കേരളാ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് ടാമ്പാ ബേ എക്യുമെനിക്കലിന്‍റെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 7-ന്

ഫ്ളോറിഡ: കേരളാ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് ടാമ്പാ ബേ എക്യുമെനിക്കലിന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ഫ്ളോറിഡയിലുള്ള ഒട്ടുമിക്ക എപ്പിസ്കോപ്പല്‍ ദേവാലയങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് കാല്‍ നൂറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചുവരുന്ന ഈ സംഘടന അമേരിക്കന്‍ എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്കു തന്നെ ഒരു മാതൃകയാണ്.

ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുക എന്നതാണ് പ്രസ്ഥാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം. ലോകശാന്തിക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും വേള്‍ഡ് പ്രയറിനും അടക്കം നിരവധി കര്‍മ്മപരിപാടികള്‍ക്ക് സംഘടന നേതൃത്വം കൊടുക്കുന്നു.
യുദ്ധഭീഷണി, മതവിദ്വേഷം, മഹാമാരി എന്നിവയൊക്കെ വര്‍ദ്ധിച്ചുവരുന്ന ഈ സമയത്ത്, സഭകള്‍ ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിച്ച് സമൂഹത്തിന് ശക്തമായ സാക്ഷ്യം നല്കുന്നതിന് കെസിഎഒടിബി എന്ന സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.

ഡിസംബര്‍ 7-ന് ഞായറാഴ്ച 3 മണിക്ക് സെന്‍റ് ജോസഫ് സീറോമലബാര്‍ കാത്തലിക് ദേവാലയ ഹാളില്‍ (5501 വില്യംസ് റോഡ്, സെഫ്നര്‍, ഫ്ളോറിഡ 33584) വെച്ച് പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിക്കും.

സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിലവിളക്കു കൊളുത്തിക്കൊണ്ട് അസോസിയേഷന്‍ പ്രസിഡണ്ട് റവ. തോമസ് ചാക്കോ അടക്കമുള്ള വിവിധ സഭാപുരോഹിതന്മാര്‍ നിര്‍വഹിക്കും.

ക്രിസ്മസിന്‍റെ നന്മ സന്ദേശം പരത്തുന്ന ഈ ഒത്തുചേരലില്‍, വേദിയില്‍ ആത്മീയതയും കലാഭിരുചിയും കലര്‍ന്ന നിരവധി പരിപാടികള്‍ അരങ്ങേറും.

സൃഷ്ടിപരമായ സ്കിറ്റുകള്‍, നാല്പതോളം പേര്‍ ഒരുമിക്കുന്ന ഹൃദയസ്പര്‍ശിയായ ഗോസ്പല്‍ നാടകം, വിവിധ ദേവാലയങ്ങളില്‍ നിന്നെത്തുന്ന സമ്പുഷ്ടമായ ക്വയറുകള്‍ തുടങ്ങിയവ പ്രാര്‍ത്ഥനയുടെ സംഗീതമായി മനസ്സില്‍ നിറയും.

പരമ്പരാഗത കേരള സംസ്കാരത്തിന്‍റെ കോട്ടയം ശൈലിയിലുള്ള പൈതൃകം മിഴിവാര്‍ന്ന പരിചമുട്ടുകളി, ക്നാനായ സമുദായത്തിന്‍റെ സമന്വയ സൗന്ദര്യം ഉയര്‍ത്തിക്കാട്ടുന്ന മാര്‍ഗ്ഗംകളി തുടങ്ങിയവ ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകതയാണ്.
എല്ലാത്തിനുമുപരിയായി തിരുപ്പിറവിയുടെ സ്നേഹവും സമാധാനവും പ്രത്യാശയും വിളിച്ചോതുന്ന, വൈദികസന്ദേശങ്ങള്‍, വിശ്വാസിഹൃദയങ്ങളില്‍ ദീപ്തി പകരും.

പരിപാടികളുടെ തത്സമയ പ്രക്ഷേപണങ്ങള്‍ വിവിധ മീഡിയകള്‍ കവര്‍ ചെയ്യുന്നതാണ്. അനുഗൃഹീത നിമിഷങ്ങളുടെ ഒരു മനോഹര സമാഹാരമായിരിക്കും ഈ വര്‍ഷത്തെ എക്യുമെനിക്കല്‍ പരിപാടികള്‍ എന്നതില്‍ സംശയമില്ല.

 

Leave a Comment

More News