പാലക്കാട്: ലൈംഗീക പീഡന കേസില്‍ ആരോപണവിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റത്തിന് രണ്ട് പേരെ കൂടി പ്രതി ചേർത്തു. അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം ഫസലിനെയും ഡ്രൈവർ ആൽവിനെയുമാണ് പ്രതിപ്പട്ടികയിൽ ഉള്‍പ്പെടുത്തിയത്. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചതും ബെംഗളൂരുവിലേക്ക് കൊണ്ടുപോയതും ഇവരാണെന്ന് പോലീസ് പറഞ്ഞു. ഇരുവർക്കും നോട്ടീസ് നൽകി വിട്ടയച്ചു.
എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ചുവെന്നാരോപിച്ച് പ്രത്യേക അന്വേഷണ സംഘം ഇവരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ ഒരു ദിവസം തടങ്കലിൽ വച്ച ശേഷം വിട്ടയച്ചു.
