഡ് ഷോ, ബലൂൺ റൈസിംഗ് തുടങ്ങിയവയും ഘോഷയാത്രയെ വർണാഭമാക്കി.

സമൂഹത്തിൽ പരിഗണിക്കപ്പെടാതെ പോവുന്ന ഭിന്നശേഷി വിദ്യാർഥികളുടെ മികവിനെയും പരിശ്രമങ്ങളെയും മുഖ്യധാരയിൽ എത്തിക്കുക എന്ന സന്ദേശത്തിലാണ് സ്റ്റുഡന്റസ് ഗാല സംഘടിപ്പിച്ചത്. സാമൂഹിക ഉത്തരവാദിത്വം, പൗരബോധം, അവകാശം തുടങ്ങി ഭിന്നശേഷി സമൂഹത്തിന്റെ ആവശ്യകതകൾ വിളംബരം ചെയ്യുന്നതായിരുന്നു ഘോഷയാത്ര. പൂനൂരിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്  വിംഗിന്റെ പങ്കാളിത്തത്തോടെയാണ് ഗാല സംഘടിപ്പിച്ചത്. വഴി നീളെ മിഠായികളും മധുര പലഹാരങ്ങളും നൽകി പൂനൂർ നിവാസികളും അടിയന്തിര ആതുര സേവനത്തിന് സന്നദ്ധരായി റിവർഷോർ ആശുപത്രി ജീവനക്കാരും ഘോഷയാത്രക്ക് പിന്തുണ നൽകി.
പൂനൂർ അങ്ങാടിയിൽ നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യൂണിറ്റ് സെക്രട്ടറി മുനവ്വർ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഹാരിസ് റെഡ് ടാഗ് അധ്യക്ഷത വഹിച്ചു. സികെ മുഹമ്മദ് ഇരിങ്ങണ്ണൂർ ഭിന്നശേഷി ദിന സന്ദേശം നൽകി. ജബ്ബാർ നരിക്കുനി, രമേശൻ മാസ്റ്റർ, അബി, സജിത, ഇർഫാന, ഗിരിജ ടീച്ചർ, അജു റെഡ് ടാഗ് ആശംസകൾ നേർന്നു. ആസ്മാൻ ഡയറക്ടറേറ്റ് മെമ്പർ ഷമീർ വട്ടക്കണ്ടി സ്വാഗതവും സലാമുദ്ദീൻ നന്ദിയും പറഞ്ഞു.

Leave a Comment

More News