തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ സാന്നിധ്യം; സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പ്രതികരിക്കുന്നു

തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സജീവമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പിലെ വെൽഫെയർ പാർട്ടിയുടെ സാന്നിധ്യം കേരളത്തിൽ സജീവ ചർച്ച വിഷയമായിരിക്കേ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി സംസാരിക്കുന്നു

ചോദ്യം 1. കേരളത്തിൽ ത്രിതല പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ സജീവ പ്രവർത്തനങ്ങൾക്കിടയിൽ ഈ ഭരണ സംവിധാനങ്ങളെക്കുറിച്ചുള്ള വെൽഫെയർ പാർട്ടിയുടെ വിലയിരുത്തൽ എന്താണ്?. പഞ്ചായത്തീരാജ് ആക്ടിൻ്റെ ലക്ഷ്യം എത്രത്തോളം നേടാൻ കഴിഞ്ഞിട്ടുണ്ട്?.

ഉ : ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന രാഷ്ട്രപിതാവിന്റെ വാക്കുകളെ പ്രാവര്‍ത്തികമാക്കാന്‍ ആവിഷ്‌ക്കരിച്ച ഭരണസംവിധാനമാണ് തദ്ദേശ സ്ഥാപനങ്ങള്‍. അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന ഘടകമാണിത്. ജനങ്ങള്‍ക്ക് അവരവരുടെ വികസനവും ക്ഷേമവും സ്വയം തീരുമാനിക്കാനും നടപ്പാക്കാനും സാധിക്കണമെന്നതാണ് പഞ്ചായത്തീരാജിന്റെ ആകെത്തുക. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അടിസ്ഥാന ആശയമായ ഉൾകൊള്ളൽ ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണിത്.
അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിനെ വലിയ സാധ്യതയായാണ് വെല്‍ഫെയര്‍ പാര്‍ട്ടി മനസ്സിലാക്കുന്നത്. കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് വിശാലമായ സഖ്യങ്ങളും കൂട്ടായ്മകളും സാധ്യമാകുന്ന തരത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറണം. എന്നാല്‍ മാത്രമേ യഥാര്‍ഥത്തില്‍ പഞ്ചായത്തീരാജിലൂടെ ലക്ഷ്യംവെക്കുന്ന അധികാരവികേന്ദ്രീകരണം സാധ്യമാവുകയുള്ളൂ. നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അധികാരം പിടിച്ചടക്കുന്നതിനുമായി പഞ്ചായത്തീരാജിൻ്റെ ചിറകരിയുകയാണ് ചെയ്തിരിക്കുന്നത്. ഒന്നാമതായി അവര്‍ സ്വന്തം വികസന കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇല്ലാതാക്കുകയാണ് ചെയ്തത്. ജനങ്ങളെ ബാധിക്കുന്ന പല തരത്തിലുള്ള പദ്ധതികളും നടപ്പാക്കണമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമായിരുന്നു. എന്നാല്‍, കോര്‍പറേറ്റ് ദാസ്യത്തിന്റെ ഭാഗമായി അത്തരം അധികാരങ്ങള്‍ ഇല്ലാതാക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ ചെയ്തത്.

വികസന കാര്യങ്ങള്‍ പ്രാദേശികമായി തീരുമാനിക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള കേന്ദ്രീകൃത പദ്ധതികള്‍ നടപ്പാക്കുകയാണ് രണ്ടാമതായി ചെയ്തത്. ലൈഫ് പദ്ധതി, കിഫ്ബിയുടെ വിവിധ പദ്ധതികള്‍ എന്നിവയിലൂടെ പദ്ധതി നടത്തിപ്പുകള്‍ സംസ്ഥാന സര്‍ക്കാറിലേക്ക് കേന്ദ്രീകരിക്കുകയാണ് ചെയ്തത്. ഇതിലൂടെ പ്രാദേശികമായി പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള അവസരം നിഷധിക്കുകയും വികസനം അടിച്ചേല്‍പ്പിച്ച് ഇരകളെ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.
മൂന്നാമതായി പ്രാദേശിക വികസനങ്ങള്‍ക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന പല ഫണ്ടുകളും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വെട്ടിക്കുറച്ചു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഫണ്ടില്ലാത്ത അവസ്ഥയിലേക്ക് പഞ്ചായിത്തീരാജിനെ എത്തിക്കുകയാണ് അധികാരികള്‍ ചെയ്തത്.

ചുരുക്കത്തില്‍ ജനകീയ വികസന നടത്തിപ്പും ജനങ്ങളുടെ അധികാരവും അട്ടിമറിക്കപ്പെടുകയാണിവിടെ. അതിനാല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇത്തരം അടിസ്ഥാന വിഷയങ്ങള്‍ ഉന്നയിക്കാന്‍കൂടി വെല്‍ഫെയര്‍ പാര്‍ട്ടി ആഗ്രഹിക്കുന്നു. പഞ്ചായത്തീരാജിന്റെ യഥാര്‍ഥ ഫലപ്രാപ്തിക്കായുള്ള പോരാട്ടങ്ങള്‍കൂടി നമ്മള്‍ നടത്തേണ്ടതുണ്ട്.

2. വെൽഫെയർ പാർട്ടി ഈ തിരഞ്ഞെടുപ്പിൽ ഏതൊക്കെ മുന്നണികളുമായാണ് സഖ്യത്തിൽ ഏർപ്പെട്ടിട്ടുള്ളത്?.

ഉ: സി.പി.എമ്മുമായും കോണ്‍ഗ്രസുമായും ലീഗുമായുമെല്ലാം നീക്കുപോക്കുകളുണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴും ബി.ജെ.പിയല്ലാത്ത ഏത് പാര്‍ട്ടിയോടും ധാരണകളുണ്ടാക്കാമെന്നാണ് പാര്‍ട്ടി നിലപാട്. അതാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത്തരം നീക്കുപോക്കുകള്‍ ആരെങ്കിലും നിഷേധിച്ചതുകൊണ്ട് ഇല്ലാതാകുന്നില്ല. കാരണം അതിനുള്ള തെളിവുകള്‍ ഇപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ധാരണകളുണ്ടായതിനാല്‍ സി.പി.എം മത്സരിക്കാത്ത സ്ഥലങ്ങള്‍ അതിലുണ്ട്. മാത്രമല്ല ഇത്തരം മത്സരങ്ങളുടെ പോസ്റ്ററുകളും ജയിച്ച ശേഷമുള്ള ഒന്നിച്ചുള്ള ആഘോഷങ്ങളുടെ വീഡിയോകളും അടക്കം ഇന്നും ലഭ്യമാണ്.

എന്നാല്‍, വ്യക്തമായി പറയേണ്ട ഒരു കാര്യമാണ്, ഇപ്പോള്‍ മുഖ്യമന്ത്രിതന്നെ നേരിട്ടുള്ള പ്രസ്താവനകളിലൂടെയും ഇടതുപക്ഷം അവരുടെ മീഡിയയിലും മറ്റുമുള്ള ആധിപത്യം ഉപയോഗിച്ചും നടത്തിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ അപകടം. വോട്ടിനും അധികാരത്തിനും വേണ്ടി സമൂഹത്തെ വർഗ്ഗീയമായി വിഭജിച്ചെടുക്കുന്ന ഈ രീതി കേരളത്തിൻ്റെ സോഷ്യൽ ഫാബ്രിക്കിനേൽപ്പിക്കുന്ന പരിക്ക് ഗുരുതരമായിരിക്കും. വ്യാപകമായ ഇസ്‌ലാം ഭീതിയും സംഘ്പരിവാറിനെ തോല്‍പ്പിക്കുന്ന വര്‍ഗീയ പ്രചാരണങ്ങളുമാണ് അവര്‍ നടത്തുന്നത്.

മാറിയ ദേശീയ സാഹചര്യത്തില്‍ 2019, 2024 ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ രാജ്യത്തിന്റെ ഭാവിയെ മുന്‍നിര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരിച്ച തെരഞ്ഞെടുപ്പ് നിലപാടുകളും, കേരള സി.പി.എം സംഘ്പരിവാറിനോട് സ്വീകരിക്കുന്ന ചങ്ങാത്ത സമീപനത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ഉയര്‍ത്തിയ ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങളും കാരണമായിട്ടാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സി.പി.എം വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ ഈ വിമര്‍ശനത്തിലെ പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നതാണ് വാസ്തവം.

3. ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി മുന്നോട്ടുവെക്കുന്ന വികസന അജണ്ടകൾ എന്തൊക്കെയാണ്?

ഉ : പ്രാദേശിക വിഷയങ്ങളാണ് പ്രധാനമായും മുന്നോട്ട് വെക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന വിഭാവന ചെയ്തത് പ്രകാരമുള്ള മുഴുവന്‍ അധികാരങ്ങളും ലഭ്യമാക്കണം. കവര്‍ന്നെടുത്ത അധികാരങ്ങള്‍ തിരിച്ചു കൊടുക്കണം. വെട്ടിക്കുറച്ച ഫണ്ട് പുനസ്ഥാപിക്കണം. നമ്മുടെ വാര്‍ഡുകളെ സംബന്ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സമഗ്രമായ ഒരു കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നുണ്ട്. പാര്‍ട്ടി മത്സരിച്ച് ജയിച്ച മുഴുവന്‍ വാര്‍ഡുകളിലും ആ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും വീട്, വെള്ളം, ആഹാരം, വെളിച്ചം, വഴി, തൊഴില്‍ എന്നിവ ലഭ്യമാക്കുന്നതിനാണ് വാര്‍ഡുകളില്‍ മുന്‍ഗണന കൊടുക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം, സാമൂഹ്യനീതി, വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലെ സാഹോദര്യം എന്നിവ പ്രധാനമാണ്. ജനങ്ങള്‍ക്ക് സംതൃപ്തിയും സന്തോഷവും അനുഭവിക്കാന്‍ സാധിക്കുന്ന ഹാപ്പി വാര്‍ഡുകള്‍ വളര്‍ത്തിയെടുക്കണം. ഫണ്ട് വിനിയോഗത്തിലെ സുതാര്യതയും സമൂഹത്തിലെ പിന്നാക്ക-ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പരിഗണനയും പാര്‍ട്ടിയുടെ മുന്‍ഗണനയില്‍ പെടും. ലഹരിയില്‍ നിന്നും സാമൂഹ്യ കുറ്റകൃത്യങ്ങളില്‍ നിന്നും വാര്‍ഡുകളെ മോചിപ്പിച്ച് വിദ്യാര്‍ത്ഥി യുവജനങ്ങളുടെ കര്‍മശേഷിയെ ആരോഗ്യകരമാക്കി പ്രയോജനപ്പെടുത്താനുള്ള കര്‍മപദ്ധതി വാര്‍ഡുകളില്‍ തയ്യാറാക്കിയിട്ടുണ്ട്. ചുരുക്കത്തില്‍ ക്ഷേമവും വികസനവും എല്ലാവര്‍ക്കും എന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് വെക്കുന്ന പ്രധാന ലക്ഷ്യം.

4. എത്രമാത്രം പ്രതീക്ഷയോടെയാണ് വെൽഫെയർ പാർട്ടി ഈ തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്?

ഉ : പാർട്ടി മത്സരിക്കുന്ന എല്ലായിടത്തുനിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജനങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതിനേക്കാൾ മൂര്‍ച്ചയുള്ള രാഷ്ട്രീയ അവബോധം കാത്തുസൂക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ച് പുതുതലമുറ വോട്ടര്‍മാര്‍ നിഷ്പക്ഷമായും ബാഹ്യസ്വാധീനങ്ങള്‍ക്ക് വഴങ്ങാതെയും കാര്യങ്ങളെ വിലയിരുത്തുന്നവരാണ്. കഴിഞ്ഞ തവണത്തെ സിറ്റിംഗ് വാര്‍ഡുകളില്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ക്കായിട്ടുണ്ട്. 13 ന് റിസള്‍ട്ട് വരുമ്പോള്‍ പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ ഗ്രാഫ് മുകളിലേക്ക് കുതിച്ചുയരുമെന്ന കാര്യത്തില്‍ സംശയമില്ല.

https://drive.google.com/file/d/1gVw_1e1FIMJaBarAIB-CsGJEVB9b6yDm/view

Leave a Comment

More News