മുഖ്യമന്ത്രിയുടെ വിദ്വേഷ പ്രചാരണം നാടിന് ആപത്ത്: റസാഖ് പാലേരി

2019 വരെ ഉണ്ടായിരുന്ന വെൽഫെയർ പാർട്ടി സഖ്യം മറന്ന മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും മറവി രോഗത്തിന് ചികിത്സക്ക് വിധേയമാക്കണം – റസാഖ് പാലേരി

കൂട്ടിലങ്ങാടി പതിനാറാം വാർഡ് യുഡിഎഫ് ജനകീയ മുന്നണി സ്ഥാനാർത്ഥി നാസർ മാസ്റ്ററുടെ പര്യടനം ഷാൾ അണിയിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും സിപിഎം നേതാക്കൾ നടത്തിയ ശബരിമല സ്വർണക്കവർച്ച ചർച്ചയും വഴി തിരിച്ചുവിടാൻ വേണ്ടി കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തികൊണ്ടിരിക്കുന്ന വിദ്വേഷപ്രചാരണം കേരളത്തിൻ്റെ സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്ന വൻ വിപത്താണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.

മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തിൽ പതിനാറാം വാർഡ് കടകൂർ യുഡിഎഫ് ജനകീയ മുന്നണി സ്ഥാനാർത്ഥി നാസർ മാസ്റ്ററുടെ വാർഡ് തല പര്യടന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഎം നെറികേടുകൾക്കും ജനവിരുദ്ധ ഭരണത്തിനും എതിരായി തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ജനകീയ മുന്നേറ്റം മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളെയും വിറളി പിടിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിദ്വേഷ പ്രചാരണം തിരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ട് കൊണ്ടുള്ള ജൽപനങ്ങളാണ്.

വിദ്വേഷ പ്രസംഗങ്ങളും പ്രചാരണങ്ങളും കുറ്റകൃത്യമാക്കുന്ന, കർണാടകയിൽ രൂപപ്പെടുത്താൻ പോകുന്ന നിയമം കേരളത്തിൽ വന്നാൽ ബിജെപി നേതാക്കൾക്കൊപ്പം കേരള മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷുമായിരിക്കും. ഇവർ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങൾക്കും പെരും നുണകൾക്കും കേരളത്തിലെ മീഡിയകളിൽ പ്രവർത്തിക്കുന്ന ബിജെപി, സിപിഎം സ്ലീപ്പർ സെല്ലുകൾ വൻ പ്രചാരണമാണ് നൽകി കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ ഗോദി മിഡിയകളുടെ കേരള വേർഷൻ രൂപപ്പെടുത്താനിണ് സിപിഎം ശ്രമിക്കുന്നത്. ഇത് പ്രബുദ്ധ കേരളത്തിലെ മീഡിയാ പ്രവർത്തകരും പൊതുസമൂഹവും തിരിച്ചറിയണം.

2019ലെ പൊതുതിരഞ്ഞെടുപ്പിലെ യുഡിഎഫ് ധാരണക്കു മുമ്പുവരെ നിലനിന്നിരുന്ന എൽഡിഎഫ് വെൽഫെയർ പാർട്ടി സഖ്യം സമ്പൂർണമായി മറന്നുപോയ മുഖ്യമന്ത്രിയെയും ഇടതു നേതാക്കളെയും മറവി രോഗ ചികിത്സക്ക് സർക്കാർ ചെലവിൽ വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റസാഖ് പാലേരി സ്ഥാനാർത്ഥി നാസർ മാസ്റ്ററെ ഷാൾ അണിയിച്ചു. എഫ്എടിയു മലപ്പുറം ജില്ലാ പ്രസിഡണ്ട് കാദർ അങ്ങാടിപ്പുറം, പതിനാറാം വാർഡ് മുസ്ലിംലീഗ് കമ്മിറ്റി പ്രസിഡണ്ട് പികെ ഉമ്മർ, സെക്രട്ടറി സൈതലവി കക്കാട്, വെൽഫെയർ പാർട്ടി കൂട്ടിലങ്ങാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സിഎച്ച് സലാം, ജാഫർ, പികെ അഷ്‌റഫ്‌, ഷാഫി തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

More News