ആംഗല ആഖ്യായികാ പ്രസ്ഥാനത്തിന്റെ മഹാറാണി ജെയിൻ ഓസ്റ്റിൻ: ജോർജ് നെടുവേലിൽ

250-ാം ജന്മവാർഷിക സ്മരണയിൽ!

ആംഗല ഭാഷയിലെ അർത്ഥസമ്പുഷ്ടമായ ചില പദങ്ങളെ – Pride, prejudice, sense, sensibility, persuasion – തെരഞ്ഞെടുത്തു് ഒറ്റയ്ക്കും പെട്ടയ്ക്കും ശീർഷകമാക്കി പ്രേമവും, പ്രണയവും, സ്ത്രീ/പുരുഷ സ്വഭാവങ്ങളുടെയും പെരുമാറ്റങ്ങളുടെയും പൊരുളുകളും വ്യത്യാസങ്ങളും, പ്രത്യേകതകളും പ്രമേയമാക്കി രചിച്ച മനോഹരമായ ആറിലധികം ആഖ്യായികൾ സാഹിത്യ കുതുകികൾക്കു കാഴ്ച വെച്ച ആംഗല സാഹിത്യകാരിയാണ് ജെയിൻ ഓസ്റ്റിൻ. ആ മഹാറാണി ഭൂജാതയായിട്ട് 2025 ഡിസംബർ 16-ന് രണ്ടര ശതകങ്ങൾ തികയുന്നു. ജയിൻറെ ആരാധകവൃന്ദം ഇരുനൂറ്റി അൻപതാം ജന്മദിനാഘോഷങ്ങൾ പോയ വർഷം തന്നെ തുടങ്ങിക്കഴിഞ്ഞു. പതിനൊന്നാം മണിക്കൂറിലാണെകിലും നമുക്കും അവരോടൊപ്പം ചേരാം. നമുക്കും അവരോടൊപ്പം ചേർന്നുകൊണ്ട് ആഖ്യായികാ പ്രസ്ഥാനത്തിൻറെ മഹാറാണിപ്പട്ടം അലങ്കരിച്ച ജെയിൻ ഓസ്റ്റിന് ഇരുന്നൂറ്റിയമ്പതാം ജന്മവാർഷിക മംഗളങ്ങൾ ആശംസിക്കാം!

അനുദിനമെന്നോണം വളരുകയും, വാക്കുകൾക്ക് അനസ്യൂതം അർത്ഥവ്യത്യാസങ്ങൾ വന്നും പോയും ഇരിക്കുകയും ചെയ്യുന്ന ആംഗല ഭാഷയിൽ രണ്ടുശതകൾക്കു മുൻപു രചിച്ച കൃതികളുടെ പുതുമയും പ്രസക്തിയും കാല, ദേശ, രുചി വ്യത്യാസങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് രണ്ടു ശതകങ്ങൾക്കു ശേഷവും ഇന്നും പ്രഭചൊരിഞ്ഞു പ്രസരിച്ചു നിൽക്കുന്നു എന്നതിലാണ് ജെയിൻ രചനകളുടെ മഹാത്മ്യം.

ജെയിൻ ഓസ്റ്റിൻറെ തൂലികാചലനത്തിൽ മനുഷ്യരാശിക്കു കൈവന്നത് ആറു മികവാർന്ന നോവലുകളാണ് -Sense and Sensibility (1811), Pride and Prejudice (1813), Mansfield Park (1814), Emma (1815) – എന്നീ രചനകൾ ഹ്രസ്വമായ ജീവിതകാലത്ത്‌ പ്രസിദ്ധീകരിക്കപ്പെട്ടു. Persuasion, Northanger Abbey എന്നീ രചനകൾ മരണശേഷം (1817) പ്രസിദ്ധീകൃതമായി. Sandition എന്നൊരു രചന പൂർത്തിയാക്കാതെയാണ് വിടപറഞ്ഞത്. സ്വകാര്യക്കത്തുകളുടെ നല്ലൊരു ശേഖരവും ശേഷിപ്പിച്ചിരുന്നു. കൗമാരത്തിലേക്കു കാലുകുത്തുന്നതിനുമുമ്പുതന്നെ, സ്വയം രസിക്കുന്നതിനും സ്വന്തക്കാരെ സന്തോഷിപ്പിക്കുന്നതിനുമായി തൂലിക ചലിപ്പിച്ചു തുടങ്ങിയിരുന്ന ജയിൻ യൗവ്വനാന്ത്യത്തോടെ ആരാധകരെ അല്ലലിലാക്കി അകന്നുപോയി.

പ്രണയത്തെ പ്രണവമാക്കിയ, മലയാളത്തിൻറെ മഹാകവിയായായ ചങ്ങമ്പുഴയെപ്പോലെ നന്നേ ചെറുപ്പത്തിൽ ലോകത്തോട് വിടപറഞ്ഞ എഴുത്തുകാരിയാണ് ജയിൻ ഓസ്റ്റിൻ. ചങ്ങമ്പുഴ, മുപ്പത്തിഏഴാമത്തെ വയസ്സിൽ രാജേഷ്‌മാവിനടിമപ്പെട്ടു യാത്രയായപ്പോൾ ഓസ്റ്റിൻ നാല്പത്തിയൊന്നാമത്തെ വയസ്സിൽ അഡിസൺസ് രോഗം പിടിപെട്ടു വിടപറഞ്ഞു. ഇരുവരുടെയും അകാലചരമം സാഹിത്യത്തിനും സാഹിത്യകുതുകികൾക്കും ഇടയാക്കിയ നഷ്ടം പറയാവതല്ല!

പതിനെട്ടാം നൂറ്റാണ്ടിൻറെ അന്ത്യപാദത്തിൽ പാട്ടവരുമാനംകൊണ്ട് സുഖലോലുപരായി ജീവിച്ചിരുന്ന ഭൂസ്വാമികളെ പരോക്ഷമായി വിമർശിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിൽ ഓസ്റ്റിൻ അഭിരമിച്ചിരുന്നു. സമകാലിക സ്ത്രീജനങ്ങളുടെ ജീവിതത്തിന് സാമുദായികവും സാമ്പത്തികവുമായ സുരക്ഷിതത്വം കൈവരുന്നതിൽ വിവാഹത്തിനുള്ള പ്രാധാന്യം ഓസ്റ്റിൻറെ നോവലുകളുടെ മുഖ്യവിഷയമായിരുന്നു.

സമീപ കാലം വരെ കേരളത്തിലെന്നല്ല, ഇന്ത്യയിൽ ആകമാനം സ്ത്രീകളുടെ ഗതി ഓസ്‌റ്റിന്റെ പതിനെട്ടാം നൂറ്റാണ്ടിലെ സ്ത്രീകളിൽ നിന്നും വ്യത്യസ്തമായിരുന്നില്ലല്ലോ!

സമുദായത്തിലെ സാമൂഹ്യ, സാംസ്‌ക്കാരിക, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളെ ഉയർത്തിക്കാട്ടിയും, വിശദീകരിച്ചും, വിമർശിച്ചും ജനങ്ങളുടെ ശ്രദ്ധയെ ആകർഷിച്ചുകൊണ്ട് സമുദായത്തിൽ മാറ്റമുണ്ടാക്കാൻ ഓസ്റ്റിൻ ഉറ്റുശമിച്ചു. അവരുടെ സാമൂഹ്യ വിമർശനവും, യാഥാതഥ വിവരണങ്ങളും, നർമ്മോക്തികളും, വ്യാജോക്തികളും സാധാരണക്കാരെയും വിദ്യാസമ്പന്നരെയും വിമർശക വീരന്മാരെയും ഒന്നുപോലെ ആകർഷിച്ചു! അത്ഭുതപ്പെടുത്തി!! സാധാരണക്കാരൻറെ ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളാണല്ലൊ സാമൂഹ്യ നോവലുകളിലെ പ്രമേയം? ഓസ്‌റ്റിന്റെ രചനകളിലെല്ലാം തന്നെ പതിനെട്ടാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയിലെ ഇടത്തരക്കാരായ ഇംഗ്ലീഷ്‌ ജനതയുടെ ജീവിതത്തെ യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നു! അതിൻറെ സ്വാധീനം പത്തൊൻപതാം നൂറ്റാണ്ടിലേക്കു പടർന്നതും നമുക്ക് പ്രകടമായി ദർശിക്കാൻ കഴിയും.

അനേകം നാടകങ്ങളുടെ അനുരൂപീകരണത്തിന് ഓസ്റ്റിൻറെ രചനകൾ ഭൂമികയായിട്ടുണ്ട്. എഴുത്തുകാരനെയും വായനക്കാരനെയും ഒന്നുപോലെ പ്രോത്സാഹിപ്പിക്കാൻ പോരുന്നവയാണ്. ഓസ്റ്റിൻറെ മേധാശക്തിയും, നർമ്മോക്തികളും, തുളച്ചു കയറുന്ന സമുദായ നിരീക്ഷണങ്ങളും. നല്ല പ്രായത്തിൽ ലോകത്തോടുള്ള ലോഹ്യം ലോപിച്ചു പിരിഞ്ഞു പോയെങ്കിലും ഓസ്റ്റിനെ പിരിഞ്ഞിരിക്കാൻ മനസ്സില്ലാത്ത ആരാധകർ എന്തെല്ലാം? ഏതെല്ലാം? വിധത്തിലാണ് അവരെ അനുകരിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതെന്നു നോക്കുക!

1870 -ൽ ഓസ്റ്റിന്റെ സഹോദര പുത്രൻ അവരെപ്പറ്റിയുള്ള ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു. 1940 – ൽ എം.ജി.എം. സിനിമാക്കമ്പനി ‘പ്രൈഡ് ആൻഡ് പ്രിജുഡീസ്’ അഭ്രപാളികളിൽ പകർത്തി. 1995 -ൽ- ബി ബി സി ടെലിവിഷൻ പ്രേക്ഷകരെ പ്രീതിപ്പെടുത്തിക്കൊണ്ട് ‘പ്രൈഡ് ആൻഡ് പ്രിജുഡീസ്’ പ്രക്ഷേപണം നടത്തി. 2013 – ൽ ബ്രിട്ടീഷ് സർക്കാർ ഓസ്റ്റിൻറെ വിഖ്യാതമായ ആറു നോവലുകലെ ആഘോഷിച്ചുകൊണ്ട് ആറ് തപാൽ സ്റ്റാമ്പുകൾ മുദ്രണം ചെയ്യുകയുണ്ടായി. ജെയിൻ ഓസ്റ്റിൻറെ ഇരുന്നൂറാം ചരമ വാർഷിക സ്മരണക്കായി 2017-ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 10 പൗണ്ടിൻറെ കറൻസി നോട്ടിറക്കി ആദരിച്ചു. കാഴ്ചക്കുറവുള്ളവർക്ക്, വിരലോടിച്ചു വിലയറിയുവാൻ സാധ്യമാകുന്ന വിധത്തിലായിരുന്നു ഓസ്‌റ്റിന്റെ മുഖച്ഛായ മുദ്രണം ചെയ്‌ത നോട്ടുകൾ രൂപകല്പന ചെയ്തിരുന്നത്. ഇരുന്നൂറാം ചരമ വാർഷികത്തിൽ ജെയിൻറെ പൂർണ്ണകായ പ്രതിമ അവരുടെ ജന്മത്താൽ അനുഗ്രഹീതമായ ഹാംപ്‌ഷയർ നഗരത്തിൻറെ നാൽക്കവലയിൽ സ്ഥാപിച്ചു. അങ്ങനെ എത്രയെത്ര അനുകരണങ്ങൾ! അനുരൂപീകരണങ്ങൾ! ആദരവുകൾ!

അനുകരണത്തിൽ അഗ്രഗണ്യരാണല്ലോ നമ്മൾ – മലയാളികൾ! അപ്പോൾ, മലയാളത്തിൻറെ മണമൂറുന്ന അനുകരണത്തെ പരാമർശിക്കാതെ പോകുന്നത് ശരിയാവില്ല, മമ്മൂട്ടി, ഐശ്വര്യ റോയ്, അബു, അജിത് കുമാർ, അബ്ബാസ് എന്നീ താരങ്ങളെ അണിനിറുത്തി, രാജീവ് മേനോൻ, രണ്ടായിരാമാണ്ടിൽ അതിമനോഹരമായ ഒരു തമിഴ് റൊമാൻറിക് കോമടിപ്പടം-“കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ” എന്ന പേരിൽ റിലീസ് ചെയ്യുകയുണ്ടായി. അന്താരാഷ്‌ട്ര ആസ്വാദകർക്കായി ‘I Have Found It’ എന്ന പേരിൽ അതിൻറെ ഇംഗ്ലീഷ് ഭാഷാന്തരവും ഇറങ്ങിയിട്ടുണ്ട്. ഇതിൻറെ തെലുഗു ഭാഷാന്തരമാണ് ‘പ്രിയരുലൂ പിലിച്ചിണ്ടി.’ ജെയിൻ ഓസ്റ്റിന്റെ ‘Sense and Sensibility’ യുടെ അനുരൂപീകരണമാണ് ‘കണ്ടുകൊണ്ടേൻ! കണ്ടുകൊണ്ടേൻ!’

അത്ഭുതമെന്നു പറയണം! പ്രണയത്തെയും വിവാഹത്തെയും തൻറെ കൃതികളിലെല്ലാം ലോഭമില്ലാതെ താലോലിച്ച ജെയിൻ ഒരിക്കലും വിവാഹിതയായിരുന്നില്ല! ടോം ലാഫ്‌റോയ് എന്ന ഒരു ബാരിസ്റ്ററുമായി പത്തൊൻപതാം വയസിൽ മൊട്ടിട്ട പ്രണയം പുഷ്പ്പിക്കാതെ പൊലിഞ്ഞുപോയത്രെ!

Leave a Comment

More News