കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വിവാദമായതിനിടയില്‍ നടൻ ദിലീപ് എറണാകുളത്തപ്പന്‍ ക്ഷേത്ര പരിപാടിയിൽ നിന്ന് പിന്മാറി. എറണാകുളം ശിവക്ഷേത്രം അഥവാ എറണാകുളത്തപ്പൻ ക്ഷേത്രത്തിന്റെ ഉത്സവ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപ് പിന്മാറിയത്. അതിന്റെ കാരണം വ്യക്തമല്ലെങ്കിലും, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രതികരണത്തിന് വന്‍ ജനപിന്തുണ നേടിയതുകൊണ്ടാണ് പിന്മാറ്റമെന്ന് പറയുന്നു. നാളെയാണ് ചടങ്ങ് നടക്കുക.
പ്രസ്തുത ചടങ്ങിലേക്ക് ദിലീപിനെ ക്ഷണിച്ചതിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പിന്നീട് പരിപാടി മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു. ജനുവരി 23 ന് ആരംഭിക്കുന്ന ക്ഷേത്രോത്സവത്തിന്റെ കൂപ്പൺ വിതരണവും നോട്ടീസ് പ്രകാശനവും ചൊവ്വാഴ്ച വൈകുന്നേരം ക്ഷേത്രപരിസരത്ത് നടത്താനാണ് തീരുമാനിച്ചിരുന്നത്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റിൽ നിന്ന് ആദ്യ കൂപ്പൺ സ്വീകരിക്കാനാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്. ചടങ്ങിലേക്ക് നടൻ അനൂപ് മേനോനെയും ക്ഷണിച്ചിരുന്നു.
എന്നാല്‍, ദിലീപിനെ ക്ഷണിച്ചതിൽ പാനലിലും കൊച്ചിൻ ദേവസ്വം ബോർഡിലും ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. സി.പി.എം, സിപിഐ അംഗങ്ങൾ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ചടങ്ങ് പിന്നീട് ഡിസംബർ 17 ലേക്ക് മാറ്റിവച്ചു. തന്ത്രി കൂപ്പൺ സ്വീകരിക്കുകയും നോട്ടീസ് പുറത്തിറക്കുകയും ചെയ്യണമെന്ന് പലരും അഭിപ്രായപ്പെട്ടു. മഞ്ജു വാര്യര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. അതാണ് ദിലീപിന്റെ പിന്മാറ്റത്തിന് കാരണമെന്ന് പറയപ്പെടുന്നു.

