ഡിസംബറിന്റെ നഷ്ടം ആർക്ക്? (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

കേരളം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. സ്ഥാനാർത്ഥികൾ വോട്ട് പിടിക്കുന്നതിന്റെ തിരക്കിലാണെങ്കിൽ വോട്ടറന്മാർ ആർക്ക് വോട്ട് കൊടുക്കണം ആരെ തിരഞ്ഞെടുക്കണം എന്ന ചിന്തയിലുമാണ്. ജനപ്രിയ വാഗ്ദാനങ്ങളുമായി തിരഞ്ഞെടുപ്പ് പത്രികയുമായി മുന്നണികൾ രംഗത്ത് വന്നതോടെ തിരഞ്ഞെടുപ്പ് രംഗം കറികൾക്ക് കടുക് വറക്കുന്നതുവരെയായി.ഇനി അങ്ങ് വാങ്ങി വച്ചാൽ മതി. അതായത് വോട്ടെടുപ്പ് വന്നാൽ മതിയെന്നർത്ഥം.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പ്. പഞ്ചായത്ത് ബ്ലോക്ക് ജില്ല അങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പ് രാഷ്ട്രീയപരമാണെങ്കിലും കുറച്ചൊക്ക് വ്യക്തിപരമാകും. അത് ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ്. വാർഡിൽ കൂടി നടക്കുന്നതും സമ്മതിദായകരുടെ സഖ്യ കുറവുള്ളതുകൊണ്ടും വ്യക്തിപരമായി അടുപ്പം സ്ഥാനാർത്ഥികൾക്ക് കൂടുതൽ ഉള്ളതുകൊണ്ടും വാർഡ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോടൊപ്പം വ്യക്തിപരവുമാകും. എന്നാൽ ബ്ലോക്ക് പഞ്ചായത്ത് അതിൽ രാഷ്ട്രീയം കുടുതലും വ്യക്തിപരം കുറവുമായിരിക്കും. കൂടുതൽ ആൾക്കാരും വിസ്തൃതിയുമുണ്ട് ബ്ലോക്ക് പഞ്ചായത്തിൽ എന്നതാണ് അതിനു കാരണം. എന്നാൽ ജില്ലാ പഞ്ചായത്ത് അതിൽനിന്ന് ഏറെ വ്യത്യസ്തമാണ്. സമ്മതിദായകരുടെ എണ്ണവും വിസ്തൃതിയും മാത്രമല്ല അധികാര പദവിയും അതിൽ പ്രധാന ഘടകമാണ്. ഒരു മിനി എം എൽ എ എന്ന് വേണമെങ്കിൽ വിളിക്കാം ജില്ലാ പഞ്ചായത്ത് അംഗത്തെ. ജില്ല കൗൺസിൽ ആയിരുന്നു തുടക്കത്തിൽ അതിന് പെരുമാറ്റം വരുത്തിയാണ് ജില്ലാ പഞ്ചായത്ത് രൂപീകരിച്ചത്. ഫണ്ടും അധികാര പദവിയും കൂടുതൽ നൽകികൊണ്ട് രൂപ കൽപ്പന ചെയ്താണ് ജില്ലാ പഞ്ചായത്ത് കൊണ്ടുവന്നത്. ഇതെല്ലം കൂടി ആയപ്പോൾ ജില്ലാ പഞ്ചായത്ത് ഏറെ പ്രത്യേകതകളും പ്രാധാന്യവുമുണ്ടായി. സ്ഥാനാർത്ഥികൾ പോലും രാഷ്ട്രീയമായി പരിഗണിക്കപ്പെട്ടിട്ടാണ് ജില്ലാ പഞ്ചായത്തിൽ മത്സരിപ്പിക്കുക. രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കും ജില്ലാ പഞ്ചായത്ത് നേടിയെടുക്കുന്നത് അവരുടെ ശക്തിയെ സൂചിപ്പിക്കുന്നതാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെങ്കിലും സംസ്ഥാന ദേശീയ വിഷയങ്ങളും മത വർഗ്ഗിയ വിഷയങ്ങളും കടന്നുവരാറുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുന്നണികൾ തമ്മിലാണ് മത്സരിക്കുന്നതെങ്കിലും സ്വതന്ത്രരും റിബലുകളും വിജയിക്കാറുണ്ട്. ഇവർ മുന്നണികളുടെ സ്ഥാനാർത്ഥികൾക്ക് ബദലും സൃഷ്ടിക്കാറുണ്ട്. ഒന്നോ രണ്ടോ വോട്ട് പോലുംവിജയം നിർണ്ണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കാറുണ്ട്. പല സ്ഥാനാര്ഥികളും വിരലിലെണ്ണാവുന്ന ഭുരിപക്ഷത്തിലായിരിക്കും വിജയിക്കുക. ഇങ്ങനെയൊക്കയാണെങ്കിലും മുന്നണി സംവിധാനത്തിലെ സ്ഥാനാർത്ഥി പട്ടികയിൽ കയറിക്കൂടാനാണ് എല്ലാവരും ശ്രമിക്കുക.

ഇടത് വലത് മുന്നണികൾക്കൊപ്പം എൻഡിയെയും കരുത്ത് തെളിയിക്കാൻ രംഗത്തുണ്ട്. ഇപ്രാവശ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പ് രംഗം കഴിഞ്ഞ കാലങ്ങളെക്കാൾ ആവേശകരവും അതിലേറെ വാശിയും നിറഞ്ഞതാണെന്ന് തന്നെ പറയാം. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിൽ ഇടത് മുന്നണിക്കായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ മേൽക്കോയ്മ്മ. ഭൂരിപക്ഷ കോര്പറേഷനുകകളും ജില്ലാ പഞ്ചായത്തുകളും അവർ നേടിയെടുത്തു. മുനിസിപ്പാലിറ്റികളിൽ യൂ ഡി എഫിനായിരുന്നു മുൻതൂക്കം. തിരുപനന്തപുരം കോർപറേഷനിൽ എൻ ഡി എ പ്രതിപക്ഷവുമായി. പാലക്കാട്ടും പന്തളത്തും മുൻസിപ്പൽ ഭരണവും എൻ ഡി എ നേടിയെടുത്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചത്രയുമോ അതിൽ കൂടുതലോ നേടിയെടുക്കുകയെന്നതാണ് എൽ ഡി എഫിന്റെ ലക്ഷ്യമെങ്കിൽ എട്ട് ജില്ലാ പഞ്ചായത്തും നാല് കോർപ്പറേഷനുകളും നേടിയെടുക്കുകയാണ് യു ഡി എഫിന്റെ ലക്‌ഷ്യം. ഇപ്പോൾ മികച്ച പ്രകടനം നടത്തി വരാനിരിക്കുന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കുകയെന്നതാണ് അതിന് പിന്നിലെ കാരണം. തിരുപനന്തപുരം കോർപ്പറേഷനും പാലക്കാട് കാസർഗോഡ് തുടങ്ങിയ തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ കൂടുതൽ സീറ്റുകൾ നേടി മുൻസിപ്പാലിറ്റികളിൽ അധികാരത്തിലെത്തുക എന്നതാണ് എൻ ഡി എ യുടെ പദ്ധതി. അങ്ങനെ മൂന്ന് മുന്നണികളും ജീവന്മരണ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പിൽ നടത്തിക്കൊണ്ടിരിക്കുന്നത്. സ്ഥാനാർഥി നിർണ്ണയത്തിൽ പോലും അത് പ്രകടമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പ്രകടമായ സ്ഥാനാർഥി നിർണ്ണയത്തിലെ അസ്വാരസ്യങ്ങൾ ഇക്കുറി ഇല്ലായിരുന്നു എന്ന് വേണം പറയാൻ. . ഏറെയും പുതുമുഖങ്ങളെയും സ്ത്രീകളെയും ചെറുപ്പക്കാരെയും ഇറക്കികൊണ്ടാണ് മുന്ന് മുന്നണികളും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിൽ യു ഡി എഫ് തുടക്കം കുറിച്ചപ്പോൾ മറ്റുള്ളവരും ആ വഴി പിന്തുടർന്നു. ചെറുപ്പക്കാരും സ്ത്രീകളും ഏറ്റവും കൂടുതൽ മത്സരിക്കുന്ന കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഇതായിരിക്കും. കണ്ടും കേട്ടും ഇരുന്നും ജനങ്ങളെ മുഷിപ്പിച്ചവരെയും തോറ്റിട്ടും വീണ്ടും പരീക്ഷണം നടത്തുന്നവരെയും പരമാവധി ഒഴിവാക്കാൻ ഇക്കുറി രാഷ്രീയ പാർട്ടികൾ ശ്രമിച്ചുയെന്ന് വേണം പറയാൻ. തിരഞ്ഞെടുപ്പ് കഴിഞ് ഫല പ്രഖ്യാപനം കഴിഞ്ഞാലേ അത് എത്ര മാത്രം പ്രായോഗികമായി എന്ന് പറയാൻ കഴിയു. പ്രചാരണത്തിൽ പോലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളെക്കാൾ വ്യത്യസ്തത ഉണ്ടെന്ന് പറയാം. നേതാക്കളും പ്രവർത്തകരും ഒരുപോലെ ഇറങ്ങി പ്രവർത്തിക്കുന്നതോടൊപ്പം വലിയ സമ്മേളനങ്ങളെക്കാൾ കുടുംബ യോഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പ്രചാരണം. സ്ഥാനാർത്ഥികൾക്ക് വോട്ടറുമ്മാരെ കൂടുതൽ അടുത്തുകാണാനും പരിചയപ്പെടാനുമുള്ള തന്ത്രമാണ് ഇതിനുപിന്നിൽ. എങ്ങനെയും വോട്ട് നേടി വിജയിക്കുക എന്ന തന്ത്രം ഇതിനുപിന്നിൽ. ചുരുക്കത്തിൽ കേരളം കണ്ട ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് എന്ന് വേണമെങ്കിൽ ഇതിന് വിളിക്കാം.

കേരളത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ തുടര്‍ഭരണം കയ്യാളുന്ന സമയത്തുള്ള തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുള്ള ഈ തിരഞ്ഞെടുപ്പിൽ ശബരിമാള സ്വർണ്ണപാളി മോഷണവും രാഹുൽ മാന്കുട്ടത്തിൽ സ്ത്രീ പീഡനവും വിഷയമായി തിരഞ്ഞെടുപ്പിൽ അഞ് വീശുന്നുണ്ടെങ്കിലും അത് ജനം എത്രമാത്രം ഗൗരവമായി എടുക്കുന്നു എന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞേ പറയാൻ കഴിയു. അങ്ങനെ കേരളത്തിന്റെ ചരിത്രത്തിലെ ശക്തമായ മത്സരത്തിന് കളമൊരുങ്ങിക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആര് നേടും ആർക്ക് നഷ്ടപ്പെടും ആര് വാഴും താഴും ആരെ താങ്ങും ആരെ തഴയും. അതറിയാൻ ഡിസംബർ 13 വരെ കാത്തിരിക്കാം.

 

 

 

Leave a Comment

More News